തൃശൂർ: ദേശീയ തലത്തിൽ തിരിച്ചടി നേരിടുമ്പോഴും തൃശൂരിൽ സുരേഷ് ഗോപി ബിജെപിക്കായി അക്കൗണ്ട് തുറന്നു. വോട്ടണ്ണലിന്റെ എല്ലാ ഘട്ടത്തിലും മുന്നിട്ട് നിന്നാണ് നടന്റെ ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേരത്തെ തോറ്റ സുരേഷ് ഗോപിയെ ഇത്തവണ തൃശൂരുകാർ കൈവിട്ടില്ല. എല്ലാ വിഭാഗങ്ങളുടേയും വോട്ട് അനുകൂലമാക്കിയ വിജയം. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ഇടതു വലതു മുന്നണികൾ നടത്തിയ നീക്കമെല്ലാം വിഫലമായി. വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിച്ചില്ല. തിളക്കമാർന്ന വിജയുമായി എംപിയാകുകയാണ് സുരേഷ് ഗോപി. കലാകാരൻ എന്ന നിലയിൽ നോമിറ്റേഡ് രാജ്യസഭാ അംഗമായ പ്രവർത്തന കരുത്ത് സുരേഷ് ഗോപിക്കുണ്ട്. ഇതുമായാണ് ലോക്‌സഭയിലേക്ക് നടൻ പോകുന്നത്. അങ്ങനെ തൃശൂരിനെ സുരേഷ് ഗോപി അങ്ങ് എടുക്കുകയാണ്. ബിജെപി പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് സുരേഷ് ഗോപി തൃശൂരിൽ നേടുന്നത്.

നിയമസഭയിൽ ഒ രാജഗോപാൽ ജയിച്ച് ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ ലോക്‌സഭയിൽ കേരളത്തിൽ നിന്നും ബിജെപിക്ക് ആദ്യമായാണ് ഒരംഗത്തെ കിട്ടുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സുരേഷ് ഗോപിയുടെ വിജയം. പൂരം മുടങ്ങിയതും സുരേഷ് ഗോപിക്ക് നേട്ടമായി മാറി. ഇതിന്റെ തരംഗം തൃശൂരിൽ അലയടിച്ചുവെന്നതിന് തെളിവാണ് സുരേഷ് ഗോപിയുടെ വിജയം. യുഡിഎഫിൽ നിന്നും വൻതോതിൽ വോട്ട് ബിജെപിയിലേക്ക് ചോർന്നു. ഇടതുപക്ഷത്ത് സുനിൽ കുമാറിന് ഒരു പരിധിവരെ പിടിച്ചു നിൽക്കാനുമായി. തൃശൂരിൽ കെ മുരളീധരന് ഏൽക്കുന്നത് വമ്പൻ തോൽവിയാണ്. വടകരയിൽ നിന്നും സുരേഷ് ഗോപിയെ തോൽപ്പിക്കാനായി തൃശൂരിൽ സ്ഥാനാർത്ഥിയായ വ്യക്തിയാണ് കെ മുരളീധരൻ.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫും എൽഡിഎഫും മാറിമാറി മുന്നേറിയ മണ്ഡലത്തിൽ ഒന്നരമണിക്കൂർ കഴിഞ്ഞതോടെയാണ് സുരേഷ് ഗോപി മേൽക്കൈ നേടിയത്.സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തിൽ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. 2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോൾ വിജയമാകുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും ലോക്സഭയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ൽ സുരേഷ് ഗോപിയെ തൃശൂരിൽ പരീക്ഷിക്കാൻ ബിജെപി നേതൃത്വം തയ്യാറായത്. ബാലികേറാമലയായ കേരളത്തിൽ തൃശൂർ പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുടെ പടനീക്കം. അതിനായി പ്രധാനമന്ത്രി മോദിയെ തന്നെ പലതവണ രംഗത്തിറക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഔദ്യോഗികമായി അല്ലാതെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥിയും സുരേഷ് ഗോപിയായിരുന്നു.

സുരേഷ് ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുതവണയാണ് തൃശൂരിൽ എത്തിയത്. മോദി തംരഗത്തിനൊപ്പം സുരേഷ് ഗോപിയുടെ ആക്ഷൻ ഹീറോ പരിവേഷവും തൃശൂരുകാർ അംഗീകരിച്ചു. അങ്ങനെ മോദിക്ക് വേണ്ടി തൃശൂരിനെ സുരേഷ് ഗോപി എറ്റെടുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ 'തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും പലവട്ടം പരിഹാസമാക്കി മാറ്റി.

എന്നാൽ ഒടുവിൽ തൃശൂർ 'അങ്ങ് എടുത്ത്' സുരേഷ് ഗോപി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്. ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്.