- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദൻ വീണ്ടും താത്വിക അവലോകനത്തിൽ
കണ്ണൂർ: ഇനി ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കണമോ എന്ന ചിന്തയിലാണ് സിപിഎം! സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുമ്പോൾ ഉയരുന്നത് ഇൻക്വിലാബിലെ താത്വിക ചിന്തയാണ്. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ ഗോവിന്ദൻ പറഞ്ഞത് ചില വസ്തുതകളാണ്. ഒടുവിൽ സിപിഎമ്മും ചിലത് തിരിച്ചറിയുന്നുവെന്ന് വേണ്ടം മനസ്സിലാക്കാൻ.
സോളാറിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നടപ്പാകാത്തതിൽ വീഴ്ചകളൊന്നുമില്ല. എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാകണമെന്നില്ല. എത്ര കാലമായി ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഞങ്ങളും നിങ്ങളുടെ യൂനിയനും വിളിക്കാൻ തുടങ്ങിയിട്ട്. അതു നടപ്പിലായോ ഇന്നോ നാളെയോ നടപ്പിലാകുമായിരിക്കുമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
നിങ്ങൾ അജൻഡ സെറ്റ് ചെയ്തിട്ട് ഞങ്ങൾ പ്രതികരിക്കണമെന്ന് പറഞ്ഞാൽ അതു നടക്കുകയില്ല. എന്നിട്ട് ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതു വിവാദമാക്കലാണ് നിങ്ങളുടെ പണിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാനൂർ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് പോകും. പാർട്ടി ഡി.സിയാണ് പരിപാടി നിശ്ചയിച്ചത്. അതിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പാർട്ടി ഡി.സിയോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ഗോവിന്ദൻ സമകാലിക വിവാദങ്ങളിൽ മറുപടി പറയുകയാണ്. ബോംബ് നിർമ്മാണത്തിനിടെ മരിച്ചവരുടെ രക്തസാക്ഷി മണ്ഡപ ഉദ്ഘാടനമാണ് വിവാദമാകുന്നത്. കോടിയേരി ബാലകൃഷ്ണൻ പരസ്യമായി തള്ളി പറഞ്ഞ സഖാക്കളെയാണ് ഇപ്പോൾ സിപിഎം രക്തസാക്ഷിയാക്കുന്നത്.
സോളാറിൽ കരുതലോടെ മാത്രം സിപിഎം പ്രതികരണമെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്റെ പ്രതികരണം. സോളാർ വിഷയത്തിലെ എൽഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം സിപിഎം മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കിയതെന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി ജോൺ ബ്രിട്ടാസ് എത്തിയങ്കിലും വിവാദം നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിൽ സിപിഎം എത്തിയിരുന്നു. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ഭാവനയുടെ ഭാഗമാണെന്ന് ബ്രിട്ടാസ് വിമർശിച്ചെങ്കിലും ചർച്ച നടന്നുവെന്ന് സ്ഥിരീകരിക്കേണ്ടി വന്നു. ഇത്തരത്തിലൊരു ചർച്ച ഇതുവരെ സിപിഎം പരസ്യമായി പറഞ്ഞിരുന്നില്ല. സമരം കണ്ട് സർക്കാർ ഭയന്നുവെന്ന തരത്തിലായിരുന്നു സിപിഎം പ്രചരണം. ഇതുകൊണ്ടാണ് താത്വികമായി വിഷയത്തെ ഗോവിന്ദൻ സമീപിക്കുന്നത്.
ജോൺ മുണ്ടക്കയം ഉയർത്തിയ വിവാദം ഏതാണ്ട് കെട്ടടങ്ങി. കോൺഗ്രസും ഏറ്റുപിടിച്ചില്ല. ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ വിളിച്ചത്. സർക്കാർ ഒത്തുതീർപ്പിന് തയാറാണെന്ന് തിരുവഞ്ചൂർ അറിയിക്കുകയായിരുന്നു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് ആവശ്യപ്പെട്ടു. പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും താൻ കണ്ടു. ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജോൺ മുണ്ടക്കയം പറയുന്നത് തിരുവഞ്ചൂർ തയാറാക്കിയ തിരക്കഥയാകാമെന്നും ബ്രിട്ടാസ് ആരോപിച്ചു. എന്നാൽ എന്തുകൊണ്ട് ഈ ചർച്ച സിപിഎം പുറത്തു പറഞ്ഞില്ലെന്നതാണ് ഉയരുന്ന ചോദ്യം. സുതാര്യമായിരുന്നു കാര്യങ്ങളെങ്കിൽ അത് വേണ്ടിയിരുന്നുവെന്നതാണ് വിലയിരുത്തൽ.
