തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടനത്തിനായി ലഭിച്ച ക്ഷണം കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കി. ഉദ്ഘാടന ചടങ്ങിലേക്ക് ദേശീയനേതൃത്വത്തിന് ലഭിച്ച ക്ഷണം തള്ളാതെ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതോടെ ശരിക്കും വെട്ടത് കേരളത്തിലെ കോൺഗ്രസുകാരാണ്. ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയം ഉയർന്നത് കോൺഗ്രസിനെ തകർത്തു കളയാൻ പോന്ന വജ്രായുധമാണെന്ന് നേതാക്കൾക്ക് ബോധ്യമുണ്ട്. എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ വികാരവും നേതാക്കളുടെ ആവശ്യവും കണക്കിലെടുത്ത് ക്ഷണം തള്ളാനും സാധിക്കാത്ത അവസ്ഥയിലാണ് ഹൈക്കമാൻഡ്. ഇതോടെ ഹൈകമാൻഡ് നിലപാടിലെ ആശയക്കുഴപ്പവും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.

ക്ഷണം കിട്ടിയതിന് പിന്നാലെ പങ്കെടുക്കാനില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കിയതോടെയാണ് കെപിസിസി പ്രതിരോധത്തിലായത്. കോൺഗ്രസ് പങ്കെടുത്താൽ ഈ വിഷയം ചൂണ്ടിക്കട്ടി വൻ പ്രചരണമാകും ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നടത്തുക എന്നത് ഉറപ്പാണ്. സമസ്ത അടക്കം കോൺഗ്രസിന് മുന്നറിയുപ്പുമായി എത്തിക്കഴിഞ്ഞു. ഇതോടെ കോൺഗ്രസ് വിഷയത്തിൽ നിലപാടില്ലാത്ത അവസ്ഥയിലാണ്.

'ബിജെപി അജണ്ടയിൽ വീഴരുതെന്ന്' പരസ്യമായി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കൂടി രംഗത്തെത്തിയോടെ കോൺഗ്രസിനു മേൽ സമ്മർദം കനപ്പെടുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വിശേഷിച്ചും. രാമക്ഷേത്ര വിഷയത്തിൽ സംസ്ഥാനത്ത് തങ്ങൾ അകപ്പെട്ട രാഷ്ട്രീയക്കുരുക്ക് ചൂണ്ടിക്കാട്ടിയും ആശങ്ക നിരത്തിയും മുതിർന്ന നേതാക്കൾ ഹൈകമാൻഡിനെ സമീപിച്ചിട്ടുണ്ട്. അനുകൂല സമീപനമാണ് കെപിസിസി പ്രതീക്ഷിക്കുന്നതും.

ഇതിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് നേതാക്കൾ. 'യഥാസമയം കൃത്യമായ മറുപടി കിട്ടുമെന്ന' പ്രതികരണമാണ് കെ.സി. വേണുഗോപാലിൽനിന്നുണ്ടായത്. പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ താനില്ലെന്ന് കൂട്ടിച്ചേർത്ത് അദ്ദേഹം വേഗം പിന്മാറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൃത്യമായ മറുപടിയില്ല. 'തനിക്കറിയില്ല, താനീ വിവരം അറിഞ്ഞിട്ടില്ല. ദേശീയ തലത്തിലാണ് അതിനെക്കുറിച്ച് തീരുമാനം പറയേണ്ടതെന്ന്' സതീശനും പറഞ്ഞൊഴിഞ്ഞു. രണ്ടിനും സാധ്യത കൽപിക്കും വിധമായിരുന്നു എ.ഐ.സി.സി അംഗം കൂടിയായ ശശി തരൂരിന്റെ പ്രതികരണം. ''പാർട്ടിയിൽ നാലഞ്ചുപേരെയേ ക്ഷണിച്ചിട്ടുള്ളൂ. ക്ഷണിച്ചവർക്കേ പോകാനാകൂ. ആർക്കാണ് ക്ഷണം കിട്ടിയത് അവർ തീരുമാനിക്കട്ടെ. തനിക്ക് ക്ഷണം കിട്ടിയിട്ടില്ല.'' തരൂരിന്റെ വാക്കുകളിലും ആശയക്കുഴപ്പം പ്രകടം.

രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഉൾപ്പെടെ എല്ലാം ബിജെപി. പ്രചാരണായുധമാക്കി. ബിജെപി.യുടെ രാഷ്ട്രീയകളിയാണ് ഇത്. വാഗ്ദാനം ചെയ്തപോലെ യുവാക്കൾക്ക് ജോലിയുണ്ടോ എന്നാണ് കേന്ദ്രസർക്കാർ ചിന്തിക്കേണ്ടത്. ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെട്ടോ എന്നും ചിന്തിക്കണം. തന്റെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാർത്ഥിയായാൽ ജനം തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു.

സമസ്ത പോലൊരു സംഘടന നൽകിയ മുന്നറിയിപ്പും കോൺഗ്രസിന് അവഗണിക്കാൻ സാധിക്കില്ല. ഉദ്ഘാടന പരിപാടിക്കായി ലഭിച്ച ക്ഷണം ഉടനടി നിരസിച്ച സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആർജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്നാണ് സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗം പറയുന്നത്.

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയിൽ നടക്കുന്നതെന്ന തിരിച്ചറിവ് സിപിഎം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവർക്കുണ്ട്. അതുകൊണ്ടാണ് രാമജന്മഭൂമി തീർത്ഥട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടൻ, ക്ഷേ ത്രോദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് തലയുയർത്തി പറയാൻ യെച്ചൂരിക്കു ത്രാണി ഉണ്ടായത്. ആ ആർജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉൾപ്പെടെയുള്ളവരിൽനിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്' - സുപ്രഭാതം മുഖപ്രസംഗത്തിലൂടെ സമസ്ത വ്യക്തമാക്കി.

അതേസമയം ഇന്ത്യാ മുന്നണയിൽ നിന്നും കോൺഗ്രസിന് മേൽ സമ്മർദ്ദമുണ്ട്. അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിനെതിരെ ഇന്ത്യ മുന്നണിയിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസിക്ക് പുറമെ മറ്റു ചില സംസ്ഥാന നേതൃത്വങ്ങളും പങ്കെടുക്കരുതെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യ മുന്നണിയിൽ ആദ്യം നിലപാട് വ്യക്തമാക്കിയത് ഇടത് പാർട്ടികൾ ആണ്. മതപരമായ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോയും സിപിഐയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആർ.ജെ.ഡി തീരുമാനം ലാലു പ്രസാദ് യാദവും ജെഡിയു നിലപാട് നിതീഷ് കുമാറും തൃണമൂൽ കോൺഗ്രസ് നിലപാട് മമത ബാനർജിയും വ്യക്തമാക്കിയത്. എൻ.സി.പി നേതാവ് ശരദ് പവാറിന് ഇത് വരെ ക്ഷണം ലഭിച്ചിട്ടില്ല. സമാജ്വാദി പാർട്ടിയേ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ബിജെപി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ആണ് സോണിയാ ഗാന്ധി, മന്മോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ലഭിച്ച ക്ഷണത്തെ കോൺഗ്രസ് അനുഭാവപൂർവം പരിഗണിക്കുന്നത്. ഈ നിലപാട് അംഗീകരിക്കാൻ ഇന്ത്യ മുന്നണിയിലെ മിക്ക പാർട്ടികൾക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണം എന്നാണ് സഖ്യ കക്ഷികളുടെ നിലപാട്. പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തിൽ സമാന ആവശ്യം ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുന്നുണ്ട്.

നേരത്തെ സോണിയാ ഗാന്ധിയോ പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പൊൾ മൗനം പാലിക്കുകയാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കമാണ് അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനം. ഇതിനെ സീതാ തീർത്ഥാടന പദ്ധതികൾ കൊണ്ട് മറികടക്കാൻ ആണ് നിതീഷ് കുമാർ ശ്രമിക്കുന്നത്. രാമന്റെ ജന്മഭൂമിയായി ഉത്തർപ്രദേശിനെ കരുതുന്ന പോലെ സീതയുടെ ജന്മഭൂമിയായി കരുതുന്നത് ബിഹാറിനെയാണ്. സീത ക്ഷേത്ര പുനരുദ്ധാരണത്തിനും ആത്മീയ ടൂറിസം പദ്ധതികൾക്കുമായി 70 കോടി രൂപയാണ് ബിഹാർ സർക്കാർ വകയിരുത്തിയിരിക്കുന്നത്.