കോട്ടയം: പുതുപ്പള്ളിയിലെ തിളങ്ങും വിജയത്തോടെ യുഡിഎഫിലെ ഘടകകക്ഷികൾക്കും കോൺഗ്രസിൽ വിശ്വാസം കൂടും. മുസ്ലിം ലീഗിനെ അടക്കം അടർത്തിയെടുത്ത് യുഡിഎഫിനെ ദുർബ്ബലപ്പെടുത്തി തുടർഭരണം തുടരുകയെന്നതായിരുന്നു സിപിഎം തന്ത്രം. എന്നാൽ പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിൽ സിപിഎം ഭരണത്തിനെതിരായ വികാരവും തെളിയുന്നുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിനൊപ്പം ചേർന്ന് നിന്ന് മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടും. കേരളത്തിലെ 'ഇന്ത്യാ' മുന്നണിയായി അങ്ങനെ യുഡിഎഫ് മാറും. ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരായ വികാരം യുഡിഎഫിലേക്ക് തന്നെ വോട്ടായി എത്തുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സൽ പോലെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തെ കണ്ടത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംഘടനാ സംവിധാനം, കൃത്യതയാർന്ന ചുമതലകൾ വിഭജിച്ച് നൽകി താഴെത്തലത്തിൽ ഇറങ്ങി, ചടുലവും ശാസ്ത്രീയവുമായ് പ്രവർത്തിച്ചതിന്റെ നേട്ടം കൂടിയാണ് പുതുപ്പള്ളിയിൽ കാണുന്നത്. ചാണ്ടി ഉമ്മന്റെ വൻ വിജയത്തോടെ ഈ സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്നും വ്യക്തം. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും വിജയത്തിൽ പൂർണ്ണ തൃപ്തരാണ്. ഈ ഒത്തൊരുമ ലോക്‌സഭയിലും പ്രതിഫലിപ്പിക്കാനാകും അവർ ഇനി ശ്രമിക്കുക.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനവും പ്രചാരണത്തിൽ എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങൾ ഉന്നയിച്ചതും ചാണ്ടി ഉമ്മന്റെ 'കുത്തൊഴുക്കി'ന് വേഗത കൂട്ടി. ഈ വിജയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സംസ്ഥാനത്താകെ ആവേശവും ഊർജ്ജവുമാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ സാധിച്ച ഘടകങ്ങളെല്ലാം അവരെ കൈവിടുന്ന കാഴ്ചയാണ് പുതുപ്പള്ളിയിൽ കണ്ടത്.

കേരളാ കോൺഗ്രസ് (എം) അണികൾ സിപിഎം സമ്മർദ്ദത്തിന് വഴങ്ങാതെ വോട്ടു ചെയ്തെന്ന് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ വോട്ടിങ് പാറ്റേൺ അടിവരയിടുന്നു. തങ്ങളുടെ കേന്ദ്രത്തിൽ വോട്ടു ചോർന്നതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ.മാണിക്ക് വിലപേശൽ ശക്തി നഷ്ടമാകും. കോട്ടയം ജില്ലയിൽ എൽഡിഎഫിലെ രണ്ടാം കക്ഷി തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഐ ഈ അവസരം മുതലെടുക്കാനും ശ്രമിക്കും. അങ്ങനെ ഇടതുപക്ഷത്ത് കേരളാ കോൺഗ്രസ്-സിപിഐ പോര് വീണ്ടും ശക്തമാകും.

മാസപ്പടിയും കോഴയും ധൂർത്തും മുഖമുദ്രയാക്കിയ, നികുതിഭാരത്താൽ ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാറിന് കേരളത്തിന്റെ മറുപടിയാണ് പുതുപ്പള്ളിക്കാർ ജനവികാരത്തിലൂടെ നൽകിയത് എന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മുഖ്യമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയ ഭാഗങ്ങളിൽ പോലും സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടായി. വീണ വിജയന്റെ മാസപ്പടിയും കൈതോലപ്പായ വിവാദവും ജനകീയ കോടതിയിൽ വിചാരണ ചെയ്യപ്പെട്ടപ്പോൾ എൽഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും ചാണ്ടി ഉമ്മൻ മുന്നേറ്റമുണ്ടാക്കിയെന്ന് കോൺഗ്രസ് പറയുന്നു.

സ്ഥാനാർത്ഥി ജയ്ക്ക്.സി തോമസിന്റെയും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ വാസവന്റെയും സ്വന്തം ബൂത്തുകളിലും യുഡിഎഫ് കുതിച്ചു. സിപിഎം പാർട്ടി വോട്ടിൽ വലിയ ചോർച്ചയാണ് ഇവിടങ്ങളിലുണ്ടായത്. അഴിമതിയിലും സ്വജനപക്ഷപാദത്തിലും ഓഫീസ് ദുരുപയോ?ഗത്തിലും ഇത്രമാത്രം ആരോപണങ്ങൾ നേരിട്ടുള്ള ഒരു മുഖ്യമന്ത്രിയും ചരിത്രത്തിലില്ല. അതിനു ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് പുതുപ്പള്ളിയിലെ ജനവിധി.

ദേശീയ രഷ്ട്രീയത്തിൽ വരുന്ന പുതിയ സഖ്യങ്ങളും യോജിപ്പുകളും കോൺഗ്രസിന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു എന്ന തോന്നലും ജനങ്ങളിൽ രൂഢമൂലമണ്. ഹിമാചൽ പ്രദേശിലും കർണാടകയിലും ഉണ്ടായ ജനവിധിയാണ് കേരളത്തെയും കാത്തിരിക്കുന്നതെന്നതിനു സൂചനയാവും പുതുപ്പള്ളി തരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. അതു ശരിവയ്ക്കുന്നതാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി നേടിയ 37,213 വോട്ടുകളുടെ മിന്നുന്ന വിജയം.