- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്വേതാ മേനോനെ സ്പർശിച്ചു എന്ന ആരോപണം വിവാദമായപ്പോൾ പീതാംബരക്കുറുപ്പിന് നഷ്ടമായത് രാഷ്ട്രീയ ജീവിതം; വിവാദ ശേഷം ജനവിധി തേടാനായത് ഏഴു വർഷത്തിന് ശേഷം; ഒടുവിൽ മൂന്നാം സ്ഥാനവും; സുരേഷ് ഗോപി നേരിടുന്നതും സമാന സാഹചര്യമോ?
ലണ്ടൻ: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിൽ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി പ്രതിസന്ധിയിലാണ്. ഇപ്പോൾ സുരേഷ് ഗോപി നേരിടുന്ന പ്രതിസന്ധി പത്തു വർഷം മുൻപ് മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിൽ സമാന സാഹചര്യത്തിൽ നേരിട്ടിരുന്നു. അന്നത്തെ പരാതിക്കാരി പ്രശസ്ത സിനിമ താരം പിന്നീട് പരാതി പിൻവലിച്ചെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ അന്ന് പുലിക്കുട്ടി ആയി അറിയപ്പെട്ടിരുന്ന കൊല്ലം എംപി പീതാംബര കുറുപ്പിന്റെ രാഷ്ട്രീയ ഭാവിയും ആ വിവാദത്തോടെ അവസാനിക്കുക ആയിരുന്നു.
പീതാംബര കുറുപ്പ് വീണ്ടും മത്സരിക്കാൻ എത്തരുത് എന്ന നിർബന്ധ ബുദ്ധിയിൽ വിവാദം മാധ്യമ സഹായത്തോടെ കൊഴുപ്പിച്ചെടുക്കുക ആയിരുന്നു എന്നും പിന്നീട് വെളിപ്പടുത്തലുകൾ പുറത്തു വന്നു. കാരണം തനിക്ക് പരാതിയില്ല, ക്ഷമ ചോദിച്ചത് അംഗീകരിക്കുന്നു എന്ന് ശ്വേതാ മേനോൻ പലവട്ടം ആവർത്തിച്ചിട്ടും വിവാദം അടങ്ങാതെ പോയതാണ് പീതാംബര കുറുപ്പിനെ അവസാനിപ്പിക്കാൻ ഉള്ള ആയുധം സമർത്ഥമായി രാഷ്ട്രീയ പ്രതിയോഗികളും കോൺഗ്രസിലെ സീറ്റു മോഹികളും ഉപയോഗിച്ച് എന്ന് പിന്നീട് വിലയിരുത്തപ്പെടാൻ കാരണം.
ഇപ്പോൾ സുരേഷ് ഗോപി നേരിടുന്ന പ്രതിസന്ധിയും സമാനമാണ്. രണ്ടു സംഭവങ്ങളും പൊതുജന മധ്യത്തിൽ എന്ന് വിശേഷിപ്പിക്കാവുന്ന ഇടത്തു നടന്നതും മറ്റൊരു ഇലക്ഷനിലേക്ക് സ്ഥാനാർത്ഥി ആകാൻ പരിഗണിക്കപ്പെടുന്നു എന്ന വാർത്തകൾക്ക് മുമ്പിലുമാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി സുരേഷ് ഗോപി വാർത്തകളുടെ കേന്ദ്രബിന്ദുവാണ്. കേന്ദ്ര മന്ത്രിസഭയിൽ പരിഗണിക്കപ്പെടുന്നു, കരുവന്നൂർ ബാങ്ക് അഴിമതിയിൽ അദ്ദേഹം നടത്തിയ പദയാത്ര പ്രധാനമന്ത്രി വരെ കാണാനിടയാകുന്നു, ബിജെപിയുടെ ഹോട് സീറ്റായി കരുതപ്പെടുന്ന തൃശൂരിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാണ് തുടങ്ങി എവിടെയും സുരേഷ് ഗോപി വാർത്തയായി മാറുകയാണ്. ഒരു പക്ഷെ അദ്ദേഹത്തെ എങ്ങനെ എതിരിടും എന്ന കാര്യത്തിൽ എതിരാളികൾ പോലും തല പുകയുന്നതിനിടയ്ക്കാണ് വീണു കിട്ടിയ അവസരം ഇപ്പോൾ വിവാദ വേഷമണിയുന്നത്.
