- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ജയിച്ച് സെമിയിൽ മിന്നു വിജയം; പിന്നാലെ കശ്മീരിലെ പ്രത്യേക പദവിയിൽ നിയമ പോരാട്ട വിജയം; ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടുപോവുക എന്ന ചോദ്യം വീണ്ടും ശക്തമായി ഉയർത്തും; ഏകീകൃത സിവിൽ കോഡ് തൊട്ടടുത്തോ?
ന്യൂഡൽഹി: കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കുമ്പോൾ എല്ലാ അർത്ഥത്തിലും വിജയം കേന്ദ്ര സർക്കാരിന് തന്നെ. സുപ്രീംകോടതി വിധിയോടെ നാലുവർഷം നീണ്ടുനിന്ന സങ്കീർണമായ നിയമപോരാട്ടങ്ങളും തീർന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരിഞ്ഞെടുപ്പിൽ മൂന്നിലും ജയിച്ച ബിജെപിക്കും വലിയ ആശ്വാസമാണ് വിധി. ഏകീകൃത സിവിൽ കോഡ് അടക്കം മുൻ പദ്ധതികളുമായി മുമ്പോട്ട് പോകാൻ ബിജെപിക്ക് കരുത്താകുന്നതാണ് ഈ വിധിയെന്നാണ് വിലയിരുത്തൽ.
അങ്ങനെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്രത്തിലേക്ക് ഏകീകൃത സിവിൽ കോഡ് ഒരിക്കൽക്കൂടി കടന്നുവരും. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പുയോഗങ്ങളിലൊന്നിൽ പ്രധാനമന്ത്രി ഇതേക്കുറിച്ച് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. രാമക്ഷേത്രനിർമ്മാണത്തിനും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയലിനും ശേഷം ബിജെപി.യുടെ പ്രഖ്യാപിതനയങ്ങളിൽ ബാക്കിയുള്ള പ്രധാന ഇനങ്ങളിലൊന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കലാണ്. അതുകൊണ്ടുതന്നെ അടുത്ത തിരഞ്ഞെടുപ്പിലെ കേന്ദ്രവിഷയമായി അത് ഉയർന്നുവന്നേക്കും. അതിന് മുമ്പ് കൊണ്ടു വരാനും സാധ്യത ഏറെയാണ്. ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടുപോവുക എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പൊതു സിവിൽകോഡിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയത്. ഇത് തന്നെയാണ് കാശ്മീർ വിധിയിലും സുപ്രീംകോടതി പരാമർശങ്ങളിൽ നിഴലിക്കുന്നത്.
ദേശീയോദ്‌ഗ്രഥനത്തിനായി പ്രവർത്തിക്കാൻ ഏകീകൃത സിവിൽ കോഡിന് കഴിയുമെന്നായിരുന്നു ഷാബാനോ കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം അടക്കം കേന്ദ്രം ഉയർത്തിക്കാട്ടുന്നുണ്ട്. സരള മുദ്ഗാൾ കേസാണ് മറ്റൊരു പ്രധാന ഉദാഹരണം. ഈ കേസിൽ സുപ്രീം കോടതിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ''എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ഏകീകൃത വ്യക്തിനിയമങ്ങൾ രൂപീകരിക്കാൻ ഇന്നുവരെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. ഹിന്ദു മതസ്ഥർ പിന്തുടർന്നിരുന്ന വിവിധ പരമ്പരാഗത നിയമങ്ങൾക്കു പകരം ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് ആക്ട്, എന്നിങ്ങനെ പല നിയമങ്ങളും കൊണ്ടുവന്ന് ഏകീകരിച്ചത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ള മാറ്റം. എൺപതു ശതമാനത്തോളം പൗരന്മാർ ഇതിനോടകം തന്നെ ഏകീകൃത വ്യക്തിനിയമങ്ങൾ പിന്തുടരുകയാണെന്നിരിക്കേ, എല്ലാ പൗരന്മാരേയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കാലതാമസം ന്യായീകരിക്കാനാകില്ല''.-ഇതായിരുന്നു മറ്റൊരു നിരീക്ഷണം. കാശ്മീരിലെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുമ്പോൾ ഏകീകൃത സിവിൽ കോഡിലേക്ക് ചുവടു വയ്ക്കാൻ കേന്ദ്രത്തിന് കരുത്ത് കൂടുമെന്നാണ് വിലയിരുത്തൽ.
1954 മുതൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ വ്യവസ്ഥകൾ ഒഴിവാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ആർഎസ്എസും പലപ്പോഴായി ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35-എ, 370 എന്നിവയുടെ ഭരണഘടനാ സാധുത നേരത്തെയും നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, അപ്രതീക്ഷിതമായ ഒരു ചുവടുവെപ്പായിരുന്നു 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നപടി. ബിജെപിയുടെ മറ്റൊരു വാഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ്. അതിലേക്ക് ചുവടുവയ്ക്കാനുള്ള കരുത്തായി ഈ വിധി മാറുമെന്നാണ് വിലയിരുത്തൽ.
കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം സർക്കാർ പൊടുന്നനെ റദ്ദാക്കിയത് ഏറെ വിവാദമായി. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതിനെ ചോദ്യംചെയ്തുകൊണ്ടുമുള്ള വിവിധ ഹർജികളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എത്തിയത്. ജമ്മു-കശ്മീർ ഭരണഘടനാ നിർമ്മാണസഭയുടെ കാലാവധി 1957-ൽ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹർജിക്കാർ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന് വാദവും കോടതിക്കുമുമ്പാകെ ഉന്നയിക്കപ്പെട്ടു. ഇതിൽ കേന്ദ്രത്തിനൊപ്പമായി സുപ്രീംകോടതിയുടെ മനസ്സ്.
ജമ്മു-കശ്മീരിൽ 2019-നുശേഷം ഭീകരാക്രമണങ്ങളും മറ്റും കുറഞ്ഞതായും കേന്ദ്രം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വാദങ്ങൾ ഏറെക്കുറെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കാശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴിക്കാണ്. വികസനമെത്തിക്കാൻ കേന്ദ്ര ഇടപെടലിലൂടെ കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ.
എന്താണ് ഏകീകൃത സിവിൽ കോഡ്?
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്ത് എന്നിവയടക്കമുള്ള വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ കോഡ് ഉണ്ട്. എന്നാൽ, സിവിൽ നിയമങ്ങളിൽ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.




