ഹൈദരാബാദ്: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് പ്രതീക്ഷ മങ്ങുന്ന കാലമാണ്. എന്നാൽ ദക്ഷിണേന്ത്യയിലെ നഷ്ടപ്രതാപം കോൺഗ്രസ് തിരിച്ചു പിടിക്കുന്ന കാഴ്‌ച്ചകളാണ് കാണുന്നത്. ആദ്യം കർണാടകത്തിൽ ബിജെപിയെ തോൽപ്പിച്ചു കോൺഗ്രസിനെ അധികാരത്തിലെത്തി. ഡി കെ ശിവകുമാറിന്റെ കരുത്തിലായിരുന്നു ഇവിടെ പാർട്ടി ഭരണം പിടിച്ചത്. അടുത്തതായി ഒരിക്കൽ കോൺഗ്രസിന്റെ ശക്തിദുർഗ്ഗമായിരുന്ന തെലുങ്കാനയിലും അധികാരത്തിലേക്ക് പാർട്ടി എത്തുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കോൺഗ്രസിന് എംഎൽഎമാരുണ്ട്. അതുകൊണ്ട് ദക്ഷിണേന്ത്യ കോൺഗ്രസിന്റെ ശക്തിദുർഗ്ഗമായി മാറുകയാണ്. ഇപ്പോൾ തെലുങ്കാനയിൽ കോൺഗ്രസ് അധികാരം പിടിച്ചതിലും ഒരു തന്ത്രജ്ഞന്റെ ബുദ്ധിയുണ്ട്. സുനിൽ കനുഗോലു എന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഇത്.

കർണാടകത്തിൽ തിരശ്ശീലക്ക് പിന്നിലിരുന്ന് വളയം പിടിച്ച ആളായിരുന്നു കനുഗേലു. എന്നാൽ പാർട്ടി കന്നഡ മണ്ണിൽ വിജയിച്ചു കയറിയതോടെ കനുഗേലുവിന്റെ ഇടപെടലുകൾ എല്ലായിടങ്ങളിലും ശ്രദ്ധേയമായി. കർണാടകയിലെ മിന്നും ജയത്തിനും പാരിതോഷികമായി കനുഗോലുവിന് കോൺഗ്രസ് നൽകിയത് ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യഉപദേശക സ്ഥാനമായിരുന്നു. ഇതോടെ കോൺഗ്രസ് അംഗത്വമുള്ള നേതാവായ കനുഗേലുവമായിരുന്നു തെലുങ്കാനയിൽ തന്ത്രങ്ങൽ മെനഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽ ഇടപെടൽ നടത്താതെ തെലുങ്കാന മാത്രം കേന്ദ്രീകരിച്ചായിരുന്നു സുനിൽ കനുഗേലുവിന്റെ പ്രവർത്തനങ്ങൾ. ഈ തന്ത്രങ്ങളുടെ വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മൂന്നാംമൂഴത്തിൽ നിന്ന് കെ സി ആറിനെ തട്ടിമാറ്റി രേവന്ത് റെഡ്ഢി എന്ന നേതാവിനെ മുൻനിർത്തി കോൺഗ്രസ് തെലങ്കാന പിടിക്കുമ്പോൾ അതിനായി കനുഗോലു തയാറാക്കിയത് വലിയ സോഷ്യൽ മീഡിയ ക്യാംപെയ്ൻ ആയിരുന്നു. രേവന്ദ് റെഡ്ഡിയെ സൂപ്പർസ്റ്റാറാക്കാൻ പോന്ന എല്ലാ സജ്ജീകരണങ്ങളും കനുഗേലു ഒരുക്കി നൽകി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ബി ആർ എസ് എന്ന പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന വ്യാപക പ്രചാരണം സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നടത്തി. കൂടാതെ, രാഷ്ട്രീയയോഗങ്ങളിലും ഇതുതന്നെ കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. കനുഗോലു ഒരുക്കിയ രാഷ്ട്രീയതന്ത്രമായിരുന്നു ഇത്. ഇത് വിജയം കാണുകയും ചെയ്തു.

രേവന്ദ് റെഡ്ഡിയിലെ നായകനെ തിരിച്ചറിഞ്ഞായിരുന്നു കനുഗേലു തന്ത്രങ്ങൾ മെനഞ്ഞത്. ഇതെല്ലാം വിജയം കാണുകയും ചെയ്തു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള കോൺഗ്രസിന്റെ ഓപ്പറേഷനിൽ ഇനി നിർണായകമാകുക കേരളമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കനുഗേലു കേരളത്തിലേക്കും കണ്ണുവെക്കുമെന്നത് ഉറപ്പാണ്. ഇത് എത്രകണ്ട് വിജയം കാണുമെന്നാണ് ഇനി അറിയേണ്ടത്.