സിപിഐക്ക് അവകാശപ്പെട്ട തൃശൂർ സീറ്റിൽ നിലവിലെ എംപി കോൺഗ്രസിലെ ടി എൻ പ്രതാപൻ ആണെങ്കിലും അദ്ദേഹത്തിന്റെ മങ്ങിയ പ്രവർത്തനം മറ്റൊരു നിസാര വിജയം അവകാശപ്പെടാൻ അനുവദിക്കുന്നതല്ല എന്നതാണ് പൊതു നിരീക്ഷണം. ഈ സീറ്റിലേക്ക് വർധിത പ്രഭാവത്തോടെ സുരേഷ് ഗോപി എത്തിയാൽ മത്സരം കടുക്കുക മാത്രമല്ല പ്രവചനാതീതം ആകുകയും ചെയ്യും. ഒരു ത്രികോണ മത്സര സാധ്യത ഉയർന്നാൽ മൂന്നു പ്രധാന മുന്നണിക്കും തൃശൂർ കടക്കുക എളുപ്പമാകില്ല. പത്തു വർഷം മുൻപ് കൊല്ലത്തു പീതാംബര കുറുപ്പും ഈ അവസ്ഥയിൽ ആയിരുന്നു.
മിടുക്കനായ പാർലിമെന്റേറിയൻ എന്ന പേര് കേട്ട പീതാംബര കുറുപ്പ് സ്വന്തം സാന്നിധ്യം കൂടി ഉപയോഗപ്പെടുത്തിയ വള്ളംകളി മത്സരത്തിനിടയിൽ ആണ് വിവാദ നായകനായി മാറിയത്. മത്സരത്തിൽ മുഖ്യ അതിഥി ആയി എത്തിയ സിനിമാതാരം ശ്വേത മേനോനെ അകാരണമായി സ്പർശിച്ചു എന്നായി പരാതി. എംപി കൂടി ആയതിനാൽ അന്നത്തെ ഭരണക്ഷിയും ആയ കോൺഗ്രസ് സർക്കാർ വളരെ ശ്രദ്ധയോടെയാണ് പരാതി കൈകാര്യം ചെയ്തത്.
വീഡിയോ ഫൂട്ടേജുകളും സാങ്കേതിക പരിശോധനകളും എല്ലാം മുറക്ക് നടന്നു. മാധ്യമ പ്രവർത്തകർ അടക്കം ഉള്ളവരുടെ മൊഴികൾ രേഖപ്പെടുത്തി. പരാതിയിൽ ഉറച്ചു നില്ക്കാൻ സിനിമ താരത്തിൽ സമ്മർദവുമായി. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി നടത്തിയത് പോലെ ഒട്ടും സമയം കളയാതെ പീതാംബര കുറുപ്പ് പരസ്യമായി ക്ഷമ പറച്ചിൽ നടത്തിയതോടെ ശ്വേതാ മേനോൻ പരാതിയിൽ നിന്നും പിൻവലിഞ്ഞു. എന്നാൽ സദാചാര വിഷയത്തിൽ എന്നും മാന്യതയുടെ മേൽക്കുപ്പായം അണിയാൻ മിടുക്ക് കാണിക്കുന്ന മലയാളി സമൂഹം പീതാംബര കുറുപ്പിനെ വെറുതെ വിടാൻ തയാറായില്ല.
വിവാദം കത്തികയറിയതിനാൽ പീതാംബര കുറുപ്പ് അടുത്ത മത്സരത്തിൽ സ്ഥാനാർത്ഥി ആകേണ്ട എന്ന് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് വേണ്ടി വി എം സുധീരൻ നിലപാട് എടുത്തു. സീറ്റു ആർ എസ പിയിലെ എൻ കെ പ്രേമചന്ദ്രന് കൈമാറി. അദ്ദേഹം എതിരാളി സിപിഎമ്മിലെ കരുത്തൻ എം എ ബേബിയെ 38000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലർത്തി അടിച്ചു. പീതാംബരക്കുറുപ്പ് കൂടി മുൻകൈ എടുത്ത വികസന നേട്ടങ്ങൾ കൂടിയാണ് ഉയർന്ന ഭൂരിപക്ഷം സമ്മാനിച്ചത്. കുറുപ്പ് മത്സരിച്ചാൽ വോട്ടു കിട്ടില്ല എന്ന് പറഞ്ഞ പാർട്ടി തന്നെ കുറുപ്പിനെ സജീവമായി പ്രചാരണത്തിൽ ഉപയോഗിച്ച് എന്നതാണ് കൗതുകമുണർത്തിയത്.
