തിരുവനന്തപുരം: പത്ത് ദിവസം മുൻപു നിയമസഭാ സമ്മേളനം ചേർന്നപ്പോൾ സ്പീക്കറായിരുന്ന എം.ബി.രാജേഷ് വീണ്ടും സഭ ചേർന്നപ്പോൾ മന്ത്രിക്കസേരയിൽ. ഇതുവരെ ഭരണപക്ഷത്ത് മൂന്നാം നിരയിലിരുന്ന  എ.എൻ.ഷംസീർ സഭാ നാഥന്റെ കസേരയിലും. രണ്ടാം നിരയിലിരുന്നയാൾ മന്ത്രിസഭയിലെ രണ്ടാമനുമായി. ഒരു ഓണക്കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം സ്പീക്കർ തിരഞ്ഞെടുപ്പിനായി ഒറ്റ ദിവസത്തേക്കു സഭ ചേർന്നപ്പോൾ ആകെ ഒരു നാടകീയത. ഇരിപ്പിടങ്ങളിൽ അടിമുടി മാറ്റം.

ഇതിനൊക്കെ കാരണക്കാരനായ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വിഗോവിന്ദൻ പാർട്ടിയിൽ സംസ്ഥാനത്തെ ഒന്നാമനാണ്. എന്നാൽ മന്ത്രിസ്ഥാനം രാജിവച്ച ഗോവിന്ദൻ സഭയിൽ എവിടെ ഇരിക്കുമെന്ന കൗതുകത്തിനും വിരാമമായി. ഭരണപക്ഷത്ത് രണ്ടാമത്തെ നിരയിൽ കെ.കെ.ശൈലജയ്ക്കും സജി ചെറിയാനുമൊപ്പമാണു ഗോവിന്ദനു സീറ്റ് ലഭിച്ചത്. മന്ത്രി വീണാ ജോർജും ജി.ആർ.അനിലുമാണു തൊട്ടടുത്ത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിറങ്ങിയ ശേഷം പ്രതിപക്ഷ നിരയിലെത്തി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കിടയിൽ എം എ ഗോവിന്ദൻ സമയം ചെലവിടുകയും ചെയ്തു. മുൻപു പിണറായി വിജയൻ പാർട്ടി സെക്രട്ടറിയാകാൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴും എംഎൽഎ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ആ പതിവാണ് തുടർന്നത്.

എം എ ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര ആർക്കെന്നതായിരുന്നു മറ്റൊരു ചോദ്യം. മന്ത്രിസഭയിലെ അനൗദ്യോഗിക രണ്ടാമനാണ് ഈ കസേരയുടെ ഉടമ. സിപിഎമ്മിന്റെ രീതി വച്ച് പാർട്ടിയുടെ മുകൾ ഘടകത്തിലുള്ള മന്ത്രിയെയാണ് ഇവിടെയിരുത്തുക. അവിടേക്കു കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.രാധാകൃഷ്ണനോ കെ.എൻ.ബാലഗോപാലിനോ പി.രാജീവിനോ നറുക്കുവീഴുമെന്നാണു കരുതിയിരുന്നത്. മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകളില്ലെങ്കിലും മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം എന്നതു പരിഗണിച്ചതോടെ കെ.രാധാകൃഷ്ണന് ഈ സീറ്റ് കിട്ടി.

വോട്ടെടുപ്പ് കഴിയും മുൻപേ വിജയമുറപ്പിച്ച മൂഡിലായിരുന്നു എ.എൻ.ഷംസീർ. വോട്ട് ചെയ്തിറങ്ങിയശേഷം നിറചിരിയോടെ പ്രതിപക്ഷ നിരയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റ് എംഎൽഎമാർക്കും ഹസ്തദാനം ചെയ്താണു ഷംസീർ സ്വന്തം സീറ്റിലേക്കു പോയത്. ഉമ്മൻ ചാണ്ടിയുമായി ദീർഘനേരം സംസാരിക്കുകയും ചെയ്തു.

നാൽപതിനെതിരെ 90 വോട്ട് നേടിയാണു കേരള നിയമസഭയുടെ 24ാം സ്പീക്കറായി ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്ത് മുസ്‌ലിം ലീഗിലെ യു.എ.ലത്തീഫ്, ഭരണപക്ഷത്ത് മന്ത്രി റോഷി അഗസ്റ്റിൻ, കെ.വി.ദലീമ എന്നിവരും എത്തിയില്ല. സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വോട്ട് ചെയ്തില്ല. 

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിനോട് സഭ ഒന്നാകെ ഇന്ന് പറഞ്ഞത് എം.ബി.രാജേഷിനെ മാതൃകയാക്കാനാണ്. എന്നാൽ, ഏറ്റെടുക്കുന്ന ജോലിയെല്ലാം ആത്മാർഥതയോടെ ചെയ്യുന്ന ഷംസീറിനു സഭാ നാഥനായും ശോഭിക്കാൻ കഴിയുമെന്നായിരുന്നു എം.ബി.രാജേഷിന് പറയാനുണ്ടായിരുന്നത്.

