- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂരിലെ ഇഡി ഓപ്പറേഷന്റെ ഗുണഭോക്താവാകാൻ സുരേഷ് ഗോപി; സിപിഎം ഉന്നതരിലേക്ക് അന്വേഷണം മുറുകുമ്പോൾ തട്ടിപ്പിൽ പണം പോയ ഇരകൾക്കായി രക്ഷകവേഷത്തിൽ ആക്ഷൻ ഹീറോയുടെ എൻട്രി; ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂരിൽ പദയാത്ര സംഘടിപ്പിക്കും; തൃശ്ശൂര് പിടിച്ച് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമം
തൃശൂർ: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം മുറുകുമ്പോൾ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമങ്ങൾ ഊർജ്ജിതമാക്കി. രാഷ്ടീയ സാഹചര്യം സുരേഷ് ഗോപിക്ക് അനുകൂലമായി വരുന്നത് ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് സുരേഷ് ഗോപിയാണ് ഏറ്റവും വിജയസാധ്യതയുള്ള ബിജെപി സ്ഥാനാർത്ഥി. വിജയസാധ്യത അവശേഷിക്കുന്ന മണ്ഡലം തൃശ്ശൂരാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതുകൊണ്ട് തന്നെ മണ്ഡലത്തിൽ പാർട്ടിയെ സജ്ജമാക്കാൻ ബിജെപി കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂരിലെ ഇരകൾക്ക് നീതി നേടാൻ വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങും. ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽനിന്ന് പദയാത്ര ആരംഭിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. പദയാത്ര തൃശൂരിൽ സമാപിക്കും. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ടമായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.
പണം നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയിൽ അണിനിരക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ എം ടി രമേശ് പങ്കെടുക്കും. കരുവന്നൂർ തട്ടിപ്പിലെ ഇരകൾക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് സിപിഎം നിലകൊള്ളുന്നതെന്നാണ് ബിജെപിയുടെ വാദം.
ഇ ഡി അന്വേഷണം തടസപ്പെടുത്താനുള്ള സിപിഎം ശ്രമം തട്ടിപ്പുകാരെ സംരക്ഷിക്കാനായാണ്. പണം നഷ്ടമായവരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ തട്ടിപ്പിന് കൂട്ടുനിന്ന എ സി മൊയ്തീൻ, എം കെ കണ്ണൻ, പി ആർ അരവിന്ദാക്ഷൻ, അനൂപ് ഡേവിസ് കാട എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണം. ജനപ്രതിനിധികളായി തുടരാൻ ഇവർക്ക് അർഹതയില്ല. കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ കേരള ബാങ്ക് ഉൾപ്പെടെ സംശയ നിഴലിലായ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കമെന്നും ഇക്കാര്യം ബിജെപി ജില്ലാ അധ്യക്ഷൻ അനീഷ്‌കുമാർ പറഞ്ഞു.
ജില്ലയിലെ എല്ലാ പഞ്ചായത്ത് - നഗരസഭ കേന്ദ്രങ്ങളിലും ഈ മാസം 21 മുതൽ 30 വരെ സഹകരണ ബാങ്ക് കൊള്ളക്കെതിരെ ധർണ നടത്തും. സംശയനിഴലിലായ ബാങ്കുകൾക്ക് മുന്നിൽ ബിജെപി അദാലത്ത് സംഘടിപ്പിക്കും. അന്വേഷണം ആവശ്യമായ പരാതികൾ അമിത് ഷായ്ക്ക് കൈമാറുമെന്നും അനീഷ് കുമാർ അറിയിച്ചു.
്അതേസമയം കോൺഗ്രസിൽ ഇക്കുറി ടി എൻ പ്രതാപൻ മത്സരിക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. ഇത് അവസരമാക്കാനാണ് ബിജെപിയുടെ നീക്കം. സിപിഐ സ്ഥാനാർത്ഥിയാണ് തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകാറുള്ളത്. അതുകൊണ്ട് ചിലപ്പോൾ സിപിഎം കേന്ദ്രങ്ങളിലും വോട്ടുചോർച്ചക്ക് സാധ്യതയുണ്ട്. ഇതെല്ലാം സുരേഷ് ഗോപിയുടെ സാധ്യത ഉയർത്തുന്ന കാര്യമാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം കേരള ബാങ്കിലേക്കും വ്യാപിപ്പിച്ചതോടെ സിപിഎം ശരിക്കും പ്രതിരോധത്തിലാണ്. ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീങ്ങുമ്പോൾ സിപിഎം കൂടുതൽ പ്രതിരോധത്തിലാകും. സാധാരണക്കാരായ പ്രവർത്തകരെ അന്വേഷണ ഏജൻസികൾക്ക് ഇട്ടുകൊടുക്കുന്നു എന്ന വികാരവും ശക്തമാണ്. ഇതെല്ലാം തൃശ്ശൂരിലെ പാർട്ടിക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
കേസിൽ ഒന്നാം പ്രതിയായ പി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി. സതീഷ്‌കുമാർ ചില പ്രമുഖരുടെ മാനേജർ മാത്രമെന്നും ഇഡി പറഞ്ഞു. കരുവന്നൂർ തട്ടിപ്പിൽ മുൻ എം പി പി കെ ബിജു ഇ ഡി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. പി സതീഷ്‌കുമാർ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ 40 കോടി വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം പിൻവലിച്ചതിന്റെ രേഖകളും കണ്ടെടുത്തു. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.