പിന്നീട് ഏഴു വർഷത്തോളം കുറുപ് രാഷ്ട്രീയ വനവാസത്തിലായി. ഇടയ്ക്ക് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി ആണെന്ന് ഉറപ്പായതോടെ പ്രചാരണത്തിന്റെ ആരംഭം കുറിച്ചു മണ്ഡലത്തിൽ സജീവമായി. എന്നാൽ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ കുറുപ് പുറത്തായി. വീണ്ടും അവസരം ലഭിക്കുന്നത് ഇക്കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിലാണ്. ഇടതു തരംഗം വീഴിയടിച്ച തിരഞ്ഞെടുപ്പിൽ കുറുപ്പിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊല്ലത്തു മത്സരിക്കുമ്പോൾ 17000 വോട്ടിനു ജയിച്ച കുറുപ്പിന് പകരം എത്തിയ പ്രേമചന്ദ്രൻ സ്ഥാനാർത്ഥി ആയപ്പോൾ ജയിച്ചു കയറിയത് ഇരട്ടിയിലേറെ വോട്ടുകൾ നേടിയാണ്.
പക്ഷെ അപ്പോഴും അദ്ദേഹം ചാത്തന്നൂർ നിയമ സഭ സീറ്റിൽ എതിരാളി എം എ ബേബിയേക്കാൾ മൂവായിരം വോട്ടിനു പുറകിൽ ആയി പോയിരുന്നു. ഈ സീറ്റിലേക്കാണ് ഏഴു വര്ഷം രാഷ്ട്രീയ വനവാസം കഴിഞ്ഞു പീതാംബരക്കുറുപ്പ് മത്സരിക്കാൻ എത്തുന്നതും 25000 വോട്ടിനു പിന്നിലായി മൂന്നാം സ്ഥാനത്തു നിലയുറപ്പിക്കുന്നതും. ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ പീതാബരകുറുപ്പിനേക്കാൾ ആറു ശതമാനം വോട്ടു നേടിയതും കുറുപ്പിന്റെ പിന്നിലായി പഴയ വിവാദ നിഴൽ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് എന്ന വിലയിരുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങൾ നടത്തിയതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിൽ ഇപ്പോൾ തനിക്കൊപ്പം വീണ വിവാദ നിഴലിൽ നിന്നും സുരേഷ് ഗോപി നടന്നു കയറിയാൽ അതൊരു മഹാത്ഭുതമായി മാറും. തിരുവനതപുരം സീറ്റിൽ മത്സരിക്കാൻ ഇരിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂരും ഇപ്പോൾ തൃണമൂൽ എംപി മഹുവ മൊയ്ത്രയുമായി ഡിന്നർ നൈറ്റിൽ സ്വകാര്യ നിമിഷങ്ങൾ പങ്കിട്ടു എന്ന വിവാദവും ചൂട് പിടിക്കുകയാണ്. ഇതിനു പിന്നിൽ ബിജെപി നേതൃത്വം ആന്നെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ വിലകുറഞ്ഞ ആരോപണം എന്ന് പറഞ്ഞു ശശി തരൂർ കയ്യോടെ വിവാദത്തെ വലിച്ചെറിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടക്കവേ ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾ പതിവാകും എന്ന സൂചന കൂടിയാണ് സുരേഷ് ഗോപിയും ശശി തരൂരും നേരിടുന്ന ആരോപണങ്ങൾ തെളിയിക്കുന്നതും. വനിതാ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നല്കിയതോടെ തുടർന്നുള്ള നടപടികളും സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും.



