ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപിയുടെ തേരോട്ടം. റിക്കോർഡ് വിജയത്തിൽ ബിജെപിയെ എത്തിച്ചത് പ്രതിപക്ഷത്തെ വോട്ട് ചോർച്ചയാണ്. ഹിമാചലിൽ ബിജെപിക്ക് അടിതെറ്റി. ഇവിടെ ഭരണ വിരുദ്ധ വികാരം വോട്ടായി മാറിയത് കോൺഗ്രസിന് മാത്രമാണ്. അവിടെ ബിജെപിക്ക് അടിതെറ്റി. കേന്ദ്രത്തിലെ മോദി ഭരണത്തെ തകർക്കാനും വേണ്ടത് ഭരണ വിരുദ്ധ വികാരം ഒരാളിലേക്ക് എത്തിക്കുക എന്നതാണ്. ഗോവിയിൽ അടക്കം ബിജെപിക്ക് തുടർഭരണം നൽകിയത് ആംആദ്മി നടത്തിയ ത്രികോണ പോരിന്റെ ആവേശമാണ്. ഇത് തന്നെയാണ് ഗുജറാത്തിലും വിജയം നൽകിയത്. യുപിയിൽ യോഗി ആദിത്യനാഥിന് തുടർഭരണം നൽകിയതും ബിജെപി വിരുദ്ധ ചേരിയിലെ വിള്ളലാണ്. ഈ വിള്ളൽ മാറിയാൽ അത്ഭുതം കാട്ടാൻ ഇന്ദ്രപ്രസ്ഥത്തിലും പ്രതിപക്ഷത്തിനാകും. യുപിയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ അതിന് തെളിവാണ്. മൂന്നിൽ മൂന്നും പ്രതിപക്ഷം നേടി.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം ഉത്തർപ്രദേശിലെ മെയിൻപൂരി ലോക്‌സഭ സീറ്റിലേതുൾപ്പുടേയുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും പറത്തു വന്നു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എസ് പി നേതാവുമായന് മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന മെയിൻപുരി ലോക്‌സഭ സീറ്റിലേക്കും ഖതൗലി, റാംപുർ നിയമസഭ സീറ്റുകളിലേക്കുമാണ് യു പിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറിൽ കുർഹാനി മണ്ഡലത്തിലും ഒഡിഷയിലെ പദംപുർ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഛത്തിസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. എല്ലായിടയത്തും സംയുക്ത പ്രതിപക്ഷം ബിജെപിയെ തകർത്തു.

വോട്ടു ഭിന്നിപ്പിക്കുക എന്ന മോദിയുടേയും അമിത് ഷായുടേയും തന്ത്രമാണ്. ഒവൈസിയുടെ പാർട്ടിയെ പലയിടത്തും അവർ ഉപയോഗിച്ചെന്ന ആരോപണം ശക്തമാണ്. മുസ്ലിം വോട്ടുകൾ പ്രധാന പ്രതിപക്ഷത്തിന് കിട്ടാതെ ഒവൈസിയുടെ പാർട്ടിയിലേക്ക് എത്തി. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും എല്ലാം ഒവൈസിയുടെ പാർട്ടി നേടിയ വോട്ടുകൾ ബിജെപിയെ ജയിപ്പിച്ചിട്ടുണ്ട്. അതിശക്തമായ മത്സരം നടക്കുമെന്ന പ്രതീക്ഷിച്ച ഗോവയിൽ ആംആദ്മി പാർട്ടി പ്രചരണത്തിൽ നിറഞ്ഞപ്പോൾ വിള്ളലുണ്ടായത് കോൺഗ്രസ് വോട്ടുകളിലാണ്. ഇതാണ് ബിജെപിക്ക് ഗോവയിലും ഭൂരിപക്ഷം നൽകിയത്. ഗുജറാത്തിൽ ആംആദ്മി ആഞ്ഞെടിച്ച പ്രചാരണം നടത്തിയപ്പോൾ അവിടേയും നേട്ടം ബിജെപിക്കായി. എന്നാൽ ഹിമാചലിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ നടന്നില്ല. അവിടെ കോൺഗ്രസ് മുന്നേറ്റവും കണ്ടു.

ഇതു തന്നെയാണ് ഉപതെരഞ്ഞെടുപ്പുകളിലും കണ്ടത്. ബിഹാറിലും ഒഡീഷയിലും ചത്തീസ് ഗഡിലും യുപിയിലും ബിജെപി ഇതര കക്ഷികൾ വിജയം നേടുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കിയതായിരുന്നു ഈ നേട്ടത്തിന് കാരണം. യുപിയിൽ മുമ്പൊരിക്കൽ ഈ സാധ്യത പരീക്ഷിച്ചിരുന്നു. പിന്നീട് മുലായം സിംഗും മായാവതിയും തമ്മിൽ തെറ്റി. ഇതോടെ വീണ്ടും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ തുടങ്ങി. മെയിൻപുരിയിൽ പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെയാണ് എസ്‌പി മത്സരിപ്പിച്ചത്. 2009ലും 2019ലും ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മറ്റ് മണ്ഡലങ്ങളിൽ രണ്ടുതവണ തോറ്റെങ്കിലും മുലായം സിങ് യാദവിന്റെ തട്ടകത്തിൽ ഡിംപിലിന് വിജയിക്കാൻ കഴിയുമെന്നാണ് എസ്‌പിയുടെ ആത്മവിശ്വാസം.

