- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാറിലെ സമരം പിൻവലിക്കൽ പ്രതിയാര്?
തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കാൻ പിണറായിയുടെ വിശ്വസ്തനും അന്ന് പാർട്ടി ചാനലിന്റെ വാർത്താവിഭാഗം മേധാവിയുമായ ജോൺ ബ്രിട്ടാസ് ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം എത്തുമ്പോൾ വിഷയത്തിൽ കരുതലോടെ മാത്രമേ സിപഎമ്മും കോൺഗ്രസും പ്രതികരിക്കൂ. മുസ്ലിംലീഗും വിഷയത്തിൽ കരുതലെടുക്കും. സോളാർ സമരം ഒത്തുതീർപ്പിന് കോൺഗ്രസും സിപിഎമ്മും ഒരുപോലെ ആഗ്രഹിച്ചെന്നും ഇക്കാര്യത്തിൽ ജോൺ ബ്രിട്ടാസ് പറഞ്ഞത് ശരിയാണെന്നും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് വലിയൊരളവിൽ സിപിഎമ്മിന് ആശ്വാസമായി. അതേസമയം ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അറിയില്ലെന്നും ചെറിയാൻ പറഞ്ഞു. മുണ്ടക്കയത്തെ ചെറിയാൻ ഫിലിപ്പും പിന്തുണച്ചുവെങ്കിൽ അത് സിപിഎമ്മിന് കടുത്ത തിരിച്ചടിയാകുമായിരുന്നു.
അന്ന് താൻ ഇടതുപാളയത്തിലായിരുന്നു. 2013 ഓഗസ്റ്റ് 12-നാണ് സമരം നടന്നത്. തലേദിവസം താൻ ബ്രിട്ടാസിന്റെ ഓഫീസിൽ ഇരിക്കുമ്പോൾ തിരുവഞ്ചൂർ ഫോണിൽ വിളിച്ച് എങ്ങനെയെങ്കിലും സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. താൻ ഫോൺ ബ്രിട്ടാസിന് കൈമാറി. അവർ സംസാരിച്ചശേഷം ബ്രിട്ടാസും താനും ഒന്നിച്ച് തിരുവഞ്ചൂരിന്റെ ഓഫീസിൽപ്പോയി അദ്ദേഹത്തെ കണ്ടു. താൻ പറഞ്ഞതനുസരിച്ചാണ് ബ്രിട്ടാസ് ഒത്തുതീർപ്പ് ചർച്ചയിൽ പങ്കാളിയായതെന്നും ചെറിയാൻ പറഞ്ഞു. സമരം ഒത്തുതീർപ്പാക്കുകയെന്നത് ഇരുകൂട്ടരുടെയും ആവശ്യമായിരുന്നു. അതിന് ആര് മുൻകൈയെടുത്തുവെന്നത് പ്രസക്തമല്ല. വി എസ്. അച്യുതാനന്ദന്റെ പിടിവാശിക്ക് വഴങ്ങിയാണ് ഇടതുമുന്നണിക്ക് സെക്രട്ടേറിയറ്റ് വളയൽ സമരം തീരുമാനിക്കേണ്ടിവന്നത്. സിപിഎമ്മിലെ പല മുതിർന്ന നേതാക്കളും സമരം തുടങ്ങുംമുമ്പുതന്നെ അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചു. വിഷയത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിട്ടില്ല. ഈ വിഷയം വിവാദ ചർച്ചയാക്കാൻ കെപിസിസിക്കും തൽകാലം താൽപ്പര്യമില്ല.
ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച ബ്രിട്ടാസ്, തിരുവഞ്ചൂർ രാധാകൃഷ്ണനുമായും ഉമ്മൻ ചാണ്ടിയുമായും ഇക്കാര്യത്തിൽ ചർച്ചനടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഒത്തുതീർപ്പ് ചർച്ചയുടെകാര്യം അന്നത്തെ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും ശരിവെച്ചു. താനും ബ്രിട്ടാസും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽനിന്നാണ് ഒത്തുതീർപ്പിന്റെ തുടക്കമെന്ന് ഒരു വാരികയിൽ ജോൺ മുണ്ടക്കയം എഴുതിയ ലേഖനമാണ് വിവാദമായത്. സോളാർ അഴിമതിവിഷയത്തിൽ എൽ.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. വാർത്താസമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിക്കാമോയെന്ന് ബ്രിട്ടാസ് ചോദിച്ചെന്നാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. ഫലത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നുവെന്നതിന് സ്ഥിരീകരണം വരികയാണ്.
'ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. വാർത്താസമ്മേളനം വിളിച്ച് അതുപറഞ്ഞാൽ മതിയെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇക്കാര്യം താൻ ഉമ്മൻ ചാണ്ടിയെയും പിന്നീട് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനെയും തുടർന്ന് കോടിയേരി ബാലകൃഷ്ണനെയും വിളിച്ച് സംസാരിച്ചു. പിന്നാെല, ഇടതുപ്രതിനിധിയായി എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. നേതാക്കളെക്കണ്ടു. അതോടെ സമരം തീരാൻ വഴിയൊരുങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു' -ഇതാണ് ജോൺമുണ്ടക്കയത്തിലെ ലേഖനത്തിലെ വെളിപ്പെടുത്തൽ. ഒരു സമരം ഒത്തുതീർപ്പാക്കാനുള്ള നടപടിവന്നാൽ അതിനോട് പോസിറ്റീവായി പ്രതികരിക്കുകയല്ലേ സർക്കാർ ചെയ്യേണ്ടതെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു. ഇതിന് വിരുദ്ധമായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. ഇതിനോട് ചേർന്ന് ചെറിയാൻ ഫിലിപ്പും പ്രതികരണം നടത്തുകയായിരുന്നു.
സമരം അവസാനിപ്പിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നു പറഞ്ഞ് തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. അന്നു പാർട്ടി ചാനലിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് അതിന് ദൃക്സാക്ഷിയാണ്. ചെറിയാൻ ഫിലിപ്പിനെയാണ് അദ്ദേഹം ആദ്യം ബന്ധപ്പെട്ടത്. പിന്നീട് എനിക്ക് ആ ഫോൺ കൈമാറുകയായിരുന്നു. എവിടെനിന്നാണ് ഈ കഥ ജോൺ മുണ്ടക്കയത്തിന് കിട്ടിയതെന്നറിയില്ല. ഇപ്പോൾ തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്കനുസരിച്ചാവാം ജോൺ മുണ്ടക്കയം സംസാരിക്കുന്നത്. ഇതിൽ സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കാം. അന്നത്തെ ഫോൺകോൾ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
പിന്നീട് തിരുവഞ്ചൂരുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ ചെറിയാൻ ഫിലിപ്പും പങ്കെടുത്തിരുന്നു. സോളാർ ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടുത്തണമെന്നത് സിപിഎം. നിലപാടായിരുന്നു. തിരുവഞ്ചൂർ ഇക്കാര്യത്തിൽ ആദ്യം വൈമുഖ്യം കാണിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കൂടി കാണാൻ തന്നോടൊപ്പം ചെല്ലണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. തിരുവഞ്ചൂരും ഒപ്പമുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ച -ബ്രിട്ടാസ് പറഞ്ഞു.