- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി തൃശ്ശൂരിന്റെ 'വാഴുന്നോർ' ആകുമ്പോൾ
തിരുവനന്തപുരം: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നൊരു ചൊല്ലുണ്ട്.. ഇത് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് സുരേഷ് 2019 ലും 21 ലും നേടാൻ കഴിയാത്തത് 24 ൽ സുരേഷ് ഗോപി യാഥാർത്ഥ്യമാക്കിയിരിക്കുന്നു. വോട്ടിന്റെ മിന്നുന്ന ജയത്തോടെ ശക്തന്റെ തട്ടകത്തിൽനിന്നും ശക്തനായി ഇന്ത്യൻ പാർലിമെന്റിലേക്ക്.ഇരങ്ങാലക്കുടയിലെ പൊതുയോഗത്തിൽ ജൂൺ 4 ന് ഉയിർപ്പാകും എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നെങ്കിലും അതിനെ കാര്യമായി മുഖവിലയ്ക്കെടുത്തവർ വിരളമായിരുന്നു.കെ മുരളീധരനും വി എസ് സുനിൽ കുമാറും കൂടി എതിർ സ്ഥാനാർത്ഥികൾ ആയതോടെ കളി പിന്നെയും മാറി.. ഒടുവിൽ സമാനതകളില്ലാത്ത എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സുരേഷ് ഗോപി തൃശ്ശൂരിന്റെ വാഴുന്നോരാവുകയാണ്.
ചരിത്രം വഴിമാറ്റിയ ശക്തന്റെ തട്ടകത്തിലെ മൂന്നാം അങ്കം
ലേറ്റ വന്താലും ലേറ്റസ്റ്റ വരും എന്ന രജനി ഡയലോഗ് പോലെയാണ് തൃശ്ശൂരിലെ ഇത്തവണത്തെ സുരേഷ് ഗോപിയുടെ വിജയം.ആദ്യ രണ്ട് ശ്രമത്തിൽ കാലിടറിയെങ്കിലും മൂന്നാമുഴത്തിൽ അതിശക്തമായി തിരിച്ചുവന്നാണ് ബിജെപിക്കായി കേരളത്തിൽ സുരേഷ് ഗോപി അക്കൗണ്ട് തുറന്നത്.തൃശൂർ നിലവിലെ അവസ്ഥയിൽ ഇടതുപക്ഷവും യുഡിഎഫും ഇഞ്ചോടിഞ്ച് നിൽക്കുന്ന മണ്ഡലമാണ്. 1999 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഓരോതവണയും യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നത് കാണാൻ സാധിക്കും. എ സി ജോസിൽ നിന്നും പിന്നീട് സി കെ ചന്ദ്രപ്പൻ, പി സി ചാക്കോ, സി എൻ ജയദേവൻ, ഒടുവിൽ ടി എൻ പ്രതാപനിൽ എത്തിനിൽക്കുകയാണ്. ഒരിക്കൽ യുഡിഎഫ് പിന്നെ എൽഡിഎഫ് അത് 20 വർഷം അങ്ങനെ തുടർന്നു.അവിടെയാണ് അപാരമായ ആത്മവിശ്വാസത്തോടെ വന്ന് ബിജെപി നേതാവും സിനിമാ നടനുമായ സുരേഷ് ഗോപി വിജയക്കൊടി പാറിച്ചത്.