നേരത്തെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ശരിയായ ചുവടുവയ്‌പ്പായിരുന്നു ഭാരത്‌ജോഡോ യാത്ര. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ കനുഗോലുവിന്റെ അദൃശ്യസാന്നിധ്യം രാഹുൽഗാന്ധിയുടെ ഓരോ ചുവടുവെയ്‌പ്പിലും വെളിച്ചം വീശുകയും ചെയ്തു. പേ സിഎം ക്യാമ്പെയ്നിലൂടെ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ട് വരാൻ സാധിച്ചതും കോൺഗ്രസിന് ഗുണകരമായി.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പു അടക്കുമ്പോൾ അവിടേക്ക് കോൺഗ്രസ് കൂടുതൽ ശ്രദ്ധ വെക്കും. അവിടെയും കനുഗേലു നിർണയകമാകുമെന്ന് ഉറപ്പാണ്. കർണാടക സ്വദേശിയായ കനുഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം കോൺഗ്രസിലേക്ക് കാലെടുത്ത് വച്ചത്. സ്ട്രാറ്റജി വകുപ്പിന്റെ തലവനായി ചുമതലയേറ്റതു മുതൽ അദ്ദേഹം ലക്ഷ്യമിട്ടത് 2023 കർണാടക നിയമസഭ തിരഞ്ഞെടുപ്പായിരുന്നു.

കോൺഗ്രസിന്റെ ദിശയില്ലാത്ത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയത് കനുഗോലു ആണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രശാന്ത് കിഷോറും കനുഗോലുവും നരേന്ദ്ര മോദിക്കായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രശാന്തുമായി വേർപിരിഞ്ഞതിന് ശേഷം 2016 ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനു വേണ്ടി നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനോടൊപ്പം 'നമുക്ക് നാമേ' എന്ന ക്യാമ്പെയ്‌നുമായി കനുഗോലു ശക്തമായ തിരിച്ചുവരവ് നടത്തി. തമിഴ്‌നാട്ടിലെ പ്രവർത്തനത്തിന് ശേഷം 2018 ഫെബ്രുവരി വരെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത്ഷായോടൊപ്പം പ്രവർത്തിച്ചു.

2017ന്റെ തുടക്കത്തിൽ നടന്ന യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ബിജെപിയുടെ അണിയറയിൽ അദ്ദേഹം നിർണായക സാന്നിധ്യമായി. 2019ൽ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പ്രചാരണവും കനുഗോലു നിയന്ത്രിച്ചു.

പ്രശാന്ത് കിഷോറെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്നും നേർ വിപരീതമാണ് കനഗോലു എന്ന് പറയാം. കനുഗോലുവും പ്രശാന്തും പലതവണ ഒരു വഴിയിൽ നടന്നെങ്കിലും വ്യത്യസ്തമാകുന്നത് ഇരുവരുടെയും സാമൂഹിക ഇടപെടലുകളാണ്. പ്രശാന്ത് കിഷോറിന്റെ ജീവിതവും ജോലിയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും മറച്ചുപിടിച്ചിട്ടില്ല.ബഹുമതികളും അധികാരവും ആഗ്രഹിച്ച് പടനയിക്കുന്ന ആളാണെന്നും വിമർശകർ പ്രശാന്ത് കിഷോറിനെ കുറിച്ച് പറയാറുണ്ട്.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും പൂർണ പിന്തുണയോടെയാണ് കനുഗോലു കോൺഗ്രസിലേക്ക് എത്തിയത്. പി ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല എന്നിവരടങ്ങിയ 2024 ഇലക്ഷൻ ടാസ്‌ക് ഫോഴ്‌സിലേക്ക് കഴിഞ്ഞ മെയിലാണ് സോണിയാഗാന്ധി കനുഗോലുവിനെ തിരഞ്ഞെടുത്തത്. രാഹുൽ ഗാന്ധിക്ക് നേരിട്ട് തിരഞ്ഞെടുപ്പ് ഉപദേശങ്ങൾ നൽകാനും വിശ്വാസ്യത പിടിച്ചുപറ്റാനും കനുഗോലുവിന് സാധിച്ചു. കർണാടകയിലെ പേ സിഎം ക്യാമ്പെയ്ൻ മുതൽ ഭാരത്‌ജോഡോ യാത്ര വരെയുള്ള കോൺഗ്രസിന്റെ മൂർച്ചയേറിയ പ്രചരണങ്ങളിൽ കനുഗോലുവിന്റെ പങ്ക് നിർണായകമായിരുന്നു. സമാന തന്ത്രങ്ങളായിരുന്നു തെലുങ്കാനയിലും കനുഗേലു ആവിഷ്‌ക്കരിച്ചത്. ഇത് വിജയം കാണുകയും ചെയ്തു.