സിപിഎം സഹകരണ ബാങ്കുകൾ മുഖേനയാണ് തട്ടിപ്പുകൾ നടന്നത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതോടെ മറ്റു ബാങ്കുകളിലേക്കും അന്വേഷണം എത്തുമെന്നത് ഉറപ്പാണ്. ഇത് ജില്ലയിലെ സിപിഎമ്മിന്റെ അടത്തിട്ടിനെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുമോ എന്നതിലാണ് ആശങ്ക. പാർട്ടിക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലാണ് തെളിവുകൾ പുറത്തേക്കു വരുന്നത്.
ഇ.ഡി.യുടെ റെയ്ഡിലും ചോദ്യംചെയ്യലിലും വാർത്താക്കുറിപ്പുകളിറക്കി പ്രതിരോധിച്ചിരുന്ന പാർട്ടിനേതൃത്വം ഇപ്പോൾ മൗനത്തിലാണ്. പാർട്ടിയെ തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയാണ് റെയ്ഡെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. എന്നാൽ, റെയ്ഡ് അല്ല, അതിന്റെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങളാണ് പാർട്ടിയെ ഇപ്പോൾ കുഴപ്പത്തിലാക്കുന്നത്.
വായ്പത്തട്ടിപ്പുകൾ നടന്നത് സിപിഎം. ഭരിക്കുന്ന ബാങ്കുകളിലാണെന്ന ഇ.ഡി. റിപ്പോർട്ടുകൂടി ആയതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ്. കരുവന്നൂർ തട്ടിപ്പിൽ ശക്തമായ നടപടിയെടുത്തെന്നാണ് പാർട്ടി വാദം. പ്രമുഖ നേതാക്കളെ ഇ.ഡി. ചോദ്യംചെയ്യാൻ തുടങ്ങിയതോടെ, ജീവനക്കാരെ ബലിയാടുകളാക്കുകയായിരുന്നെന്ന് അണികൾപോലും വിശ്വസിക്കുന്നു. നടപടി നേരിട്ടവരും ഇക്കാര്യങ്ങൾ പറയുന്നു. പാർട്ടി അണികൾക്കിടയിൽ ഈ വികാരം ശക്തമാണ്. സഹകരണ സ്ഥാപനങ്ങളിലേക്ക് പണം എത്തിയത് പലപ്പോഴും പ്രാദേശിക നേതാക്കളുടെ വിശ്വാസ്യത മുതലെടുത്താണ്. തങ്ങളെ വിശ്വസിച്ച പലർക്കും പണം പോയെന്നാണ് ഇപ്പോൾ വ്യക്തമാകുന്ന കാര്യം.
കള്ളപ്പണമിടപാടാണ് ചില നേതാക്കളുടെ അറിവോടെ നടന്നതെന്ന് ഇ.ഡി. പാർട്ടിയുടെ അടിയുറച്ച ബാങ്കുകളിലേക്കും അന്വേഷണമെത്തി. പാർട്ടി ക്രമക്കേടിന് കൂട്ടുനിന്നിട്ടില്ലെന്ന് വിശദീകരണം: കൊള്ളപ്പലിശക്കാരൻ വെളപ്പായ സതീശന്റെ അടുപ്പക്കാരാണ് നേതാക്കളെന്ന് വ്യക്തമായി. പല നേതാക്കളും അത് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സതീശന്റെ സാമ്പത്തികാടിത്തറ വളർന്നത് സിപിഎം. നേതാക്കളുടെ ഒത്താശയോടെയെന്ന് വ്യക്തം. കണ്ണൂരുകാരനയ സതീശിന് സിപിഎമ്മിലെ ഒരു തലമുതിർന്ന നേതാവുമായി ബന്ധമുണ്ട്. ഈനേതാവിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ല. എത്തിയാൽ അവിടെ രാഷ്ട്രീയമായ ഒത്തുതീർപ്പു വരുമെന്ന സംസാരം അടക്കം സിപിഎം അണികൾക്കിടയൽ ശക്തമാണ്.
ലോക്സഭയിൽ ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. സുരേഷ് ഗോപി വീണ്ടും മത്സരിക്കാൻ ഇറങ്ങുമ്പോൾ വിജയിപ്പിക്കാൻ വേണ്ടിയാണ് ഇഡി ഓപ്പറേഷനെന്ന പ്രതിരോധം സിപിഎം മുന്നോട്ടു വെക്കുന്നുണ്ട്. അതേസമയം സിപിഐ പതിവായി മത്സരിക്കുന്ന സീറ്റിൽ ഏതു രാഷ്ട്രീയ പാർട്ടിയാകും ഡീലുമായി വരിക എന്ന ചോദ്യങ്ങളും ചില കോണുകളിൽ നിന്നും ഉയരുന്നു. രക്ഷപെടാൻ ഉന്നതരുണ്ടെങ്കിലും എന്തും സംഭവിക്കാമെന്ന നിരീക്ഷണങ്ങളും ശക്തമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ ശക്തമായ മത്സരം സുരേഷ് ഗോപി തൃശ്ശൂരിൽ കാഴ്‌ച്ചവെച്ചിരുന്നു. ഇളക്കി മറിച്ചുള്ള പ്രചരണങ്ങൾക്ക് ഒടുവിലും ഒരുലക്ഷത്തിൽ പരം വോട്ടുകൾക്കണ് കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ തോറ്റത്. എന്നാൽ തോൽവിക്ക് ശേഷവും മണ്ഡലം കേന്ദ്രീകരിച്ചു കൊണ്ടു തന്നെയായിരുന്നു സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ നടന്നത്. ഇതെല്ലാം ഇക്കുറിയെങ്കിലും ആക്ഷൻ ഹീറോയ്ക്ക് തുണയായി മാറുമെന്നാണ് പ്രതീക്ഷ.




