ന്യൂഡൽഹി: പ്രതീക്ഷിച്ചത് പോലെ മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളില്ല. നികുതി ഇളവുകൾ ആരെങ്കിലും പ്രതീക്ഷിച്ചെങ്കിൽ അവരും നിരാശരായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെയുള്ള കേന്ദ്രസർക്കാരിന്റെ സംഭാവനകളുടെ ആത്മവിശ്വാസ പ്രകടനമാണ് ഈ ബജറ്റ്. ജൂലൈയിൽ സമ്പൂർണ ബജറ്റിൽ വികസിത ഭാരതത്തിനായുള്ള ലക്ഷ്യം കൈവരിക്കാൻ വിശദമായ മാർഗ്ഗരേഖ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ' തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നമ്മൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാറില്ല. പുതിയ സർക്കാരിനെ തിരഞ്ഞെടുത്ത ശേഷം അതുണ്ടാകും. ഇടക്കാല ബജറ്റ് ഞങ്ങൾക്ക് ഒരു മാർഗരേഖയാണ്. രാജ്യം സമൃദ്ധിയുടെ പുതിയ ഉയരങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തോടെ എല്ലാവർക്കും വികസനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള യാത്ര തുടരും', മോദി പറഞ്ഞു.

ഇടക്കാല ബജറ്റാണെങ്കിലും, തിരഞ്ഞെടുപ്പ് വർഷത്തിൽ, നികുതിദായകർ ചില ആശ്വാസനടപടികൾ പ്രതീക്ഷിച്ചിരുന്നു. ആദായനികുതി ഒഴിവുകളിൽ മാറ്റം വരുത്തുമെന്ന് ശമ്പള വരുമാനക്കാരും പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പിൽ കണ്ണുവച്ച് ജനപ്രിയ പ്രഖ്യാപനങ്ങൾ കൊണ്ട് നിറയ്ക്കുമെന്ന് ചില പ്രതിപക്ഷ നേതാക്കളും കരുതി. എന്നാൽ, വരാനിരിക്കുന്ന വലിയ പ്രഖ്യാപനങ്ങൾക്ക് മുന്നോടിയായുള്ള ആത്മവിശ്വാസ പ്രഖ്യാപനമായി ബജറ്റ്. ഇടക്കാല ബജറ്റുകളുടെ പതിവ് തെറ്റിക്കാതെയാണ് താൻ നികുതി നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗരേഖയാണ് ഇടക്കാല ബജറ്റെന്ന് അമിത് ഷാ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ അവകാശപ്പെട്ടപ്പോൾ, ബിജെപിയുടെ വിടവാങ്ങൽ ബജറ്റാണിതെന്നും കാര്യമായി ഒന്നുമില്ലെന്നുമാണ് പ്രതിപക്ഷ പ്രതികരണം.

'വാചകമടിക്ക് അപ്പുറം കാമ്പുള്ളതൊന്നും പതിവ് പോലെയില്ല. വിദേശ നിക്ഷേപത്തെ കുറിച്ച് ധനമന്ത്രി സംസാരിക്കുന്നുണ്ടെങ്കിലും, നിക്ഷേപം ഗണ്യമായി കുറഞ്ഞത് സമ്മതിക്കുന്നില്ല. ആത്മവിശ്വാസം പ്രതീക്ഷ എന്നിങ്ങനെ അവ്യക്തമായ ചില കാര്യങ്ങളാണ് ബജറ്റിൽ പറയുന്നത്. യഥാർഥ കണക്കുകൾ പരിശോധിക്കുമ്പോൾ ഒന്നും കിട്ടാനില്ല',ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.

വെറും 58 മിനിട്ട് മാത്രം നീണ്ട ഹ്രസ്വമായ ആറാമത്തെ ബജറ്റ് പ്രസംഗം ചുരുക്കത്തിൽ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരും എന്ന ആത്മവിശ്വാസ പ്രകടനം കൂടിയായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പച്ചിലകൾ കാട്ടി വോട്ടർമാരെ ആകർഷിക്കേണ്ട കാര്യമില്ലെന്നും, മോദി സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ ജനങ്ങൾ സന്തുഷ്ടരാണെന്നും ഉള്ള സന്ദേശം കൂടിയാണ് ബജറ്റ്. പിഎം മുദ്രാ യോജന, പിഎം ആവാസ് യോജന,പിഎം വിശ്വകർമ്മ യോജന തുടങ്ങിയ മോദി സർക്കാരിന്റെ അഭിമാന പദ്ധതികളെക്കുറിച്ച് പ്രസംഗത്തിൽ പേരെടുത്ത് പറഞ്ഞ് പരാമർശിച്ചതും ഇത് വ്യക്തമാക്കുന്നു.

