കണ്ണൂർ: കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കുമോ? ചർച്ചകൾ തുടരുകയാണ്. അതിനിടെ ഏത് വലിയ വെല്ലുവിളിയും താൻ ഏറ്റെടുക്കാമെന്ന സൂചന നൽകുകയാണ് സുരേഷ് ഗോപി. ബിജെപി നേതൃത്വത്തിനാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂിൽ വേണമെങ്കിലും മത്സരിക്കാനുള്ള തന്റേടം തനിക്കുണ്ടെന്ന് സുരേഷ് ഗോപി പരോക്ഷമായി പറയുന്നത്.

തന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രഖ്യാപനം. കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. ലോക്‌സഭയിലേക്ക് കണ്ണൂരിൽ നിന്നോ തൃശൂരിൽ നിന്നോ മത്സരിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ എന്ന സംശയവും സജീവമാകുകയാണ്.

നേരത്തെ തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. വടക്കുനാഥന്റെ മണ്ണ് സുരേഷ് ഗോപിയെ ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തള്ളിയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കണ്ണൂരിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവന. നേരത്തെ കണ്ണൂരിലും തൃശൂരിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി തൃശൂരിൽ എല്ലാ അർത്ഥത്തിലും നിറഞ്ഞിരുന്നു. കരുവന്നൂർ തട്ടിപ്പിൽ പ്രത്യക്ഷ സമരം നയിക്കാനും ഒരുങ്ങുകയാണ്.

മാർച്ചിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന താരത്തിന്റെ പ്രഖ്യാപനം. സുരേഷ് ഗോപിയുടെ പെരുങ്കളിയാട്ട സ്ഥലത്തെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. തന്റെ ജീവിതം വിശദീകരിച്ചാണ് സുരേഷ് ഗോപി ചിലത് പറയാതെ പറയുന്നത്.

''ആലപ്പുഴയിലെ കുട്ടനാട്ടിൽ ജനിച്ചയാളാണ് ഞാൻ. രണ്ടര വയസ്സായപ്പോൾ ആച്ഛന്റെ നാടായ കൊല്ലത്തേക്കു കൊണ്ടുപോയി. അവിടെയാണ് പഠിച്ചതും വളർന്നതും. പിന്നീട് ഒരു തൊഴിൽ തേടി ചെന്നൈയിലേക്കു പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലുവർഷത്തെ അല്ലലുകൾക്കും വ്യാകുലതകൾക്കും ഇടയിലാണ് കരിയർ നട്ടുവളർത്തിയത്.

ഇന്ന് അതു നിങ്ങൾക്കൊരു തണൽമരമായി കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിനു വളം നൽകി വേരുറപ്പിച്ചത് ചെന്നൈയാണ്. ഭാര്യ വീടുള്ള തിരുവനന്തപുരത്താണ് 33 വർഷമായി ജീവിതം. തലസ്ഥാന നഗരിയിൽ നിന്നു തീർത്തും ഒരു തെക്കനെ വേണമെങ്കിൽ കുറച്ചു കാലത്തേക്ക് കൂടി നിങ്ങൾക്ക് വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്. അതുകഴിഞ്ഞാൽ നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും.'' സുരേഷ് ഗോപി പറഞ്ഞു.

കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായ നടൻ സുരേഷ് ഗോപി ഉടൻ ചുമതലയേൽക്കില്ലെന്നാണ് സൂചന. നിയമനം നടത്തുംമുൻപ് തന്നെ അറിയിക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. നിയമനത്തിനു ശേഷവും ആരും ഔദ്യോഗികമായി അറിയിച്ചില്ല. ഈ സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതാക്കളെ കണ്ട് അവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി അന്തിമ തീരുമാനമെടുക്കൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം. ഇത്തരം ഒരു നിയമനം ലഭിച്ചാൽ സ്വീകരിക്കുമോ എന്നു കേന്ദ്ര സാംസ്‌കാരിക വകുപ്പ് അധികൃതർ സുരേഷ് ഗോപിയോട് ചോദിച്ചിരുന്നില്ല.