- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം മുൻ എംഎൽഎയുടെ ഇനിയുള്ള നീക്കം നിർണ്ണായകം
മൂന്നാർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം നിലപാട് മാറ്റി. മുൻ എംഎൽഎ. എസ്.രാജേന്ദ്രനെതിരെ സിപിഎം നടപടി എടുത്തേക്കും. രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രനെ ബിജെപിയിൽ എത്തിക്കാൻ ചരടുവലികൾ നടന്നിരുന്നു. എന്നാൽ അനുനയത്തിൽ സിപിഎം ഇടപെട്ടതു കൊണ്ട് ആ നീക്കത്തിന് ഒപ്പം രാജേന്ദ്രൻ നിന്നില്ല. എന്നാൽ ്‌വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം നിലപാട് മാറ്റുകയാണ്.
രാജേന്ദ്രൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എ.രാജായ്‌ക്കെതിരേ രാജേന്ദ്രൻ പ്രവർത്തിച്ചെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരുവർഷത്തേക്ക് സസ്‌പെൻഡുചെയ്തത്. അച്ചടക്കം ഇപ്പോഴും രാജേന്ദ്രൻ ലംഘിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്. ബിജെപിക്കൊപ്പം കോൺഗ്രസും രാജേന്ദ്രനെ കൂടെ കൂട്ടാൻ നീക്കം നടത്തുന്നുണ്ട്. ദേവികുളത്തെ തമിഴ് ജനതയ്ക്കിടയിൽ രാജേന്ദ്രനുള്ള സ്വാധീനമാണ് ഇതിന് കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി നേതാക്കൾ രാജേന്ദ്രനെ സന്ദർശിച്ചിരുന്നു. ഇതെല്ലാം സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുതിയ നിലപാട് പ്രഖ്യാപനം സിപിഎം നടത്തുന്നത്.
സസ്‌പെൻഷൻ കാലാവധിക്കുശേഷം അംഗത്വം പുതുക്കുന്നതിനായി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ രാജേന്ദ്രനോട് അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ച് അദ്ദേഹം കൺവെൻഷനിൽ പങ്കെടുത്തു. തുടർന്നും പ്രചാരണപരിപാടികളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പിന്നീട് ബിജെപി. നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങളിൽ വാർത്ത വന്നു. സമീപകാലത്തായി രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിവരുകയാണ്. രാജേന്ദ്രനെ അനുകൂലിക്കുന്നവരെ പാർട്ടി അടിച്ചൊതുക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്-സിപിഎം പറയുന്നു.
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെയാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. ഇരുകൂട്ടർക്കുമെതിരേ പൊലീസ് കേസുണ്ട്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഏരിയാ സെക്രട്ടറി കെ.കെ.വിജയൻ, എം.ലക്ഷ്മണൻ, ആർ.ഈശ്വരൻ എന്നിവർ വിശദീകരിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് രാജേന്ദ്രനെതിരെ പ്രാദേശിക നേതൃത്വം നിലപാട് പറയുന്നത്. രാജേന്ദ്രനും സിപിഎമ്മും തമ്മിലെ ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യത. രാജേന്ദ്രന്റെ ഇനിയുള്ള നീക്കവും അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. തനിക്കൊപ്പം നിൽക്കുന്നവരെ സിപിഎം അടിച്ചൊതുക്കുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. മൂന്നിടങ്ങളിൽ തന്നെ അനുകൂലിക്കുന്നവരെ മർദിച്ചെന്നും രാജേന്ദ്രൻ രണ്ടു ദിവസം മുമ്പ് വിമർശനം ഉന്നയിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണം. കൊരട്ടികാട്ടിൽ 17കാരിക്ക് മർദനമേറ്റതും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിലാണ്. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശിയുടെ അറിവോടെയാണ് ആക്രമണങ്ങളെന്നും രാജേന്ദ്രൻ ആരോപിച്ചു. ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സിപിഎം നേതാവായ എസ്. രാജേന്ദ്രനെ ബിജെപി നേതാക്കൾ രണ്ടു ദിവസം മുമ്പും സന്ദർശിച്ചിരുന്നു. ബിജെപി സംസ്ഥാന വൈ. പ്രസിഡന്റ് ജെ. പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എൻ. ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാറിലെ വീട്ടിലെത്തി രാജേന്ദ്രനെ കണ്ടത്.
രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് ബിജെപി നേതാക്കൾ മൂന്നാറിൽ എത്തിയതെന്ന് പറയുന്നുവെങ്കിലും ലക്ഷ്യം രാജേന്ദ്രനെ ചാക്കിട്ടുപിടിക്കലാണ്. എന്നാൽ, ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. മാർച്ചിൽ ബിജെപി നേതാക്കൾ രാജേന്ദ്രന്റെ മൂന്നാറിലെ വസതിയിൽ എത്തുകയും മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ് നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് എം.എം. മണി എംഎൽഎ അടക്കമുള്ള നേതാക്കൾ രാജേന്ദ്രനെ നേരിൽ കണ്ട് അനുനയിപ്പിക്കുകയും എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
തൊട്ടുടനെയാണ് ആരുമറിയാതെ ഡൽഹിയിൽ ചെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ രാജേന്ദ്രൻ കണ്ടത്. എന്നാൽ, ഇത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നും ബന്ധുവിന്റെ വിവാഹത്തിന് ക്ഷണിക്കാൻ പോയതാണെന്നുമായിരുന്നു രാജേന്ദ്രന്റെ വിശദീകരണം.