സാമൂഹിക നീതിയിൽ ഊന്നൽ

ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയില്ലെങ്കിലും, നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന സാമൂഹിക നീതി എന്ന പ്രചാരണ വിഷയത്തിന് ബജറ്റ് ഊന്നൽ നൽകുന്നു. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവരാണ് തനിക്ക് ഏറ്റവും വലിയ ജാതികൾ എന്ന് പ്രധാനമന്ത്രി നേരത്തെ പരാമർശിച്ചിരുന്നു. ഈ നാല് വിഭാഗങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ക്ഷേമപ്രവർത്തനങ്ങൾക്കാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. 'ഈ നാല് വിഭാഗക്കാർ പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നത്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ സഹായം ആവശ്യമാണ്. അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും', ധനമന്ത്രി പറഞ്ഞു.

ഭൂരിപക്ഷവാദം എന്ന വിമർശനത്തിന് മറുപടി

ബിജെപിക്കെതിരെ പ്രതിപക്ഷം പതിവായി ഉന്നയിക്കാറുള്ള ഭൂരിപക്ഷവാദത്തിന് പരോക്ഷ മറുപടി കൂടി ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ നൽകി. മോദി സർക്കാരിന്റെ 'സബ്കാ സാഥ് സബ്കാ വികാസ്' മുദ്രാവാക്യത്തെ പരാമർശിച്ചു കൊണ്ടായിരുന്നു സർക്കാർ കൈവരിച്ച നേട്ടങ്ങൾ ധനമന്ത്രി വ്യക്തമാക്കിയത്. വെല്ലുവിളികൾ അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വർഷമായിരുന്നെന്നും മന്ത്രി പറഞ്ഞു. മോദി സർക്കാരിന്റെ നടപടികൾ മതേതരത്വം പ്രാവർത്തികമാക്കുന്നതായിരുന്നു എന്നും ധനമന്ത്രി അവകാശപ്പെട്ടു.

അമൃതകാലത്തിനായാണ് സർക്കാർ പ്രയത്നിച്ചതെന്നും ധനമന്ത്രി പറഞ്ഞു. അഴിമതി തുടച്ചുനീക്കിയെന്നും എല്ലാ മേഖലയിലും തൊഴിൽസാധ്യത വർധിപ്പിക്കാനും വികസനം സമൂഹത്തിലെ എല്ലാവരിലും എത്തിക്കാനായെന്നും അവർ പറഞ്ഞു. നിരവധി പ്രതിപക്ഷ നേതാക്കൾ അഴിമതിയുടെ പേരിൽ ഇഡിയുടെയും മറ്റും അന്വഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് അഴിമതിക്കെതിരായ പോരാട്ടത്തെ കുറിച്ച് ദനമന്ത്രി സൂചിപ്പിച്ചത്. ' ഞങ്ങളുടെ സർക്കാരിന് സാമൂഹിക നീതി ഫലപ്രദമായ സർക്കാർ മാതൃകയാണ്. യോഗ്യരായ എല്ലാവർക്കും ക്ഷമം എത്തിക്കുകയാണ് യഥാർഥ സാമൂഹിക നീതി സാധ്യമാക്കാനുള്ള സമീപനം. അത് അഴിമതി കുറയ്ക്കുകയും, സ്വജനപക്ഷപാതം തടയുകയും ചെയ്യുന്ന മതേതതരത്വം പ്രാവർത്തികമാക്കലാണ്' നിർമല സീതാരാമൻ പറഞ്ഞു.

