- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിന്റെ 'കടത്തനാടൻ അടവ് ' വിജയം കാണുമ്പോൾ
തിരുവനന്തപുരം: കടത്തനാടൻ കളരിയിൽ യുഡിഎഫിന്റെ അടവുകൾ ഒരിക്കൽ കൂടി വിജയം കാണുകയാണ്.ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡുമായി ഷാഫി പറമ്പിൽ വിജയക്കൊടി പാറിക്കുമ്പോൾ വിജയം കാണുന്നത് യു ഡി എഫിന്റെ മികച്ച രാഷ്ട്രീയ തന്ത്രം കൂടിയാണ്.വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം പ്രതീക്ഷയ്ക്കപ്പുറം വാശിയുള്ളതായി മാറിയപ്പോൾ പ്പോൾ ആരു ജയിക്കുമെന്നത് പ്രവചനാതീതമായിരുന്നു.
വടകരയിൽ എൽ.ഡി.എഫിലെ കെ.കെ. ശൈലജയും യു.ഡി.എഫിലെ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ഇരുവർക്കും അനുകൂല, പ്രതികൂല ഘടകങ്ങൾ നിരവധിയായിരുന്നു.അക്രമ രാഷ്ട്രീയം,ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർത്ഥിക്കുള്ള വക്കീൽനോട്ടീസിൽ വരെയെത്തി.എന്നാൽ ഇതിനയൊക്കയും കൂട്ടായ പ്രവർത്തനത്തിലൂടെ യു.ഡി.എഫ് അതിജീവിച്ചുവെന്നാണ് പുറത്തുവരുന്ന ഫലം നൽകുന്ന ചിത്രം.
പത്മജ വേണുഗോപാലിന്റെ ബിജെപിയി പ്രവേശനം ഇല്ലായിരുന്നെങ്കിൽ വളരെ സാധാരണമായിപ്പോകുമായിരുന്ന മണ്ഡലത്തെ സംസ്ഥനത്തിന്റെ തന്നെ മുഖ്യ ആകർഷകമാക്കിയത് ഷാഫിയുടെ വടകരയിലേക്കുള്ള വരവാണ്.ശൈലജ ടീച്ചറുടെ വരവോടെ സ്ഥാനാർത്ഥികളെ ഇറക്കാൻ എതിർപാർട്ടികൾ ഭയക്കുന്നുവെന്ന് വരെ ചർച്ചകൾ സജീവമായപ്പോഴാണ് കരിമ്പനകളുടെ നാട്ടിൽ നിന്ന് പാലക്കാടൻ കാറ്റുപോലെ ഷാഫി വടകരയിലെത്തുന്നതും എതിരാളികളെ ചുഴറ്റിയടിക്കുന്നതും.2019-ൽ പി. ജയരാജനെ മലർത്തിയടിക്കാൻ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു വട്ടിയൂർക്കാവ് എംഎൽഎയായിരുന്ന കെ. മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയായി എത്തിച്ചത്.ഇത് വിജയം കാണുകും ചെയ്തു.ഇ കടത്തനാടൻ അടവിന്റെ പുതിയ രൂപമായിരുന്നു വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വം.
ഈ രണ്ട് അടവുകളിലും യുഡിഎഫ് വിജയിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത.ന്യൂനപക്ഷവോട്ടുകൾ നിർണായകമായ വടകരയിൽ ആ വോട്ടുകളിൽ കണ്ണുവച്ചായിരുന്ന കെ.കെ. ശൈലജയെ സ്ഥാനാർത്ഥിയാക്കിയത്.ദേശീയതലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പറഞ്ഞായിരുന്നു തുടക്കത്തിൽ ഷൈലജയുടെ വോട്ടുപിടിത്തവും. സ്ത്രീവോട്ടർമാർക്കിടയിൽ ശൈലജക്കുള്ള സ്വീകാര്യതയും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്നുകൊണ്ടുള്ള പ്രവർത്തനംകൊണ്ട് നേടിയ മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് എൽ.ഡി.എഫ്. പ്രതീക്ഷിച്ചു.ഇതിന് ബദലായി ഹൈക്കമാൻഡ് തീരുമാനപ്രകാരം വീണ്ടും ഇവിടെ മത്സരിക്കാൻ കെ മുരളീധരൻ തയ്യാറെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സഹോദരി പത്മജയുടെ കൂറുമാറ്റം.
