- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാൽ നീതിയാകുമോ? പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാൻ ആഗ്രഹമുണ്ടാവില്ലേ? പാവാടയും ചുരിദാറും ഇടാനുള്ള ആഗ്രഹം അവർക്ക് ഉണ്ടാവില്ലേ? മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും; സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കും; പാഠ്യപദ്ധതി പരിഷ്കരത്തിനെതിരെ ലീഗ് എംഎൽഎ
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സർക്കാർ ചെലവിൽ നടപ്പാക്കുന്നു ആരോപണവുമായി ലീഗ് എംഎൽഎ എ എൻ ഷംസുദ്ദീൻ. മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും. സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.
2007ലെ മതമില്ലാത്ത ജീവന്റെ പ്രേതമാണ് ഈ പാഠ്യപദ്ധതി പരിഷ്‌കരണമെന്നും എംഎൽഎ ആരോപിച്ചു. ഈ യുക്തി ചിന്ത മതനീരാസത്തിൽ എത്തിക്കും . പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചാക്കുറിപ്പിൽ നിന്ന് യുക്തി ചിന്ത എന്ന ഭാഗം ഒഴിവാക്കണം. ലിംഗനീതി, ലിംഗാവബോധം, ലിംഗ തുല്യത നടപ്പാക്കണമെന്നാണ് ചർച്ചാക്കുറിപ്പിൽ പറയുന്നത്. ഇത് ലൈംഗിക അരാജകത്വത്തിന് വഴിതെളിയിക്കും. ലൈംഗിക അരാജകത്വം വിശ്വാസ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാൽ നീതിയാകുമോ?, പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാൻ ആഗ്രഹമുണ്ടാവില്ലേ? പാവാടയും ചുരിദാറും ഇടാനുള്ള ആഗ്രഹം അവർക്ക് ഉണ്ടാവില്ലേ? ആ കുട്ടിയോട് ജീൻസും ടോപ്പും ധരിക്കണമെന്ന് നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് അനീതിയാണെന്നും ഷംസുദ്ദീൻ പറഞ്ഞു. അതേസമയം സ്‌കൂൾ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കാൻ പോകുന്നു എന്ന് ആരോപിച്ച് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും പ്രതിഷേധിച്ചിരുന്നു.
ലിംഗസമത്വത്തിന്റെ കാര്യത്തിൽ സർക്കാർ പിന്നോട്ടില്ല. ഈ സർക്കാർ വന്ന ശേഷമാണ് മിക്സ്ഡ് സ്‌കൂളുകൾ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ദേശീയതലത്തിൽ പുതിയ വിദ്യാഭ്യാസനയം 2020 ജൂലൈ 29 ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കാനുള്ള നിർദ്ദേശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്ന ഘട്ടമാണിത്. ഒരു രാഷ്ട്രത്തിന്റെ ഭരണഘടനക്കനുസൃതമായ പൗരസമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് പ്രസ്തുത രാഷ്ട്രത്തിന്റെ വിദ്യാഭ്യാസം കൊണ്ട് സ്വാഭാവികമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