അതേസമയം കുടുംബാധിപത്യ ആരോപണം ഉയർത്തി ബിജെപിയും വലിയ പ്രചരണമായിരുന്നു മണ്ഡലത്തിൽ അഴിച്ചു വിട്ടത്. മുലായത്തിന്റെ സഹോദരൻ ശിവ്പാൽ സിങ് യാദവിന്റെ മുൻ വിശ്വസ്തൻ രഘുരാജ് സിങ് ശാക്യയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കി. മെയിൻപുരിയിലെ പ്രബല സമുദായങ്ങളിലൊന്നാണ് ശാക്യ. രണ്ട് ദശാബ്ദത്തോളമായി എസ്‌പി മാത്രം വിജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണയും വിജയം അവർക്കായി. ഇത് പ്രതീക്ഷിച്ചതാണ്. എന്നാൽ ബിജെപിയുടെ സിറ്റിങ് സീറ്റിലും അവർക്ക് അടിതെറ്റി. മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഖത്തൗലിയിലെ ബിജെപി എംഎ‍ൽഎ വിക്രം സിങ് സൈനിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സമാനമായി 2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്‌പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് ശിക്ഷിച്ചതാണ് രാംപൂരിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഇതിൽ ഖത്തൗലിയുടെ സിറ്റിങ് സീറ്റും ബിജെപിക്ക് നഷ്ടമായി. മൂന്ന് ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസും ബി എസ് പിയും വിട്ടുനിൽക്കുന്നതിനാൽ, മൂന്നിടത്തും ബിജെപിയും സമാജ്വാദി പാർട്ടിയും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും (ആർ എൽ ഡി) തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മെയിൻപുരിയിൽ കോൺഗ്രസ് എസ്‌പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ യുപിയിൽ സംയുക്ത പ്രതിപക്ഷം ബിജെപിയെ ഉപതെരഞ്ഞെടുപ്പിൽ തകർത്തു.

സംയുക്ത പ്രതിപക്ഷത്തിനൊപ്പം ആംആദ്മിയും തൃണമൂലും ചേരുമോ?

കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം വിളച്ച പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ അപ്രതീക്ഷിത സാന്നിധ്യമായി ആംആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറെ നാളുകളായി കോൺഗ്രസുമായി അകലം പാലിച്ച് വരികയായിരുന്നു ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനുള്ള സംയുക്ത തന്ത്രം ചർച്ച ചെയ്യാൻ വേണ്ടിയാണ് സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ യോഗം കോൺഗ്രസ് വിളിച്ച് ചേർത്തത്. ഇടതുപാർട്ടികൾ, ഡി എം കെ, ആർ ജെ ഡി, എൻ സി പി, നാഷണൽ കോൺഫറൻസ്, ആർ എസ് പി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇവർക്ക് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും യോഗത്തിനെത്തി.

കുറച്ചു കാലമായി കോൺഗ്രസ് നേതൃത്വം നൽകുന്ന യോഗങ്ങളിലും പരിപാടികളിലും നിന്ന് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും വിട്ടുനിന്നിരുന്നു. മൺസൂൺ സമ്മേളനത്തിൽ, പാർലമെന്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു നീക്കത്തിനും ഇരുപാർട്ടികളും പിന്തുണ നൽകിയിരുന്നില്ല. ശീതകാല സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ സമവായം ഉണ്ടാക്കുന്നതിനായി നവംബർ 29ന് നടന്ന പ്രതിപക്ഷ കക്ഷി നേതാക്കൾക്കായി ഖാർഗെ നടത്തിയ യോഗത്തിലും ആം ആദ്മിയും തൃണമൂലും പങ്കെടുത്തിരുന്നില്ല. ജൂലൈയിൽ, ഖാർഗെ വിളിച്ച സമാനമായ യോഗം എഎപിയും തൃണമൂലും ഒഴിവാക്കിയിരുന്നു.

തൃണമൂൽ പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസിനൊപ്പം നീക്കം നടത്തുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ ചേരുന്നതിനുപകരം തൃണമൂൽ പാർലമെന്റിൽ വെവ്വേറെ പ്രതിഷേധങ്ങൾ ആയിരുന്നു നടത്തിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ തൃണമൂൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ആം ആദ്മിയും തൃണമൂൽ കോൺഗ്രസും കോൺഗ്രസ് വിളിച്ച യോഗത്തിനെത്തിയത് ശ്രദ്ധേയമാകുന്നത്. ഇതിനിടെയാണ് സംയുക്ത പ്രതിപക്ഷത്തിന് ബിജെപിയെ തകർക്കാൻ കഴിയുമെന്ന സന്ദേശം നൽകുന്ന ഫലവും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്.