വികസിത ഭാരതത്തിനായി ജനസംഖ്യാ നിയന്ത്രണം

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഒക്ടോബറിലെ തന്റെ വിജയദശമി പ്രസംഗത്തിൽ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ ഒരു കണ്ണുവയ്ക്കുന്നത് ദേശീയ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019 ലെ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ജനസംഖ്യാ വിസ്‌ഫോടനം വലിയ വെല്ലുവിളിയായി മോദി ചൂണ്ടിക്കാട്ടുകയും, പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ട ആവശ്യം എടുത്തുപറയുകയും ചെയ്തിരുന്നു. ബിജെപിയുടെ നയത്തോട് ചേർന്ന് നിൽക്കുന്ന വിധം ജനസംഖ്യാ വളർച്ച ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നത് പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്.

ഹിന്ദി ഹൃദയഭൂമിയിലെ തേരോട്ടം, രാമക്ഷേത്രം: ജയം ഉറപ്പിച്ച് ബിജെപി

ജനപ്രിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് കരുത്ത് പകരുന്ന നിരവധി ഘടകങ്ങളുണ്ട്. യഥാർഥത്തിൽ വളരെ മുന്നേ തന്നെ തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ് തുടങ്ങിയ ബിജെപി വികസിത് ഭാരത് സങ്കൽപ് യാത്ര പോലെയുള്ള പരിപാടികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ 9 വർഷത്തെ ബിജെപിയുടെ നേട്ടങ്ങൾ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും എത്തിക്കുന്ന പരിപാടി ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിക്കുന്നു എന്ന വിമർശനം കേട്ടെങ്കിലും ഫലത്തിൽ ഗുണമാണ് ചെയ്തത്. യുദ്ധ സ്മാരകങ്ങളിലും, പ്രതിരോധ മ്യൂസിയങ്ങളിലും, റെയിൽവെ സ്‌റ്റേഷനുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെവ്വാം മോദിയുടെ കട്ടഔട്ട് വച്ച് 822 സെൽഫി പോയിന്റുകൾ സ്ഥാപിച്ചതും പ്രചാരണകാഹളമായിരുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ ജയത്തോടെ ഹിന്ദി ഹൃദയഭൂമിയിലെ ആധിപത്യം ബിജെപി ഉറപ്പിച്ചു. ഒപ്പം മോദിയുടെ പ്രശസ്തിയും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ മത്സരം എന്ന് വിശേഷിപ്പിക്കപ്പെട്ട ആ നിയമസഭാ തിരഞ്ഞെടുപ്പുകൾ നൽകിയ ആത്മവിശ്വാസം ചെറുതല്ല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദേശീയ ഉത്സവമായി ആഘോഷിച്ചതും ബിജെപിയുടെ വോട്ടുബാങ്കിനെ സമ്പുഷ്ടമാക്കും. തങ്ങളുടെ പെട്ടിയിൽ വോട്ടു വീഴുമെന്ന് ഉറപ്പുള്ളപ്പോൾ, വലിയ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിൽ വേണ്ട എന്നു തീരുമാനിക്കാൻ ബിജെപിക്ക് എളുപ്പവുമാണ്.

ബജറ്റ് പ്രസംഗത്തിലും അയോദ്ധ്യയിലെ രാമ ക്ഷേത്രം ധനമന്ത്രി പരാമർശിച്ചു. പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിലാണ് രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ചുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യ മന്ത്രി വിശദീകരിച്ചത്. ഒരു കോടി വീടുകളിൽ പുറപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

തളരുന്ന ഇന്ത്യ സഖ്യം

വലിയ പ്രതീക്ഷയോടെ മുന്നോട്ടുവച്ച ഇന്ത്യ സഖ്യം ഇപ്പോൾ തമ്മിലടിയുടെ ക്ഷീണത്തിലാണ്. സൂത്രധാരനായ നിതീഷ് കുമാർ തനിക്ക് പ്രധാനമന്ത്രി ആകാൻ കഴിയില്ലെന്ന് വന്നതോടെ, സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂട്ടുകൂടി. ബംഗാളിലും പഞ്ചാബിലും, യുപിയിലും സീറ്റ് പങ്കിടൽ ചർച്ചകളുടെ പേരിൽ കോൺഗ്രസും മറ്റു സഖ്യകക്ഷികളും പോരിലാണ്.

നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ പ്രതിഫലിക്കുന്ന ആത്മവിശ്വാസത്തിന് കാരണം തേടി വേറെ ഏങ്ങും പോകേണ്ടതില്ല.