ജയ്പുർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ആർഎസ്എസ് പരസ്യമായി രംഗത്തു വരുമ്പോൾ ഞെട്ടിത്തരിച്ച് ബിജെപി നേതൃത്വം. അഹങ്കാരികളെ ശ്രീരാമൻ 241-ൽ പിടിച്ചുകെട്ടിയെന്ന് ആർഎസ്എസ്. ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാർ പറഞ്ഞതിന് ദേശീയ മാധ്യമങ്ങൾ വലിയ പ്രധാന്യം നൽകുന്നുണ്ട്. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിനും താഴെ 240 സീറ്റ് മാത്രം നേടിയതിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആർഎസ്എസ്. സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. ഇതോടെ ബിജെപിയും ആർ എസ് എസും രണ്ടു വഴിയിലേക്ക് നീങ്ങുകയാണോ എന്ന അഭ്യൂഹങ്ങളും സജീവം. ഇതിനിടെ ബിജെപി ക്യാമ്പിലെ ആർ എസ് എസുകാർ പ്രശ്‌ന പരിഹാരത്തിന് സജീവമായിട്ടുണ്ട്.

ആർഎസ്എസ് നേതൃനിരയിലെ പ്രധാനിയാണ് ഇന്ദ്രേഷ് കുമാർ. 'ജനാധിപത്യത്തിൽ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവർ ക്രമേണെ അഹങ്കാരികളായി മാറി. ആ പാർട്ടി വളർന്ന് വലിയ പാർട്ടിയായി. എന്നാൽ അഹങ്കാരം കാരണം അവർക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിർത്തവർക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്', ഇന്ദ്രേഷ് കുമാർ തുടർന്നു. 'രാമനെ ആരാധിക്കുന്നവർ വിനയാന്വിതരായിരിക്കണം. രാമനെ എതിർക്കുന്നവരെ രാമൻതന്നെ കൈകാര്യം ചെയ്തുകൊള്ളും. രാമൻ ആരേയും കരയിക്കില്ല. രാമൻ എല്ലാവർക്കും നീതിനൽകും. രാമൻ ജനങ്ങളെ സംരക്ഷിക്കും. രാവണനുവരെ നല്ലത് മാത്രമാണ് അദ്ദേഹം ചെയ്തത്', ഇന്ദ്രേഷ് പറഞ്ഞു. ഇതിനൊപ്പം മോഹൻ ഭാഗവതിന്റെ വിമർശനവും കൂടിയാകുമ്പോൾ ബിജെപി-ആർഎസ് എസ് ബന്ധം വഷളാണെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

ജെപി നദ്ദയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. നദ്ദ നിലവിൽ കേന്ദ്രമന്ത്രിയുമാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണം. ഇതിൽ അടക്കം ആർഎസ്എസ് നിലപാട് എന്താകുമെന്ന ചർച്ച സജീവമാണ്. ആർഎസ്എസ് അഭിപ്രായം പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ഘട്ടത്തിൽ ആർ എസ് എസിനെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിലെ അകൽച്ച കൂടും. ഈ വർഷം മഹരാഷ്ട്രയിൽ തിരഞ്ഞെടുപ്പുണ്ട്. ഇതിൽ ആർഎസ്എസ് നിലപാട് നിർണ്ണായകമാകും. യഥാർഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവർത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ആർ എസ് എസുമായി ബന്ധം മെച്ചപ്പെടുത്താൻ കഴിയുന്ന വ്യക്തിയെ ദേശീയ അധ്യക്ഷനാക്കണമെന്ന ചിന്തയും പരിവാർ പ്രസ്ഥാനങ്ങളിൽ സജീവമാണ്.

ബിജെപി. വളർന്നുവെന്നും ഇനി ആർ.എസ്.എസിന്റെ പിന്തുണ അനിവാര്യമല്ലെന്നും ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ അവകാശപ്പെട്ടതോടെയാണ് ആർഎസ്എസ്-ബിജെപി ബന്ധം വഷളാകുന്നത്. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമർശം. ബിജെപിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തിൽ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പോലും ബിജെപി തോറ്റു. സംഘപരിവാർ ശക്തിയുള്ള യുപിയിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിന് പിന്നാലെയാണ് ബിജെപിയെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ ആർഎസ്എസ് നേതാക്കൾ നടത്തിയതും.

'തുടക്കത്തിൽ, ഞങ്ങൾക്ക് ശക്തി കുറവായിരുന്നു.അന്ന് ആർ.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു.ബിജെപി ഇന്ന് സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം'. നദ്ദ പറഞ്ഞത് ഇങ്ങനെയാണ്. ബിജെപിക്ക് ഇപ്പോൾ ആർഎസ്എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാർട്ടി വളർന്നു, എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർഎസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്... ആർഎസ്എസ് പ്രത്യയശാസ്ത്ര മുന്നണിയാണ്. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.'-ഇതാണ് നദ്ദ പറഞ്ഞത്.

നദ്ദക്ക് മറുപടിയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ അന്നു തന്നെ രംഗത്തെത്തി. ആർ.എസ്.എസിനെ ബിജെപി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് താക്കറെ കളിയാക്കിയിരുന്നു. ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കുമെന്നായിരുന്നു താക്കറെ പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏകാധിപത്യമനോഭാവ'മാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമിയും പ്രതികരിച്ചിരുന്നു.