പുതിയ സ്പീക്കറെ അഭിനന്ദിച്ചുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളുമെല്ലാം ഷംസീറിനെ ഓർമിപ്പിച്ചത്, സ്ഥാനമൊഴിഞ്ഞ സ്പീക്കർ എം.ബി.രാജേഷിന്റെ നയചാതുര്യം. ഗൗരവമുള്ള സംവാദം പ്രോത്സാഹിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്ത സ്പീക്കറായിരുന്നു രാജേഷ് എന്നു പറഞ്ഞ വി.ഡി.സതീശൻ, ആ നിലയിലേക്കു ഷംസീർ ഉയരുമെന്ന പ്രത്യാശയും പങ്കുവച്ചു.

തന്റെ പിതാവ് ബാലകൃഷ്ണപിള്ളയുമായി ഷംസീറിനുണ്ടായിരുന്ന അടുപ്പമാണു കെ.ബി.ഗണേശ്‌കുമാർ ഓർമിച്ചത്. സ്വന്തം സഹോദരൻ സ്പീക്കർ സ്ഥാനത്തെത്തിയ അനുഭവമാണു തനിക്കെന്നും ഗണേശ് പറഞ്ഞു. ഇതിനിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രസംഗം സഭയിൽ ചിരി പടർത്തി. സഭയുടെ വർക്ക്‌സ് കമ്മിറ്റി അധ്യക്ഷനായ തന്നെ വിളിച്ച്, എംഎൽഎ ഹോസ്റ്റലിലെ സ്വന്തം മുറി വൃത്തിയാക്കുന്നതിനെക്കുറിച്ച് എപ്പോഴും ഷംസീർ പറയാറുണ്ടെന്നും, അതെല്ലാം കൃത്യമായി ചെയ്തുകൊടുത്തിട്ടുണ്ടെന്നുമുള്ള കുഞ്ഞുമോന്റെ 'വെളിപ്പെടുത്തൽ' മുഖ്യമന്ത്രിയെപ്പോലും ചിരിപ്പിച്ചു. സ്പീക്കർ മത്സരത്തിൽ ഷംസീറിനോടു പരാജയപ്പെട്ട അൻവർ സാദത്തിന്, ആലുവ റെയിൽവേ സ്റ്റേഷനിൽ ആദ്യമായി ഷംസീറിനെ കണ്ടുമുട്ടിയ കഥയാണു പറയാനുണ്ടായിരുന്നത്.

സ്പീക്കർ സ്ഥാനമൊഴിഞ്ഞയാൾ ആ സഭാ സമ്മേളനത്തിൽ പുതിയ സ്പീക്കറെ അഭിനന്ദിച്ചു പ്രസംഗിച്ചുവെന്ന അപൂർവതയാണ് എം.ബി.രാജേഷിന്റെ പ്രസംഗത്തോടെയുണ്ടായത്. അഭിനന്ദന പ്രസംഗം നടത്തുക കക്ഷി നേതാക്കളാണെങ്കിലും മുൻ സ്പീക്കർ എന്ന നിലയിൽ രാജേഷിന് അവസരം നൽകുകയായിരുന്നു.

ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ തുടക്കം കുറിക്കുന്നുവെന്ന് നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ എ.എൻ.ഷംസീർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. 'ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്' എന്ന പ്രശസ്ത നോവലിസ്റ്റ് ജോർജ് എലിയറ്റിന്റെ വാക്കുകളെ ആമുഖമാക്കിയാണ് പോസ്റ്റ്.

രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. നിയമസഭയുടെ ശോഭ കൂടുതൽ തിളക്കമാർന്നതാക്കുവാൻ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ ആറു വർഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും ഷംസീർ വ്യക്തമാക്കി.

ഷംസീറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം..

Don't judge a book by its cover, ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത് - Mary Ann Evans (George Eliot)

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ ഈ വാചകങ്ങൾ ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുകയാണ്.
ബ്രണ്ണൻ കോളേജിൽ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിലുള്ള ഇനിയുള്ള നാളുകളിലെ പ്രവർത്തനം ഏറ്റവും മികവുറ്റതാക്കി തീർക്കുവാൻ, മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതൽ തിളക്കമാർന്നതാക്കുവാൻ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വർഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നു.

ബഹുമാനപെട്ട മുഖ്യമന്ത്രിയിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും മുൻ സ്പീക്കർമാരായ എന്റെ പ്രിയ സഖാക്കൾ ശ്രീരാമകൃഷ്ണനിൽ നിന്നും എം.ബി രാജേഷിൽ നിന്നും അതേപോലെ തന്നെ സീനിയറായ ഭരണ - പ്രതിപക്ഷ സഹസാമാജികരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും.

ഭരണപക്ഷത്തോടൊപ്പം നിയമനിർമ്മാണ സഭയിലെ പ്രധാന ഫോഴ്‌സ് എന്ന നിലയിൽ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവർ അർഹിക്കുന്ന അംഗീകാരം നൽകികൊണ്ട് സഭയെ മുന്നോട്ട് നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുൻനിർത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും..
ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്-എ.എൻ.ഷംസീർ