2016 ൽ രാഷ്ട്രീയ രംഗത്തേക്ക് ചുവട്് വച്ച സുരേഷ് ഗോപി 2019 ലാണ് ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിൽ ഗോപി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ അദ്ദേഹം 300,000 വോട്ടുകൾ നേടി.ഇത് ബിജെപിയെ 2014 ൽ നേടിയ 11.1 ശതമാനത്തിൽ നിന്ന് 28.2 ശതമാനമായി ഉയർത്താൻ സഹായിച്ചു.പരാജയം രൂചിച്ചെങ്കിലും വോട്ടുവർധന അദ്ദേഹത്തെ മോദിയുടെ പ്രിയങ്കരിൽ ഒരാളാക്കി.അങ്ങിനെ പാർട്ടി ഗോപിക്ക് രാജ്യസഭാംഗം നൽകി. 2022 ൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് ശേഷം, തൃശൂരിൽ പാർട്ടിയുടെ ഭാഗ്യം വർദ്ധിപ്പിക്കാൻ മോദി വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.ഇതിനിടയിൽ 2021 ലെ നിമയസഭ ഇലക്ഷനിലും സുരേഷ് ഗോപി തൃശ്ശരൂരിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു.
തൃശൂർ പിടിക്കലായിരുന്നു ഇത്തവണ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്.എന്തുവിലകൊടുത്തും ഒരു സീറ്റുറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു ഒളിയും മറയുമില്ലാതെ ബിജെപി ആദ്യം മുതൽക്കെ വ്യക്തമാക്കിയിരുന്നു.ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നൊരുക്കങ്ങൾ ബിജെപി ആരംഭിച്ചിരുന്നു.കരുവന്നൂർ പോലുള്ള പ്രധാന വിഷയങ്ങളിൽ തന്റെതായ നിലപാടുകളിലൂടെയും അഭിപ്രായ പ്രകടനത്തിലൂടെയും പദയാത്രയുൾപ്പടെ സംഘടിപ്പിച്ച് തന്റെ സാന്നിദ്ധ്യം സുരേഷ് ഗോപി അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു. സുരേഷ് ഗോപിക്കുവേണ്ടി മാത്രം സമയം മാറ്റിവച്ച് നിരന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുന്നതും കേരളത്തിലെ ഭാരത് അരിയുടെ വിതരണം തൃശൂരിൽനിന്ന് ആരംഭിച്ചതും വോട്ടായി മാറി എന്നുവേണം മനസിലാക്കാൻ.
ജനുവരി മാസത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര് വന്നത് ദേശീയ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു.ബിജെപി ദേശീയ നേതൃത്വംതന്നെ ഈ മണ്ഡലത്തെ എത്ര പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അടിവരയിടുന്നതായിരുന്നു ഇ നീക്കങ്ങൾ ഒക്കെയും.ഇതിന് പിന്നാലെ ഏപ്രിലിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും മോദിയെത്തി.അങ്ങിനെ അവസരങ്ങളെ പരമാവധി ഇത്തവണ ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു.തൃശ്ശൂർ ജില്ലയിലെ ജനസംഖ്യയുടെ 58 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടർമാരിൽ പ്രീക്ഷയർപ്പിക്കുമ്പോഴും ക്രിസ്ത്യൻ വോട്ടും തന്റെതാക്കാൻ സുരേഷ് ഗോപി അശ്രാന്തമായി പരിശ്രമിച്ചിരുന്നു.20 ശതമാനത്തിലധികം വോട്ടർമാരുള്ള ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ ഈ വർഷം ആദ്യം, ബിജെപിയുടെ കേരള ഘടകം 'സ്നേഹ യാത്ര' പരിപാടിക്ക് സംഘടിപ്പിച്ചിരുന്നു.ഇക്കൊല്ലത്തെ തൃശൂർ പൂരം നടത്തിയ മോശം രീതിയും ആചാരങ്ങളിലെ പൊലീസ് ഇടപെടലും രാഷ്ട്രീയ ചേരിതിരിവായി മാറിയത് തൃശൂർ വോട്ട് സ്വാധീച്ചുവെന്നും വിലയിരുത്തൽ ഉണ്ട്.
