ഇടതുഭരണകാലത്ത് ആക്രമിക്കപ്പെട്ടത് 89 പാർട്ടി ഓഫീസുകൾ; ഇതിൽ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായത് കോൺഗ്രസ് ഓഫീസുകൾ; 67 കോൺഗ്രസ് ഓഫീസുകളെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുന്നതാണ് ഇപ്പോൾ വാർത്ത. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് കോൺഗ്രസ് ഓഫീസുകളാണെന്ന് രേഖ. പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പാർട്ടിയുടെ 67 ഓഫിസുകളാണ് ആക്രമിക്കപ്പെട്ടത്. എ.പി അനിൽ കുമാർ എം.എൽ എയുടെ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്.
ആകെ 89 പാർട്ടി ഓഫീസുകളാണ് പിണറായിയുടെ കാലത്ത് ആക്രമിക്കപ്പെട്ടത്. ഇതിൽ കൂടുതലും കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകളാണ്. 67 കോൺഗ്രസ് ഓഫീസുകളാണ് ആക്രമണത്തിന് വിധേയമായത്. 13 സിപിഎം ഓഫീസുകളും ആക്രമിക്കപ്പെട്ട കൂട്ടത്തിൽ പെടുന്നു. മുസ്ലിം ലീഗിന്റെ അഞ്ച് ഓഫീസുകളും, ബിജെപി, എസ്.ഡി.പി.ഐ, ആർ.എസ്.എസ് എന്നിവയുടെ ഓരോ ഓഫീസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഈ അക്രമങ്ങളിൽ 89 കേസുകൾ രജിസ്റ്റർ ചെയ്തു. 108 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 32 കേസുകളുടെ അന്വേഷണം പൂർത്തിയായി ചാർജ് ഷീറ്റ് സമർപ്പിച്ചു. ഐപിസി 141, 142, 143 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി.