കൊച്ചി: സിപിഎമ്മിന്റെ സമീപകാല രാഷ്ട്രീയ ഇടപെടലുകളും വിവാദമുണ്ടാക്കലും ബിജെപിക്ക് വേണ്ടിയാണോ എന്ന് സംശയിച്ച് കോൺഗ്രസ്. ബിജെപിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാനുള്ള ഗൂഡനീക്കം മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലുണ്ടോ എന്നാണ് സംശയം. കേരളത്തിൽ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുന്നത് ക്രൈസ്തവ വിഭാഗമാണ്. കേരളാ കോൺഗ്രസ് എം ഇടതുപക്ഷത്ത് എത്തിയതോടെ ഈ സമവാക്യം ചെറുതായി സിപിഎമ്മിനും അനുകൂലമായി. എന്നാൽ ക്രൈസ്തവർ ഇപ്പോൾ മാറി ചിന്തയിലാണ്. കോൺഗ്രസുമായി അടുക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ക്രൈസ്തവരെ ആകർഷിക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നീക്കങ്ങളുമായി എത്തിയത്. ഇതിനെയാണ് മന്ത്രി സജി ചെറിയാൻ വിമർശിക്കുന്നത്. എന്നാൽ ഫലത്തിൽ ഇത് ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ചില ബിഷപ്പുമാർക്ക് ബിജെപി. നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതാണ് കോൺഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. സിപിഎം. പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ ആർ. മുരളീധരൻ നായർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ചെറിയാൻ. സാധാരണ ബിഷപ്പുമാരേയും മറ്റും ആരും കളിയാക്കില്ല. പ്രധാനമന്ത്രിയെ കാണാൻ പോയത് ക്രിസ്മസ് ആഘോഷത്തിന്റെ പേരിലാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ബിഷപ്പുമാർ തന്നെ നിലപാട് എടുത്തിരുന്നു. ഇതിന് ശേഷവും മന്ത്രി അവരെ കളിയാക്കുന്നു. ഈ ട്രോളിന്റെ ഉപഭോക്താവ് ബിജെപിയാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. തൃശൂർ പൂരത്തിലും സർക്കാർ എടുത്ത നിലപാട് ബിജെപിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് കരുതുന്നു.

തൃശൂർ പൂരത്തിലെ തറവാടക ക്രമാതീതമായി ഉയർത്തി. ഇവിടെ ബിജെപി സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. അങ്ങനെ ലോക്‌സഭയിൽ അതിശക്ത മത്സരത്തിനൊരുങ്ങുന്ന ബിജെപിക്ക് തൃശൂർ പൂരത്തിൽ ആഞ്ഞടിച്ചു. പ്രധാനമന്ത്രി മോദി അടുത്ത ദിവസം തൃശൂരിലെത്തും. പൂരത്തിലെ വിശ്വാസ ചിന്ത ചർച്ചയാക്കാൻ മോദിക്കും ഈ വിഷയം അവസരമൊരുക്കി. തൃശൂർ പൂരം പോലുള്ള വിഷയങ്ങളിൽ എന്നും എല്ലാ സർക്കാരും കരുതലോടെ മാത്രമേ തീരുമാനമെടുക്കൂ. എന്നാൽ തൃശൂർ ജനതയുടെ വികാരമാകെ ഇളക്കും വിധം ആദ്യം ദേവസ്വം ബോർഡ് തീരുമാനം വന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. അപ്പോഴേക്കും അതിലെ രാഷ്ട്രീയം ബിജെപി ചർച്ചയാക്കി. ഇതിന് ശേഷമാണ് മന്ത്രി സജി ചെറിയാന്റെ ബിഷപ്പ് വിരുദ്ധ പ്രസ്താവന.

ഏതായാലും സജി ചെറിയാന്റെ പ്രസ്താവനയെ കരുതലോടെ ചെറുക്കാനാണ് കോൺഗ്രസ് തീരുമാനം. ബിഷപ്പുമാരെ പിന്തുണയ്ക്കാതെ തന്നെ സജി ചെറിയാനെ വിമർശിക്കാനാകും കോൺഗ്രസ് ശ്രമിക്കുക. ഇരുതലമൂർച്ചയുള്ള വാളാണ് സജി ചെറിയാന്റേതെന്ന് കോൺഗ്രസിന് അറിയാം. ക്രൈസ്തവ വോട്ടുകളെ കോൺഗ്രസിൽ നിന്ന് അകറ്റി ലോക്‌സഭയിൽ സീറ്റ് കുറയ്ക്കുകയെന്ന തന്ത്രം. മുസ്ലിം ന്യൂനപക്ഷത്തെ അടുപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു. ഇതിനൊപ്പമാണ് ക്രൈസ്തവ വോട്ടുകളുടെ ഭിന്നിപ്പിനുള്ള തന്ത്രങ്ങളും ഒരുക്കുന്നത്. ഇത് കോൺഗ്രസ് വോട്ട് ബാങ്കുകളെ തകർക്കലാണെന്നാണ് വിലയിരുത്തൽ.

പ്രധാനമന്ത്രിയെ കാണാൻപോയ ആളുകൾക്കാർക്കും മണിപ്പുരിനെപ്പറ്റി പറയാനുള്ള ആർജവമില്ല. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കൾക്ക് മണിപ്പുർ ഒരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പേരിൽ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ദൈവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ വരുമ്പോൾ ദൈവത്തെ മുൻനിർത്തി ഒരാൾക്കും അധികകാലം തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് മനസ്സമാധാനത്തോടെ കഴിയാൻ സാധിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർച്ചയായ ഭരണം വരും. 2026-ലും ഇടതുപക്ഷംതന്നെ അധികാരത്തിലെത്തും. പാർലമെന്റിൽ ഉജ്ജ്വലവിജയം നേടും. ദിശതെറ്റി പറക്കുന്ന പട്ടംപോലെയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. ഒരു രാഷ്ട്രീയനിലപാടുമില്ലാത്ത പ്രവർത്തനമാണ് അവരുടേത്. പ്രതിപക്ഷനേതാവ് തീപിടിച്ചപോലെ ഓടുന്നു. വല്ലാത്ത മാനസികാവസ്ഥയിലാണദ്ദേഹം. മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെ തകർക്കാനാണ് ശ്രമം. ജനങ്ങൾ നെഞ്ചോടുചേർത്തുവെച്ച നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സജി ചെറിയാൻ പറഞ്ഞു.

സിപിഎം. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റിയംഗവും ജനപ്രതിനിധിയുമായിരുന്ന ആർ. മുരളീധരൻ നായരുടെ സ്മരണാർഥം പൂർത്തിയാക്കിയതാണ് ലോക്കൽ കമ്മിറ്റി ഓഫീസ്. ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം എംഎ‍ൽഎ. അധ്യക്ഷനായി. പുന്നപ്ര-വയലാർ സമരസേനാനിയും ജനപ്രതിനിധിയുമായിരുന്ന പി.കെ. വിജയന്റെ സ്മരണാർഥം പൂർത്തീകരിച്ച ഹാൾ സിപിഎം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. അതേസമയം, ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ മന്ത്രി ജി.സുധാകരനെ ഒഴിവാക്കി. ജി.സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്താണ് ലോക്കൽ കമ്മിറ്റി ഓഫീസ്.