ഹൈദരാബാദ്: തെലുങ്കാന കോൺഗ്രസ് പിടിക്കുന്നു. ഇതിന് മുന്നിൽ നിന്നത് പഴയ സംഘപരിവാർ കാരനും. എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ രേവന്ത് റെഡ്ഡി തെലുങ്കാനയിൽ കോൺഗ്രസിന്റെ രക്ഷകനാകുന്നു. എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. 2004ൽ ടിഡിപിയിൽ ചേർന്നു. തെലങ്കാന നിയമസഭയിൽ ടിഡിപിയുടെ കക്ഷി നേതാവായിരുന്ന രേവന്ത് കോൺഗ്രസിലേക്ക് ചേക്കാറാൻ സാധ്യയുണ്ടെന്നു മനസ്സിലാക്കി 2017 ഒക്ടോബറിൽ തൽസ്ഥാനത്തു നിന്നും നീക്കി. 2018 സെപ്റ്റംബറിൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ മുഖമായി. അതിവേഗം ജനങ്ങളിലേക്ക് പടർന്നു പിടിച്ച് രേവന്ത് അധികാരം നേടി. ഇത് കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ മറ്റൊരു വിജയമായി. പ്രാദേശിക നേതൃത്വം ശക്തമായാൽ മാത്രമേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത്ഭുതം കാട്ടാനാകുമെന്നതിന് തെളിവ്.

ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തിദുർഗ്ഗമായിരുന്നു ഈ മേഖല. ആന്ധ്രയിൽ കോൺഗ്രസിന്റെ മുഖമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അകാലത്തിലുള്ള മരണമാണ് ആദ്യ പ്രഹരമായി വന്നത്. പാർട്ടിയിലെ എതിർപ്പുകളെ മറികടന്ന് പിന്നാലെ സംസ്ഥാനത്തെ വിഭജിക്കാൻ തീരുമാനമെടുത്തതോടുകൂടി കോൺഗ്രസ് പിന്നിലായി. ചന്ദ്രശേഖർ റാവു തെലുങ്കാനയിലെ നേതാവായി. ഐക്യ ആന്ധ്രയ്ക്കായി നിലകൊണ്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി തെലങ്കാന രൂപീകരണത്തെ ശക്തിയുക്തം എതിർത്തിരുന്നു. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ആന്ധ്ര വിഭജനം നടക്കുമായിരുന്നില്ല. ഇത് മനസ്സിൽ വച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ ഇടപെടലുകൾ. സോണിയാ ഗാന്ധിയെ ഇറക്കി സ്ത്രീ പക്ഷ വോട്ടുകൾ പിടിച്ചു. ഇതിനൊപ്പം തെലുങ്കാനയുടെ അവകാശികൾ കോൺഗ്രസാണെന്നും സ്ഥാപിച്ചു.

തെലങ്കാനയിൽ ആറിന വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തുവന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. മഹാലക്ഷ്മി സ്‌കീമിന്റെ കീഴിൽ സ്ത്രീകൾക്ക് മാസം 2,500 രൂപവീതം ധനസഹായം നസൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. തെലങ്കാന സ്റ്റേറ്റ് ആർടിസിയിലെ ബസുകളിൽ സംസ്ഥാനമൊട്ടാകെ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നൽകും. കർഷകർക്ക് പ്രതിവർഷം 15,000 രൂപവീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും ധനസഹായം നൽകുമെന്നും സോണിയ പ്രഖ്യാപിച്ചു. ഇതിന് പിന്നിൽ പൾസ് അറിഞ്ഞുള്ള രേവന്ത് റെഡ്ഡിയുടെ നീക്കമായിരുന്നു. സ്ത്രീകൾക്കൊപ്പം കർഷകരേയും ചേർത്തു നിർത്തി. ഇതോടെ ഗ്രാമ മേഖലയിലെ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി.

1980കളിൽ വിദ്യാർത്ഥിയായിരിക്കെ എബിവിപി അംഗമായിരുന്നു റെഡ്ഡി. മത്സരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള അതൃപ്തിയിൽ 2005ൽ ബിജെപി വിട്ടു. തുടർന്ന് 2006-ൽ ജില്ലാ പരിഷത്ത് ടെറിട്ടോറിയൽ കമ്മിറ്റി അംഗമായി, 2008-ൽ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. രണ്ടുതവണയും സ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയായിരുന്നു. 2008ൽ ടിഡിപിയിൽ ചേർന്ന അദ്ദേഹം കൊടങ്ങൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2017ൽ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും തെലങ്കാനയുടെ ഭാഗമായതിന് ശേഷം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടങ്കൽ സീറ്റിൽ പരാജയപ്പെട്ടു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരിയിൽ നിന്ന് വിജയിച്ചു. ഇതോടെയാണ് നേതൃത്വം രേവന്തിലേക്ക് എത്തുന്നത്. തെലുങ്കാന വികാരം രേവന്ത് ആളിക്കത്തിച്ചു.

2009 ഡിസംബറിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരമാണ് തെലങ്കാന രൂപവത്കരണവുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രഖ്യാപനം നടത്തിയത്. ആന്ധ്രയെ വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതോടെ ആന്ധ്രയിലും റായൽസീമയിലും വ്യാപക പ്രതിഷേധമുയർന്നു. 2013 ജൂലായ് 30-ന് പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ വസതിയിൽ ചേർന്ന യു.പി.എ. യോഗത്തിലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തെലങ്കാന രൂപീകരണത്തിനുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഐക്യകണ്ഠ്യേന പാസായി.

ആന്ധ്രയെ വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനും പത്തുവർഷത്തേക്ക് ഹൈദരാബാദിനെ ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി നിലനിർത്താനുമായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം2014 മാർച്ച് ഒന്നാംതീയതി രാഷ്ട്രപതിയും ബിൽ പാസാക്കി. ഒടുവിൽ 2014 ജൂൺ രണ്ടാംതീയതി തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി നിലവിൽവന്നു. ആന്ധ്ര കൈവിട്ടാലും തെലങ്കാന ഒപ്പം നിൽക്കുമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് ചന്ദ്രശേഖർ റാവു പാലം വലിച്ചപ്പോൾ തകർന്നത്. ഈ തകർച്ചയെയാണ് 2023ൽ കോൺഗ്രസ് തെലുങ്കാനയിൽ അതിജീവിക്കുന്നത്.

തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയും മറ്റു നേതാക്കളും സമീപകാല പ്രസംഗങ്ങളിലെല്ലാം തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിൽ കോൺഗ്രസിന്റെ പങ്ക് പ്രധാന വിഷയമാക്കി. 119 അംഗ തെലങ്കാന നിയമസഭയിലേക്ക് 2018-ൽ നടന്ന തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് അധികാരം നിലനിർത്തിയത്. അവിടെ നിന്നാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മിന്നും വിജയം നേടുന്നത്.

ബിആർഎസിലെ റെഡ്ഡി സമുദായ നേതാക്കൾക്കിടയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു മാറ്റത്തിനുള്ള ആഗ്രഹം പ്രകടമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം തെലങ്കാനയിൽ കോൺഗ്രസിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ പൊളിറ്റിക്കൽ അനലിസ്റ്റായ കെ.ശ്രീനിവാസലു വ്യക്തമാക്കി.