'ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം, ഇത് പറ്റില്ല, 'ബലംപ്രയോഗിച്ച്' മൈക്ക് അടുത്തയാൾക്ക് കൊടുക്കേണ്ടി വരും.. ഒരു അണ്ടർസ്റ്റാൻഡിങിൽ പോകുമ്പോൾ സഹകരിക്കാത്തത് ശരിയല്ല'; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താതെ ആയതോടെ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭാ നടപടികളിൽ എം ബി രാജേഷ് സ്പീക്കറായിരിക്കവേ തുടർന്ന കാർക്കശ്യം തുടർന്ന് എ എൻ ഷംസീറും. രാജേഷിനെക്കാൾ ഒരു പടി കൂടി കടന്ന് ഭരണ കക്ഷി എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്തു കൊണ്ടാണ് എ എൻ ഷംസീർ കരുത്തുകാട്ടിയത്. ഇന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രസംഗം നിർത്താതെ വന്ന കെ ടി ജലീലാണ് സ്പീക്കറുടെ ക്രോധത്തിന് ഇരയായത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താതെ ആയതോടെ കെ.ടി.ജലീൽ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്യുകായായിരുന്നു സ്പീക്കർ എ.എൻ.ഷംസീർ. സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ച് സംസാരിക്കവെയാണ് ജലീലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയത്. ജലീലിന്റെ നടപടി ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
'ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം. ഇത് പറ്റില്ല, 'ബലംപ്രയോഗിച്ച്' മൈക്ക് അടുത്തയാൾക്ക് കൊടുക്കേണ്ടി വരും. ഒരു അണ്ടർസ്റ്റാൻഡിങിൽ പോകുമ്പോൾ സഹകരിക്കാത്തത് ശരിയല്ല' സ്പീക്കർ പറഞ്ഞു. ചെയറുമായി സഹകരിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ജലീൽ വഴങ്ങാതായതോടെയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ഈ ഭാഗത്ത് നിന്ന് ഒറ്റയാളല്ലേ ഉള്ളൂവെന്നും ഒറ്റക്കാര്യമേ പറയുന്നുള്ളൂവെന്നും പറഞ്ഞു ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ അടുത്തയാളെ വിളിച്ചു.
തോമസ് കെ തോമസിനെയാണ് സ്പീക്കർ പിന്നീട് സംസാരിക്കാൻ അനുവദിച്ചത്. അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റ് നിന്നപ്പോഴും ജലീൽ പ്രസംഗം തുടർന്നിരുന്നു. കഴിഞ്ഞയാഴ്ച്ച മന്ത്രി എം ബി രാജേഷിനോട് ഷംസീർ പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എം.ബി. രാജേഷിന്റെ പ്രസംഗം അവസാനിപ്പിക്കാൻ എ.എൻ. ഷംസീർ ആവശ്യപ്പെട്ടതോടെയാണ് സഭയിൽ ചിരിയുയർന്നത്. മുൻപ് രാജേഷ് സ്പീക്കറായിരുന്നപ്പോൾ ഷംസീറിനോട് പ്രസംഗം നീളുന്നിതിനെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തിയിരുന്നു.
പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പി.സി. വിഷ്ണുനാഥ് എംഎൽഎ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതിനു പിന്നാലെ മറുപടി പറയുകയായിരുന്നു എം.ബി. രാജേഷ്. അനധികൃത നിമയനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജപ്രചാരണമാണെന്ന് എം.ബി. രാജേഷ് സമർഥിക്കുന്നതിനിടെ സമയം അതിക്രമിച്ചെന്നറിയിച്ച് ഷംസീർ ഇടപെട്ടു.
ഇതോടെ മറുപടി പറയുന്നത് വളരെ പ്രധാനപ്പെട്ടൊരു നോട്ടീസിനാണെന്നു പറഞ്ഞ് രാജേഷ് തുടർന്നു. പിന്നാലെ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ സഭയിൽ കൂട്ടച്ചിരി ഉയർത്തി. ഇതോടെ രാജേഷിനും ഷംസീറിനും ചിരിയടക്കാനായില്ല. പിന്നീട് 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്ന് ഷംസീർ ചിരിച്ച് മറുപടി നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