' അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഉപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നു': നിയമസഭയിൽ മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം; ബോഡി ഷെയ്മിങ് എന്നും പരാമർശം പിൻവലിക്കണമെന്നും വി ഡി സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ, മന്ത്രി വി എൻ വാസവൻ നടൻ ഇന്ദ്രൻസിന് എതിരെ നടത്തിയ ബോഡി ഷെയിമിങ് പരാമർശം വിവാദമായി. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിയിരിക്കുന്നുവെന്ന പരാമർശമാണ് വിവാദത്തിലായത്.
സാംസ്കാരിക വകുപ്പ് മന്ത്രി മലയാളത്തിലെ പ്രമുഖ നടനെ അപമാനിച്ചുവെന്നാണ് ഉയരുന്ന വിമർശനം.'സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോൺഗ്രസിന്. ഇപ്പോൾ എവിടെയെത്തി?. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഉപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നു. എന്ന് വാസവൻ പറഞ്ഞു.
2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചർച്ചകൾക്ക് മറുപടി നൽവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മന്ത്രിയുടെ വാക്കുകൾ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചു. മന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പരാമർശം വിവാദമായ സാഹചര്യത്തിൽ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വിഎൻ വാസവൻ സ്പീക്കർക്ക് കത്ത് നൽകി.
മറുനാടന് മലയാളി ബ്യൂറോ