തിരുവനന്തപുരം: തിരുവനന്തപുരത്ത് കഷ്ടിച്ചു കടന്നുകൂടി ആഗോള പൗരൻ. ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ ഉയർത്തിയ ശക്തമായ പോരാട്ടത്തെ അവസാന റൗണ്ടിലെ മികവിലാണ് ശശി തരൂർ മറികടന്നത്. ഈ വിജയം തരൂരിന് ഒരപൂർവ്വ റിക്കോർഡും നൽകുന്നു. തുടർച്ചയായി നാലു തവണ തിരുവനന്തപുരത്തെ എംപിയായ ആദ്യ വ്യക്തി. തിരുവനന്തപുരത്ത് ഹാട്രിക് ജയം നേടിയ എ ചാൾസിന് നാലാം അങ്കത്തിൽ തോൽവി പിണഞ്ഞു. ഈ ചരിത്രത്തെയാണ് നാലാം വിജയത്തോടെ തരൂർ അപ്രസക്തമാക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയാൻ തരൂരിനെ പ്രാപ്തനാക്കുന്നതാണ് ഈ വിജയം.

തിരുവനന്തപുരത്ത് 10 റൗണ്ട് വരെ രാജീവ് ലീഡ് നില ഉയർത്തിയാലും 11-ാമത്തെ റൗണ്ട് മുതലാണ് തിരുവനന്തപുരം ആർക്കൊപ്പം എന്നതിൽ അന്തിമവിധി എന്നത് ഉറപ്പായിരുന്നു. ഇതാണ് ഇത്തവണയും സംഭവിച്ചത്. 2014 ൽ നാലാം റൗണ്ട് എണ്ണുമ്പോൾ 10000 മുകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന രാജഗോപാൽ ലീഡ്.എന്നാൽ 11-ാമത്തെ റൗണ്ട് മുതൽ ശശി തരൂര് ലീഡ് നില ഉയർത്തുകയും വിജയിച്ച് കയറുകയുമായിരുന്നു. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു.ഡ.എഫ് സ്ഥാനാർത്ഥിയായ ശശി തരൂരിന്റെ വിജയം. 2014 വീണ്ടും തരൂർ ആവർത്തിച്ചു. അങ്ങനെ 2024ലും തിരുവനന്തപുരത്തിന്റെ എംപിയായി ശശി തരൂർ മാറുന്നു. താമര വിരിയാൻ അനുവദിക്കാത്ത നേതാവായി തരൂർ മാറുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണുകൾ തലസ്ഥാനത്തേക്ക് നീങ്ങിയിരുന്നു. തീര മേഖലകളാണ് യുഡിഎഫിനെ തുണച്ചത്. പന്ന്യൻ രവീന്ദ്രനു എൽ.ഡി.എഫിന്റെ വോട്ട് വർധിപ്പിക്കാനായി. പാറശ്ശാലയും നെയ്യാറ്റിൻകരയും കോവളവും തരൂരിനൊപ്പം നിലയുറപ്പിച്ചു. അപ്പോഴും ഈ മേഖലയിലും രാജീവ് ചന്ദ്രശേഖർ കടന്നു കയറ്റം നടത്തി. വോട്ട് വിഹിതത്തിൽ വർദ്ധനയുമുണ്ടായി. ഇതിനെ അതിജീവിച്ചു ജയിക്കാനായത് തരൂരിന്റെ വ്യക്തിപ്രഭാവം കൊണ്ടു കൂടിയാണ്. ഇതുവരെ തിരുവനന്തപുരത്ത് നേടിയതിൽ ഏറ്റവും നിർണ്ണായകമാണ് ഈ വിജയം. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തിലെ താരമാക്കാനും അദ്ദേഹത്തിന്റെ അനുയായികൾക്ക് ഇനി കഴിയും. പതിനായിരത്തിന് മുകളിൽ ലീഡുണ്ടെന്നതും നിർണ്ണായകമാണ്.

സിഎസ് ഐ സഭയുടെ പിന്തുണയോടെയാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി 1984ൽ സ്ഥാനാർത്ഥിയായത്. കെ കരുണാകരന്റെ കണ്ടെത്തൽ. ചാൾസ് തുടർച്ചയായി മൂന്ന് തവണ വിജയിച്ചു. ഒഎൻവിയെ പോലും തോൽപ്പിച്ചു. ചാൾസിന്റെ ഈ വിജയ ചരിത്രം ശശി തരൂരിന് മറികടക്കാൻ കഴിയില്ലെന്ന പ്രചരണമാണ് ബിജെപി ക്യാമ്പുകൾ നൽകിയത്. പക്ഷേ അന്തിമ ഫലത്തിൽ വിജയം തരൂരിനാവുകയാണ്. കോൺഗ്രസിലെ വലിയൊരു വിഭാഗവും തരൂരിന് എതിരായിരുന്നു. എൻ എസ് എസിന്റെ പിന്തുണ പോലും ബിജെപി അവകാശപ്പെട്ടു. എന്നിട്ടും തരൂർ ജയിച്ചു. അതായത് പൂർണ്ണമായും നായർ വോട്ട് ബാങ്ക് തരൂരിനെ കൈവിട്ടില്ല. ഇതിനൊപ്പം തീരത്തിന്റെ പിന്തുണ ആവോളം കിട്ടുകയും ചെയ്തു.

ഇത്തവണത്തേത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ ശശി തരൂർ പറഞ്ഞിരുന്നു. എന്നാൽ അതിനർഥം രാഷ്ട്രീയം നിർത്തുമെന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം കിട്ടിയാൽ അത് നിർവഹിക്കുമെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ തരൂരിന്റെ നയതന്ത്രത്തിന് സാധ്യതകൾ ഏറെയാണ്. കേരളത്തിലെ രാഷ്ട്രീയത്തിൽ തരൂരിനെ മുഖ്യമന്ത്രിയായി കാണുന്നവരും ഏറെയുണ്ട്. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ കോൺഗ്രസിന് എല്ലാ വിഭാഗങ്ങളിലേക്കും കടന്നു ചെല്ലാൻ കഴിയുന്ന നേതാവിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ കഴിയുന്ന നേതാവായാണ് തരൂരിനെ എല്ലാവരും വിലയിരുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവിന്റെ പ്രവചനത്തിൽ പ്രതികരണവുമായി ശശി തരൂർ എത്തിയത് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. 'അത്ഭുതകരം, യോഗേന്ദ്ര യാദവ് തന്റെ മുൻ പ്രവചനങ്ങൾ തിരുത്തി ബിജെപിക്ക് 272 സീറ്റുപോലും ഒറ്റക്ക് നേടാനാകില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി 250-ലേക്ക് താഴുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായാൽ അത് 230 സീറ്റുകളിലേക്ക് എത്തുമെന്നും പറഞ്ഞിരുന്നു. ഇതു തന്നെയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതും. ബിജെപി മുന്നണിക്ക് അധികാരം ഉറപ്പിക്കാൻ ഏറെ വെല്ലുവിളികൾ ഉണ്ട്. അതില്ലാതാക്കാൻ തരൂരിന്റെ നയതന്ത്ര ഇടപെടലിന് കഴിയുമെന്നതാണ് വസ്തുത.