എന്നാൽ, അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു ഡൽഹിയിലെ ചർച്ചകളിൽ കോൺഗ്രസ്.ഏത് തന്ത്രമാണോ എൽ.ഡി.എഫ്. വടകരയിൽ പുറത്തെടുത്തത്, അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു യു.ഡി.എഫ്.ഈ തിരിച്ചടി മറികടക്കാനാണ് താത്പര്യമില്ലാതിരുന്നിട്ടും ഷാഫിയെ വടകരയിലെത്തിച്ചതും ബിജെപിയെ എതിരിടാൻ കെ മുരളീധരനെ തൃശ്ശൂരിലേക്കുയച്ചതും.സാമുദായിക സന്തുലനത്തിന് ശ്രമിക്കുന്ന യു.ഡി.എഫ്. കണ്ണൂരിലോ ആലപ്പുഴയിലോ മുസ്ലിം ന്യൂനപക്ഷത്തിൽനിന്ന് സ്ഥാനാർത്ഥിയെ ഇറക്കിയേക്കുമെന്ന് പ്രതീക്ഷിച്ച എൽ.ഡി.എഫിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്ന വടകരയിലെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വം.
വടകരയിൽ കോൺഗ്രസിന്റെ ഒരു മുസ്ലിം ന്യൂനപക്ഷ പ്രതിനിധി വിജയിച്ചാൽ ഭാവിയിൽ തങ്ങൾക്ക് ലഭിക്കാനിടയുള്ള മൂന്നാം സീറ്റിന്റെ അവകാശവാദം ഇല്ലാതായിപ്പോവുമെന്ന വിലയിരുത്തലിൽ ലീഗ് പ്രചാരണരംഗത്തുനിന്ന് വിട്ടുനിന്നേക്കുമെന്ന് തുടക്കത്തിൽ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ വടകരയിൽ പോര് മുറുകിയതോടെ കളി മാറി.എൽ ഡി എഫ് തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രവുമെടുത്ത് ഷാഫിക്കെതിരെ പ്രയോഗിച്ചു.ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർത്ഥിക്കുള്ള വക്കീൽനോട്ടീസിൽ വരെയെത്തി.വീഡിയോ മോർഫിങ്ങ് വരെ ആരോപണങ്ങൾ എത്തിയതോടെ മൂന്നാം സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവവും സിറ്റിങ് എംപി. മത്സരിച്ചാലുണ്ടാവുന്ന ആവേശക്കുറവും മാറ്റിവെച്ച് ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുന്ന കാഴ്‌ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്.
