ഉമ തോമസ് ഉണ്ടായിട്ടും കെ കെ രമയെ നാമനിർദ്ദേശം ചെയ്ത് യുഡിഎഫ്; നിയമസഭയിലെ ചെയർമാന്മാരുടെ പാനലിൽ രമ അടക്കം മൂന്നുപേരും വനിതകൾ; ആർ എം പി നേതാവ് ചെയറിൽ ഇരിക്കുമ്പോൾ പിണറായിയും സർ എന്ന് വിളിക്കേണ്ടി വരും; സ്പീക്കറുടെ ചരിത്ര തീരുമാനത്തിനൊപ്പം കൗതുകവും ചർച്ചയാകുന്നു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്പീക്കറും, ഡപ്യൂട്ടി സ്പീക്കറും സഭയിൽ ഇല്ലാത്തപ്പോൾ സഭാ നടപടികൾ നിയന്ത്രിക്കാനുള്ള പാനലിൽ മുഴുവൻ വനിതാ അംഗങ്ങളെ തിരഞ്ഞെടുച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സ്പീക്കർ എ.എൻ.ഷംസീർ. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ. സാധാരണഗതിയിൽ 3 പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്. ഒരു സമ്മേളനത്തിൽ തന്നെ പാനലിലെ 3 അംഗങ്ങളേയും വനിതകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്.
ആർഎംപി നേതാവ് കെ.കെ. രമയെ പാനലിൽ ഉൾപ്പെടുത്തിയതും ചർച്ചയായി. ഒപ്പം ഒരു കൗതുക കാഴ്ചയുടെ സാധ്യതയും. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്ന് പറയാനുമാവില്ല. സഭയിലെ ചിട്ടവട്ടങ്ങൾ എല്ലാവരും പാലിച്ചേ മതിയാവു.
പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരംഗത്തെ നാമനിർദ്ദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്. യുഡിഎഫ് അംഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദ്ദേശം ചെയ്തു എന്നതും ശ്രദ്ധേയം.
ഒന്നാം കേരള നിയമസഭ മുതൽ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ കേവലം 32 വനിതകൾക്കു മാത്രമാണ് അവസരം ലഭ്യമായിട്ടുള്ളത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി. എ എൻ ഷംസീർ സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തിലെ തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