അതിജീവിച്ചത് ശക്തമായ രാഷ്ട്രീയ മത്സരത്തെയും പ്രതിസന്ധികളെയും
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശരുരിൽ സ്ഥാനാർത്ഥിയായിരിക്കെ സുരേഷ് ഗോപി നടത്തിയ ഒരു പരാമർശം 'തൃശൂർ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂർ തരണം, തൃശൂർ ഞാനിങ്ങെടുക്കുവാ. എന്ന പ്രയോഗം ഒരു പക്ഷെ കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ആക്ഷേപമാണ് ഏറ്റുവാങ്ങിയത്.അണികൾ എടുത്ത് പ്രയോഗിച്ച് ആക്ഷേപിക്കുന്നതിനൊപ്പം തന്നെ പ്രമുഖ നേതാക്കൾ വരെ ഇ പ്രയോഗത്തിലൂടെ സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെ അതിശക്തമാകയി ആക്ഷേപിച്ചു.കണക്കുകളില്ലാത്ത ടിക്ടോക് വിഡിയോകളും ട്രോളുകളുമാണ് ഈ ഡയലോഗ് വെച്ച് ഉണ്ടായത്.പിന്നാലെ ട്രോളർമാരുടെ ഇഷ്ടതാരമായി സരേഷ് ഗോപി മാറുകയും ചെയ്തു.
ഇത്തവണ വീണ്ടും മത്സരത്തിനിറങ്ങിയപ്പോൾ ആദ്യം എടുത്ത് പ്രയോഗിച്ചതും ഇ വാക്കുകൾ തന്നെയായിരുന്നു.പിന്നാലെ സുരേഷ് ഗോപിയുടെ ഒരോ സംസാരത്തിലും തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് അതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു. മാധ്യമ പ്രവർത്തകയോട് അപമര്യദയായി പെരുമാറി എന്നു പറഞ്ഞ് തുടങ്ങിയ വിമർശനം അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് വരെ എത്തി.പിന്നാലെ ലൂർദ്ദ് മാതാവിന് പൊൻകിരീടം സമ്മാനിച്ച വിഷയമെത്തി.കിരീടം അപ്പോൾ തന്നെ നിലത്ത് വീണുവെന്ന്കാണിച്ച് തുടങ്ങി ട്രോളുകൾ കിരീടത്തിൽ സ്വർണം പൂശിയതിന്റെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തി.അപ്പോഴും അതിലൊന്നും പതറിപ്പോകാതെ തന്റെ വിശ്വാസ പ്രകാരം തന്നാൽ കഴിയുന്നതാണ് താൻ മാതാവിന് നൽകിയതെന്ന് പറഞ്ഞ് തനിക്ക് നേരെ വന്നെ രാഷ്ട്രീയ അമ്പുകളുടെ മുനയൊടിച്ചു വിട്ടു.പിന്നാലെ കലാമണ്ഡലം ഗോപിയുടെ ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട വിവാദം വരുന്നത്.
ഇവിടെയും തീർന്നില്ല തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിലും സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു.വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിങ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിൽ ആയിരുന്നു വിശദീകരണം തേടിയത്.സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്.സിപിഐ ജില്ലാ സെക്രട്ടറിയും എൽ ഡി എഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നൽകിയത്.
സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാർത്ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്.ഇവിടെയും രാഷ്ട്രീയ ഒളിയമ്പുകൾ അവസാനിച്ചിരുന്നില്ല.തൃശൂരിൽ കൈനീട്ടം നൽകിയതിനെ പോലും വിവാദമാക്കി ശത്രുക്കൾ രംഗത്തെത്തി. പണം കൊടുത്ത് വോട്ടുവാങ്ങുന്ന ബിജെപി ശൈലിയാണിതെന്നും അദ്ദേഹത്തെ ഇടത് പക്ഷം ഉൾപ്പടെ വിമർശിച്ചു. അവരുടെ വികലമായ രാഷ്ട്രീയ സങ്കൽപ്പമാണ് ഇതൊക്കെയെന്നും ദൈവത്തിന് വേണ്ടിയാണ് ഞാൻ കൈനീട്ടം നൽകിയതെന്നും രാഷ്ട്രീയപാർട്ടിയുടെ തണലായി നിന്നല്ല ഇതെല്ലാം ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
വിമർശിക്കുന്നവരെ എൻഡോസൾഫാൻ ദുരിതബാധിത സ്ഥലത്ത് കണ്ടില്ല. പണ്ട് ഒരു ദളിത് യുവതിക്ക് എംപി ഫണ്ടിൽ നിന്ന് സഹായം എത്തിച്ചപ്പോൾ അതിനെ വിലക്കിയവരാണ് ഇന്ന് വിമർശനവുമായി രംഗത്ത് വരുന്നതെന്നും സുരേഷ് ഗോപി വിമർശകർക്ക് തകർപ്പൻ മറുപടി നൽകി. വടക്കുംനാഥ ക്ഷേത്രത്തിലേയും മറ്റ് ക്ഷേത്രങ്ങളിലേയും മേമൽശാന്തിക്കും ജീവനക്കാർക്കും ഭക്തർക്കും കൈനീട്ടം നൽകിയതിനെ പരിഹസിച്ചായിരുന്നു വിമർശകർ അദ്ദേഹത്തിന് എതിരെ രംഗത്തെത്തിയത്. അഞ്ച് ദിവസം കൊണ്ട് പതിനായിരക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം കൈനീട്ടം വിതരണം നടത്തിയത്.
നടുറോഡിൽ ആരാധകർക്ക് കൈനീട്ടം കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പോകുന്ന വഴിക്ക് കൈകാണിച്ചതു കൊണ്ട് മാത്രമാണ് അവിടെ വണ്ടി നിർത്തിയത്.റോഡിൽ വച്ച് കൈനീട്ടം കൊടുക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് വാഹനത്തിൽ വച്ച് കൈനീട്ടം നൽകിയത്. ആരേയെങ്കിലും ഒരാളെ നിർബന്ധിച്ച് കാലിൽപിടിപ്പിച്ചതാണെന്ന് തെളിയിച്ച് കാണിക്കണമെന്നും സുരേഷ് ഗോപി എംപി പ്രതികരിച്ചിരുന്നു.സോഷ്യൽ മീഡിയ സജീവമായ കാലത്ത് അതിന്റെ പരമാവധി സാധ്യതകൾ ഉപയോഗിച്ചും സുരേഷ് ഗോപിക്കെതിരെ പ്രതിയോഗികൾ തന്ത്രങ്ങൾ മെനഞ്ഞു.മാനസീകമായ അത്മവിശ്വാസം കെടുത്തുക എന്നുള്ളതായിരുന്നു ഇത്തരം തന്ത്രങ്ങൾക്ക് പിന്നിൽ
കരുവന്നൂർ വിഷയത്തിലെ പദയാത്രയിൽ ക്ഷീണിതനായെന്ന് കാണിച്ച് വീഡിയോ ട്രോളുകളും പോസ്റ്റുകളും,പ്രചരണസമയത്തെ ഡാൻസ് വീഡിയോകളെടുത്തുള്ള കളിയാക്കൽ എല്ലാ അതിർ വരമ്പുകളെയും ലംഘിക്കുന്നതായിരുന്നു.ഇവിടെയൊക്കെത്തന്നെയും തന്റെ സിനിമകളില്ലെ കഥാപാത്രത്തിന്റെ അതേ കരുത്തോടെ നിന്ന് എല്ലാ പൊതുയോഗങ്ങളിലും അദ്ദേഹം ഒരു കാര്യം മാത്രം ആവർത്തിച്ചു.. തൃശ്ശൂർ എടുത്തിരിക്കുമെന്ന്.. ജൂൺ 4 ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും..
