തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാസങ്ങൾക്ക് മുമ്പ് എത്തിയപ്പോൾ അപമാനിക്കപ്പെട്ടത് സാക്ഷാൽ ഭരണഘടനാ ശിൽപ്പിയായ ഡോ ബിആർ അംബേദ്കർ. ഭരണഘടനയുടെ അന്തസത്തയെയാണ് സജി ചെറിയാൻ കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു എന്നാണ് സജി ചെറിയാന്റെ വിമർശനം. ഇത് രാജ്യത്തിന് മതേതരത്വ ജനാധിപത്യം സോഷ്യലിസത്തിന്റെ മുഖം നൽകിയ അംബേദ്കറെ അധിക്ഷേപിക്കലാണ്. ഈ അർത്ഥത്തിലാണ് സജി ചെറിയാന്റെ വാക്കുകൾ ദുരന്തമായി മാറിയത്.

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.

അതേസമയം, പൊലീസ് റിപ്പോർട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു. കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഭരണ ഘടനയെ അല്ല ഭരണകൂടത്തെയാണ് വിമർശിച്ചതെന്ന് സജി ചെറിയാൻ പ്രതിരോധമുയർത്തുന്നു. അപ്പോഴും രാജ്യത്തിന്റെ മനസ്സ് അറിഞ്ഞ് ഭരണഘടന എഴുതി തയ്യാറാക്കിയ ശിൽപിയെ അപമാനിക്കുന്നു. കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാരമ്പര്യം പേറുന്ന ആരും ചെയ്യാത്തതാണ് സജി ചെറിയാൻ ചെയ്തത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭരണഘടനാ ശിൽപ്പിയാണ് അംബേദ്കർ. അധികാരത്തിന് പിറകെ പോകാതെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച അംബേദ്കർ. ആ അംബേദ്കറിന്റെ ഭരണഘടനയെ മുൻനിർത്തിയാണ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ അധികാരത്തിലെത്തിയത്. ഇനി തള്ളി പറഞ്ഞ അതേ ഭരണ ഘടനയെ വീണ്ടും അംഗീകരിച്ച് സജി ചെറിയാൻ മന്ത്രിയാകും. അതാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമ്പോഴുണ്ടാകൻ പോകുന്ന രാഷ്ട്രീയ കൗതുകം.

ഇന്ത്യയുടെ രാഷ്ട്രീയ മനസ് രൂപപ്പെടുത്തുന്നതിൽ ഡോ. ബി.ആർ. അംബേദ്കർ വഹിച്ച പങ്ക് സ്തുത്യർഹമാണ്. ഭരണഘടനയുടെ കരട് നിർമ്മാണകമ്മിറ്റിയുടെ ചെയർമാനായും ഇന്ത്യൻ ദലിത് വാദത്തിന്റെ പ്രയോക്താവായും അംബേദ്കറെ പരിമിതപ്പെടുത്താനുള്ള ശ്രമം എക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാമപ്പുറം ഇന്ത്യൻ വൈജ്ഞാനിക സമൂഹത്തിന്റെ ധിഷണാശാലിയായ നേതൃത്വമാകാൻ കുറഞ്ഞ സമയം കൊണ്ട് അംബേദ്കറിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലൊരു വ്യക്തിത്വത്തെയാണ് സജി ചെറിയാൻ വില കുറച്ച് വിമർശിച്ചത്. രാജ്യ സ്‌നേഹം മനസ്സിൽ സൂക്ഷിച്ച് എല്ലാവരേയും ഒരുമിപ്പിച്ച ദീർഘ വീക്ഷണത്തെയാണ് സജി ചെറിയാൻ വിമർശിച്ചത്.

മല്ലപ്പള്ളിയിൽ സജി ചെറിയാൻ പറഞ്ഞത് അതിരു കടന്ന തരത്തിലെ അംബേദ്കർ അപമാനിക്കലാണ്. 'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും' -ഇതാണ് സജി ചെറിയാന്റെ കളിയാക്കൽ.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അന്ന് സജി ചെറിയാൻ. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യൻ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണ്. അവർക്കെതിരെ എത്രപേർക്ക് സമരം ചെയ്യാൻ പറ്റും-ഇതിനെല്ലാം സജി ചെറിയാൻ കുറ്റം പറയുന്നത് അംബേദ്കർ എഴുതിയ ഭരണഘടനയെയാണ്.

കോടതിയും, പാർലമെന്റുമെല്ലാം മുതലാളിമാർക്കൊപ്പമാണ്. മുതലാളിമാർക്ക് അനുകൂലമായി മോദി സർക്കാരിനെ പോലുള്ളവർ തീരുമാനമെടുക്കുന്നതും പ്രവർത്തിക്കുന്നതും ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത് ഭരണകൂടം അവർക്ക് അനുകൂലമാവുന്നതുകൊണ്ടാണ്. തൊഴിൽ നിയമങ്ങൾ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതുകൊണ്ടാണ്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എന്നതൊക്കെ ഇല്ലാതായി.

ഇവർക്ക് ഈ ഭരണഘടന സംരക്ഷണം നൽകുന്നുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചിരുന്നു. ഇടതുപക്ഷ വിപ്ലവ ശ്രമങ്ങൾക്ക് ഭരണഘടന എതിരാണെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു.