തിരുവനന്തപുരം: കെപിസിസിയിൽ വീണ്ടും പ്രതിസന്ധി. കെ.സുധാകരൻ കെപിസിസി പ്രസിഡന്റിന്റെ പൂർണ ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ചുമതല എംഎം ഹസൻ കൈമാറിയില്ല. സാധാരണ നിലയിൽ താൽകാലിക പ്രസിഡന്റിന്റെ ജോലി യഥാർത്ഥ പ്രസിഡന്റ് വരുമ്പോൾ തീരും. ഇതാണ് കെപിസിസിയിലെ മുൻ പതിവ്. ഇത് മാറുകയാണ്. ഹൈക്കമാണ്ട് നിർദ്ദേശം ഉണ്ടെങ്കിലേ സുധാകരന് ഇനി ആ ചുമതല കിട്ടൂവെന്നാണ് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനോട് സുധാകരൻ ആവശ്യം ആവർത്തിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദ്ദേശം.

തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ ആക്ടിങ് പ്രസിഡന്റായി എം.എം.ഹസൻ തുടരട്ടെയെന്ന അഭിപ്രായത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി. ഹസനു ചുമതല കൈമാറിയശേഷം സുധാകരൻ ആദ്യമായാണ് ഇന്നലെ ഇന്ദിരാഭവനിലെത്തിയത്. ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലെങ്കിലും എഐസിസിയുടെ അനുമതി ലഭിച്ചില്ല. പാർട്ടി നേതൃയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകളോ അറിയിപ്പോ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഹസൻ കെപിസിസിയുടെ കസേരയിൽ തുടരുകയാണ്.

നേത്ര സംബന്ധമായ ചികിത്സയ്ക്കായി സുധാകരനെ കൂത്താട്ടുകുളത്തെ ആയുർവേദ ആശുപത്രിയിൽ പ്രവേശിക്കും. തുറന്ന വാഹനത്തിലെയും മറ്റും പ്രചാരണത്തിനിടെ കണ്ണിൽ പൊടിയടിച്ചു കയറി അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നാണു ചികിത്സ. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷവും കെ.സുധാകരൻ ഇതേ കാരണത്താൽ നേത്രചികിത്സ നടത്തിയിരുന്നു. ഈ ചികിൽസ കൂടി കഴിഞ്ഞ് അധികാരം കൈമാറാമെന്നാണ് സുധാകരനോട് ചിലർ പറഞ്ഞത്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നാണഅ സൂചന. ഇതിനിടെ, പ്രവാസി സംഘടനയായ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ ഇന്നലെ കെപിസിസി ആസ്ഥാനത്തു ചുമതലയേൽക്കുന്ന ചടങ്ങ് എഐസിസി നിർദ്ദേശത്തെത്തുടർന്നു മാറ്റിവച്ചു. സാം പിത്രോദയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടന എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണിത്.

കണ്ണൂർ ലോക്സഭയിൽ സുധാകരൻ മത്സരിച്ചതോടെയാണ് ചുമതല ഒഴിഞ്ഞ് താൽകാലികമായി കെപിസിസി അധ്യക്ഷനായി എംഎം ഹസനെ നിയോഗിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കെപിസിസി അധ്യക്ഷനാകാൻ സുധാകരൻ സന്നദ്ധനായി കഴിഞ്ഞു. എന്നാൽ ഉടൻ അധികാരമാറ്റം വേണമോ എന്നതാണ് ഹസൻ ഉയർത്തുന്ന ചോദ്യം. കണ്ണൂരിൽ നിന്നും സുധാകരൻ ജയിച്ച് ലോക്സഭയിലേക്ക് പോയാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പ്രതിസന്ധിയാകുമെന്നാണ് ഹസൻ പറയുന്നത്. സുധാകരന്റെ ആരോഗ്യം അടക്കം ചർച്ചയാക്കിയാണ് ഇത്. കോൺഗ്രസിൽ എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ഇല്ലെന്ന ചർച്ചയും ഹസൻ സജീവമാക്കുന്നുണ്ട്.

എ ഗ്രൂപ്പിന് കടുത്ത അവഗണന നേരിടുന്നു. എന്നാൽ മറ്റു പല ഗ്രൂപ്പിലുള്ളവർക്കും ഇരട്ട പദവിയും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹസന്റെ നിലപാട്. സുധാകരൻ എംപിയായി ജയിച്ചാൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കട്ടേ. അതുവരെ താൻ കസേരയിൽ തുടരാം എന്നാണ് ഹസന്റെ പക്ഷം. എന്നാൽ ഈ മാസം നാലിന് കോൺഗ്രസ് നേതൃയോഗമുണ്ട്. അന്ന് കെപിസിസി അധ്യക്ഷ പദം വീണ്ടും ഏറ്റെടുക്കാനാണ് സുധാകരന്റെ തീരുമാനം. പ്രത്യക്ഷത്തിൽ ആർക്കും ഇതിനെ എതിർക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനും തമ്മിൽ ചെറിയ അകൽച്ചയുണ്ട്. ഇത് കെപിസിസിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ചർച്ചയും സജീവമാണ്. ഇതിനിടെയാണ് സുധാകരനെ താൽകാലികമായി വീണ്ടും മാറ്റി നിർത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ തലത്തിൽ കരുത്ത് കാട്ടിയാൽ കേരളത്തിലെ സംഘടനാ സംവിധാനത്തിലും അടിമുടി മാറ്റം വരുത്താനാണ് കെസി വേണുഗോപാലിന്റെ തീരുമാനം. കെപിസിസി അധ്യക്ഷനായി തുടരാൻ അനുവദിക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സുധാകരൻ കണ്ണൂരിൽ മത്സരത്തിനും ഇറങ്ങിയത്. അതുകൊണ്ട് തന്നെ ജയിച്ചാലും സുധാകരനെ മാറ്റിയാൽ അത് വലിയ പൊട്ടിത്തെറിയായി മാറും.