സോളാർ സമരം ഒത്തുതീർപ്പാക്കിയത് ജോൺ ബ്രിട്ടാസ് ഇടപെട്ടാണെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സോളാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് ധാരണപ്രകാരമാണ്. ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഇത് യുഡിഎഫും സർക്കാരും അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിഷേധിച്ച് ബ്രിട്ടാസ് എത്തിയത്. അതിന് മുമ്പ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സ്ഥിരീകരണം നടത്തിയിരുന്നു. ഇതോടെ വീണ്ടും സോളാർ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വിഷയമായി മാറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ടായി. ഏതായാലും ഈ വിഷയത്തിൽ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കൂ. ജീവിച്ചിരിക്കുന്ന ഒരു സിപിഎം നേതാവും ചർച്ചകളിൽ പങ്കെടുത്തുവെന്ന് ജോൺ മുണ്ടക്കയം ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഎം പ്രതികരണമൊന്നും നടത്തില്ല.
ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും എവിടെ നിന്നുമാണ് ജോണിന് കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചിട്ടുണ്ട്. തന്നെ തിരുവഞ്ചൂർ ബന്ധപ്പെടുകയായിരുന്നു. പല തവണ അദ്ദേഹം വിളിച്ചു. കോൺഗ്രസിലെ പ്രധാനനേതാവ് ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്കാണ് തിരുവഞ്ചൂർ വിളിച്ചത്. അദ്ദേഹത്തോട് സംസാരിച്ച ശേഷം ഫോൺ ചെറിയാൻഫിലിപ്പ് തനിക്ക് കൈമാറുകയായിരുന്നെന്നും പറഞ്ഞു. ഇക്കാര്യം അക്കാലത്തെ കോൾലിസ്റ്റും മറ്റും എടുത്തുനോക്കിയാൽ വ്യക്തമാകുമെന്നും ജോൺ മുണ്ടക്കയത്തെയോ തിരുവഞ്ചൂർ രാധാകൃഷ്ണനെയോ താൻ വിളിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ ജോൺമുണ്ടക്കയത്തോട് ഇക്കാര്യം പറഞ്ഞോ എന്നും തനിക്കറിയില്ലെന്നും പറഞ്ഞു. പല തവണ തന്നെ തിരുവഞ്ചൂർ വിളിച്ചു ഒത്തുതീർപ്പിന് തയ്യാറാണെന്നും ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പാർട്ടിയുടെ അറിവോടെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നെന്നും അന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉണ്ടായിരുന്നെന്നും ബ്രിട്ടാസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിനെ വൻ വിവാദത്തിലാക്കിയ കാലത്തെ സോളാർ സമരം തീർപ്പാക്കിയത് ഒത്തുതീർപ്പ് ഫോർമുലയെന്നായിരുന്നു ജോൺ മുണ്ടക്കയം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തിയത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന സിപിഎം ഫോർമുലയിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ജോൺബ്രിട്ടാസ് വഴി നടന്ന ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരുന്നു സമരത്തിൽ നിന്ന് സിപിഎം തലയൂരിയതെന്നും പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമെന്നും ഇതിനായി ബ്രിട്ടാസ് തന്നെ വിളിക്കുകയായിരുന്നു എന്നുമായിരുന്നു ലേഖനത്തിൽ പറഞ്ഞത്.
ഈ വിവരം പാർട്ടിനേതാവായ തോമസ് ഐസക് അടക്കം പാർട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവർത്തകർക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും പറയുന്നു. ഒത്തുതീർപ്പ് ഫോർമുല യുഡിഎഫും അംഗീകരിച്ചു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നെന്നും പറയുന്നു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിക്കുകയും സമരം ഒത്തുതീർക്കാൻ ധാരണയാകുകയുമായിരുന്നു.