- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്രം ഉദ്ഘാടനത്തിന്റെ ചടങ്ങിലേക്കുള്ള ക്ഷണം യെച്ചൂരി നിരസിച്ചത് കേരളത്തിൽ മാത്രം ലോക്‌സഭാ സീറ്റ് പ്രതീക്ഷിക്കുന്ന സിപിഎമ്മിന് ആശ്വാസമാകും; പെട്ടത് കേരളത്തിലെ കോൺഗ്രസുകാർ; ഹിന്ദി ബെൽറ്റിലെ വോട്ടുബാങ്കിനായി ക്ഷണം സ്വീകരിച്ചു; കേരളത്തിലെ ന്യൂനപക്ഷ വോട്ടുബാങ്കിൽ തിരിച്ചടിയാകുമോ എന്ന് ഭയം
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു കഴിഞ്ഞു. ഇതോടെ കേരളത്തിലെ രാഷ്ട്രീയവിഷയമായി രാമക്ഷേത്രവും മാറാനുള്ള അവസരം ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രം തുറക്കുക. ഇത് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ദേശീയ രാഷ്ട്രീത്തിലെ പ്രധാന പാർട്ടിയെന്ന നിലയിൽ ഹിന്ദി ബെൽറ്റിലെ ജനവികാരം കണക്കിലെടുത്ത് കോൺഗ്രസ് ക്ഷണം സ്വീകരിച്ചു കഴിഞ്ഞു. സോണിയ ഗാന്ധിക്കും ഖാർഗെയ്ക്കും അടക്കം ക്ഷണം ലഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ അടങ്ങിയ പ്രതിനിധി സംഘത്തെ അയക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാക്കൾ രാമക്ഷേത്രത്തിൽ പങ്കെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിനാണ് തിരിച്ചടിയാകുക.
കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കൂട്ടത്തോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാറുണ്ട്. കാലങ്ങളായി കാണുന്ന പ്രവണതയാണ് ഇത്. എന്നാൽ, രാമക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുകയും സിപിഎം നേതാക്കൾ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് ഇവിടെ ഗുണം ചെയ്യുക സിപിഎമ്മിന് തന്നെയാകും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺ്ഗ്ര്‌സ് പങ്കെടുത്തത് ചൂണ്ടിക്കാട്ടി സിപിഎം പ്രചരണം നടത്തുമെന്നത് ഉറപ്പാണ്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണമാകാനും ഇടയാക്കിയേക്കും.
2024 ജനുവരി 22നാണു പ്രതിഷ്ഠാ ചടങ്ങ്. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണു നേതാക്കളെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. കേരളത്തിൽനിന്നു നടൻ മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ട്. ഇവരിൽ മോഹൻലാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.വിവിധ മേഖലകളിലെ പ്രശസ്തർക്കാണു ചടങ്ങിലേക്കു ക്ഷണം. സിനിമാ രംഗത്തുനിന്ന് അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, റിഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ , വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.
മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനെയും ക്ഷണിച്ചിട്ടുണ്ട്. എച്ച്.ഡി. ദേവഗൗഡ, രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീൽ, ഡി. രാജ, അരവിന്ദ് കെജ്രിവാൾ, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെയും ക്ഷണിക്കുമെന്നാണ് വിവരം. ഉദ്ഘാടനച്ചടങ്ങിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്. സർസംഘചാലക് ഡോ. മോഹൻ ഭഗവത്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിനെത്തുന്ന എണ്ണായിരംപേരെ അഭിസംബോധനചെയ്യും.
അതേസമയം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും ക്ഷണമില്ല. ഉദ്ഘാടനത്തിനുശേഷം ക്ഷേത്രസന്ദർശനത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് നിശ്ചിതദിവസം അനുവദിക്കും. വിശ്വാസികൾക്കൊപ്പം മുഖ്യമന്ത്രിമാരെയും അപ്പോൾ ക്ഷണിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന ബിജെപിക്ക് പ്രധാന പ്രചാരണ വിഷയമാക്കാൻ അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം. അയോദ്ധ്യയിൽ പുത്തൻ എയർപോർട്ടും റെയിൽവേ സ്റ്റേഷനും അടക്കം ഒരുങ്ങിയിട്ടുണ്ട്. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യമാകെ ചർച്ചയാവുന്ന മഹാസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും.
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും ആഘോഷ പരിപാടികളായിരിക്കും ഉദ്ഘാടന ചടങ്ങിൽ ഉണ്ടാവുക. ശ്രീരാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് വമ്പൻ വികസന പദ്ധതികളാണ് അയോദ്ധ്യയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അവിടെ പുത്തൻ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ സജ്ജമാക്കി കഴിഞ്ഞു. ശ്രീരാമ രാജ്യാന്തര വിമാനത്താവളത്തിൽ ട്രയൽ റൺ തുടങ്ങി. വ്യോമസേനാ വിമാനമാണ് ട്രയൽ റൺ നടത്തിയത്. 350 കോടി മുടക്കിയാണ് വിമാനത്താവളം വികസിപ്പിച്ചത്.
അയോദ്ധ്യ വിമാനത്താവളം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാക്കി മാറ്റാനാണ് കേന്ദ്രപദ്ധതി. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവിടേക്ക് സർവീസുകളുണ്ടാവും. തീർത്ഥാടകരുടെ പ്രവാഹമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ചെലവിൽ വിമാനയാത്ര സാദ്ധ്യമാക്കുന്ന ഉഡാൻ സർവീസുകളും അയോദ്ധ്യയിലേക്ക് രാജ്യമാകെ നിന്ന് ആരംഭിക്കും.
ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി അയോദ്ധ്യ നഗരത്തിൽ ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടുള്ള വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ അനായാസം വോട്ടു നേടാൻ രാമക്ഷേത്രത്തിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അതേസമയം മധ്യപ്രദേശിൽ അടക്കം കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനമായിരുന്നു സ്വീകരിച്ചത്. ഹിന്ദി മേഖലയിൽ വൈകാരിക വിഷയമായ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നേതാക്കൾ തയ്യാറാകും. ഇത് പക്ഷേ കേരളത്തിലാണ് കോൺഗ്രസിനി തിരിച്ചടിയാകുക എന്നതാണ് ആശങ്കാജനകമായ കാര്യം.