തങ്ങൾക്ക് ലഭിക്കാത്ത മൂന്നാം സീറ്റായി അവർ വടകരയിലെ ഷാഫിയുടെ സ്ഥാനാർത്ഥിത്വത്തെ കണ്ടു.പത്മജയുടെ കൂറുമാറ്റത്തോടെ
രൂക്ഷമായ, ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തെ മറികടക്കാനും ഷാഫിയുടെ വരവിലൂടെ സാധിച്ചു.ഒടുവിൽ തന്റെ മോർഫ് ചെയ്ത വീഡിയോ ഇറക്കിയെന്ന് പറഞ്ഞില്ലെന്ന ശൈലജയുടെ അവസാന 'വിശദീകരണം' പാർട്ടിയുടെ സൈബർ പോരാളികളെ വരെ പ്രതിരോധത്തിലാക്കി.അർധരാത്രിയിൽ പോലും ഷാഫിയുടെ സ്വീകരണ പരിപാടിയിൽ കണ്ട വലിയ ആൾക്കൂട്ടം യു.ഡി.എഫിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
യു.ഡി.എഫ്. പട്ടികയിലെ ഏക പുതുസ്ഥാനാർത്ഥിയായിരുന്നു ഷാഫി പറമ്പിൽ.പാലക്കാട് പോലെ സംഘപരിവാർ സ്വാധീനമുള്ള മണ്ഡലത്തിൽ മൂന്നുതവണ വിജയിച്ച സ്ഥാനാർത്ഥിയെന്ന നിലയിലും പൊതുപ്രതിച്ഛായയുടെ പേരിലും ഏതെങ്കിലൊരുമൊരു കള്ളിയിൽ ഒതുങ്ങിനിൽക്കുന്ന പേരായിരുമായിരുന്നില്ല ഷാഫി പറമ്പിലിന്റേത്.മറ്റെല്ലാ ചർച്ചകളേയും സ്വന്തം വ്യക്തിപ്രഭാവംകൊണ്ട് മറികടക്കാൻ കഴിയുന്ന സ്ഥാനാർത്ഥി. ഇതിന്റെ പ്രതിഫലനമായിരുന്ന വടകരയിൽ ഷാഫി വന്നിറങ്ങിയ ദിവസംമുതൽ യു.ഡി.എഫ്. പ്രചാരണങ്ങളിൽ വന്നുകൂടിയ ആൾക്കൂട്ടം.ശൈലജ ഇറങ്ങിയപ്പോൾ അറയ്ക്കൽ തറവാട്ടിൽ ലഭിച്ച സ്വീകരണത്തിനുള്ള മറുപടി യു.ഡി.എഫ്. നൽകിയത് പുലർച്ചെ മൂന്നുമണിക്കുപോലും ഷാഫിയെക്കാണാൻ യു.ഡി.എഫ്. പൊതുയോഗത്തിലെത്തിയ സ്ത്രീകളെ ചൂണ്ടിയാണ്.
പാലക്കാട് വിട്ടുവരുമ്പോൾ ഷാഫിക്ക് അവിടുത്തെ ജനങ്ങൾ നൽകിയ യാത്രയയപ്പിന്റെ ദൃശ്യങ്ങളും വടകരയിലെ വോട്ടർമാർക്കിടയിൽ ഷാഫിക്ക് മതിപ്പുളവാക്കി.പതിറ്റാണ്ടുകളായി ഇടതുമുന്നതിയുടെ കോട്ടയായിരുന്നു വടകര.സിപിഎം വിട്ട് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എംപി രൂപവൽകരിച്ചതിനുശേഷമാണ് തിരിച്ചടി നേരിട്ട് തുടങ്ങിയത്. മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ ഇടത് തേരോട്ടത്തിന് തടയിട്ടത്.രണ്ട് തവണ വടകര പ്രതിനിധികരിച്ച മുല്ലപ്പള്ളി മാറി നിന്ന സാഹചര്യത്തിലാണ് കെ. മുരളീധരൻ വടകരയിലെത്തിയത്. ഇത്തവണ കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു ഇടത് പ്രതീക്ഷ.ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ട് സംസ്ഥാനത്താകെ പിണറായി വിജയനെ മുന്നിൽ നിർത്തി എൽ.ഡി.എഫ്. നടത്തിയ നീക്കങ്ങളാകെ വടകരയിലെ ഷാഫിയുടെ സ്ഥാനാർത്ഥിത്വംകൊണ്ട് കോൺഗ്രസ് നിഷ്പ്രഭമാക്കി.
പാലക്കാട് മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഷാഫി ചിരപരിചിതമല്ലാത്ത രാഷ്ട്രീയ ഭൂമികയിലും വിജയംകൊയ്യാമെന്ന് തെളിയിക്കുകയാണ് വടകരയിലെ മിന്നും വിജയത്തിലൂടെ.ഇതിന്റെ അനുരണനങ്ങൾ മലബാറിലാകെയുണ്ടായി എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ തുടർവിജയമടക്കം ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നതും.