കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്താനും എൻഡിഎക്ക് കഴിഞ്ഞു. 2019ൽ 15.6 ശതമാനം വോട്ടുകൾ മാത്രമുള്ള എൻഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയർത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളിൽ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

തൃശൂരിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നേടിയത്. എതിർസ്ഥാനാർത്ഥികളായ വി എസ് സുനിൽ കുമാർ 30.95 ശതമാനവും കെ മുരളീധരൻ 30.08 ശതമാനം വോട്ടുകളും നേടി. ത്രികോണ പോരാട്ടം നടന്ന തൃശൂരിൽ 74,686 ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി അഭിമാന വിജയം നേടിയത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. മണലൂരും ഒല്ലൂരും തൃശൂരും നാട്ടികയിലും പുതുക്കാടും ഇരങ്ങാലക്കുടയിലും സുരേഷ് ഗോപി നേട്ടമുണ്ടാക്കി. അതായത് തൃശൂർ ലോക്‌സഭയ്ക്ക് കീഴിലെ ആറു മണ്ഡലങ്ങളിലും ബിജെപിയായിരുന്നു ഒന്നാമത്. ന്യൂനപക്ഷ മേഖലയായ ഗുരുവായൂരിൽ കെ മുരളീധരനാണ് മുന്നിലെത്തിയത്. അവിടെ സുനിൽകുമാർ മൂന്നാമത് എത്തി.

സംസ്ഥാനത്ത് മുന്ന് മണ്ഡലങ്ങളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുപ്പത് ശതമാനത്തിലധികം വോട്ടുകൾ നേടിയത്. തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവയാണ് അത്. ആലപ്പുഴയിൽ എൻഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയർന്നു. പത്തനം തിട്ട, പാലക്കാട് മണ്ഡലങ്ങളിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടാൻ ബിജെപി സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞു. തിരുവനന്തപുരത്ത് അഞ്ച് നിയമസഭാ മണ്ഡങ്ങളിൽ ബിജെപി ഒന്നാമത് എത്തി. നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രാജീവ് ചന്ദ്രശേഖർ ലീഡു നേടി. ആറ്റിങ്ങളിലിൽ കാട്ടാക്കടയിലും ആറ്റിങ്ങലിലും ബിജെപിക്കായിരുന്നു മുൻതൂക്കം. ഇതിൽ ആറ്റിങ്ങലിൽ വൻ ഭൂരിപക്ഷം നേടി. വർക്കലയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ടാമത് എത്തുകയും ചെയ്തു.

അതിനിടെ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്ക് വന്നപ്പോൾ രാജീവ് ചന്ദ്രശേഖരന്റെ തോൽവിയിൽ ചില അസ്വാഭാവികത വരികയാണ്. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള നഗര മണ്ഡലമായ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ഒന്നാമത് എത്താനായില്ല. മുമ്പ് ശശി തരൂരിനെതിരെ ഒ രാജഗോപാൽ മികച്ച പ്രകടനം നടത്തിയപ്പോൾ തിരുവനന്തപുരത്ത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ ഈ മണ്ഡലത്തിൽ 4500 വോട്ടിന് പിന്നിൽ പോയി. ഈ മണ്ഡലത്തിൽ രാജീവ് പതിനായിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായിരുന്നുവെങ്കിൽ തിരുവനന്തപുരത്തും താമര വിരിയുമായിരുന്നു.

15 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ച അഞ്ച് മണ്ഡലങ്ങൾ; കാസർകോട്് 19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂർ 18.89 ശതമാനം, കോഴിക്കോട്് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെയാണ്. വടകര, മലപ്പുറം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് പത്തുശതമാനത്തിൽ താഴെ വോട്ടുകളാണ്. വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകൾ മാത്രമാണ്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 62,229 വോട്ടുകൾ അധികം നേടാൻ ബിജെപിക്ക് കഴിഞ്ഞു.