വിമർശകർക്ക് അറിയാത്ത സുരേഷ് ഗോപി
രാഷ്ട്രീയത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും സുരേഷ് ഗോപി മാറ്റമില്ലാതെ തുടർന്നത് ജീവകാരുണ്യപ്രവർത്തനങ്ങളായിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ കോടീശ്വരൻ പരിപാടിയിൽ അവതാരകനായി എത്തിയപ്പോഴും കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരംശം നൽകാൻ അദ്ദേഹം തയ്യാറായി.തന്റെ ഔദ്യോഗിക ഫണ്ട് തീർന്നാൽപ്പോലും സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനം പോലും അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു.
അട്ടപ്പാടിയിലെ ആദിവാസികൾക്ക്, എൻഡോസൾഫാൻ ദുതിബാധിതർക്ക്, സമൂഹവിവാഹത്തിന് അങ്ങനെ അദ്ദേഹം ഇടപെടൽ നടത്താത്ത ജീവകാരുണ്യപ്രവർത്തനങ്ങൾ ചുരുക്കമായി. അമ്മയിൽ മെമ്പർഷിപ്പുള്ള അംഗമാണെങ്കിൽ പോലും താരസംഘടനയിൽ സജീവമായില്ല. പക്ഷേ അമ്മയിലെ അവശത അനുഭവിക്കുന്ന കലാകാരന്മാരുടെ പ്രശ്‌നങ്ങളിൽ താരം സജീവ ഇടപെടലുമായി രംഗത്തെത്തി. കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്.
എൻഡോസൾഫാൻ ദുരിതത്തിലാഴ്‌ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നൽകിയത്. പൊതുസമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായി എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ അദ്ദേഹം വാങ്ങി നൽകിയത്.
നടൻ രതീഷ് മരിക്കുമ്പോൾ ആ കുടുംബം തീർത്തും അനാഥമായിപ്പോയി. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളും ഒപ്പം രണ്ടു ആൺകുട്ടികളും. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു രതീഷിന്റെ മടക്കം. തേനിയിൽ അവരെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി ബാധ്യതകൾ മുഴുവൻ തീർത്തു. തിരുവനന്തപുരത്തു സ്ഥിരതാമസത്തിന് ഇവർക്ക് സൗകര്യമൊരുക്കിയത് സുരേഷ് ഗോപിയുടെ ഇടപെടൽ തന്നെയായിരുന്നു.
രതീഷിന്റെ മകളുടെ വിവാഹത്തിന് 100 പവൻ സ്വർണം നൽകിയാണ് അദ്ദേഹം തന്റെ നന്മ അറിയിച്ചത്. എംപിയായിരുന്ന കാലയളവിൽ വയനാട്ടിലെ ആദിവാസികൾക്ക് കുടിവെള്ളം എത്തിച്ചത് ഉൾപ്പടെ സംസ്ഥാന സർക്കാർ പോലും ചെയ്യാത്ത ഒട്ടനവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. രാജ്യസഭയിൽ കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കായി അദ്ദേഹം വാദിച്ചു. എംപി കാലയളവിൽ നിർദ്ദിഷ്ട ഫണ്ടിന് പുറമേ തന്റെ കയ്യിൽ നിന്നു പണം മുടക്കിയും അദ്ദേഹം അവശത അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ചു. ശക്തൻ മത്സ്യമാർക്കറ്റ് ഹൈ ടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിന് പിന്നാലെ നഗരത്തിന്റെ വികസനത്തിന് സഹായം തേടി നടനും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ടതും നിർണായകമായിരുന്നു.
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ...ആധികാരിക ജയത്തോടെ സുരേഷ് ഗോപി പാർലിമെന്റിൽ എത്തുമ്പോൾ ഇനി സംസ്ഥാനം ഉറ്റ് നോക്കുന്നത് ഒരേ ഒരു കാര്യം തന്നെയാണ്..തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃശൂരിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരവധി പരസ്യബോർഡുകളിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രത്തിലുണ്ടായ ഒരു അടിക്കുറിപ്പ്"തൃശ്ശൂരിൽ ഒരു കേന്ദ്രമന്ത്രി മോദിയുടെ ഉറപ്പ്."