തിരുവനന്തപുരം: നിയമസഭയുടെ 24ാം സ്പീക്കറായി തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു.നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ യുഎഡിഎഫിലെ അൻവർ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്.ഷംസീറിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി അൻവർ സാദത്തിന് 40 വോട്ടുകൾ ലഭിച്ചു.ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികൾ.തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് ഷംസീറിനെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു.എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുതവണ എംഎ‍ൽഎ.യായ എ.എൻ. ഷംസീർ കണ്ണൂരിൽ നിന്നുള്ള ആദ്യ സ്പീക്കറാണ്.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. പ്രായത്തെ കടന്നുനിൽക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള ആളാണ് ഷംസീർ. സഭയുടെ മികവാർന്ന പാരമ്പര്യം തുടരാൻ ഷംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷംസീർ ചരിത്രത്തിലേക്കാണ് കടന്നിരിക്കുന്നത്.പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും വിഡി സതീശൻ പറഞ്ഞു.

വിദ്യാർത്ഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എംഎ‍ൽഎ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎ‍ൽഎ.യായത്. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു.

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് ഫിലോസഫി ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് എൽഎൽ.ബി.യും എൽഎൽ.എമ്മും പൂർത്തിയാക്കി.

പ്രൊഫഷണൽ കോളേജ് പ്രവേശന കൗൺസിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടർന്ന് 94 ദിവസം റിമാൻഡിലായി. കോടിയേരി മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റി വർക്കിങ് ചെയർമാനാണ്.കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് അദ്ധ്യാപിക). മകൻ: ഇസാൻ.