തിരുവനന്തപുരം: പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് പ്രതിപക്ഷം വിലയിരുത്തുന്നത് ദുഃഖകരമാണ്. ഇത്രയും പ്രതീക്ഷിച്ചില്ല. രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമാണ്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. 'രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല. കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യാനുള്ള താത്പര്യമാണ് വന്നത്. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്രം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കലാണ് കേന്ദ്രത്തിന്റെ നയം. കേരളത്തിന്റേതാകട്ടെ സംരക്ഷിക്കലും.' അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ധനമന്ത്രി എണ്ണിപ്പറഞ്ഞു. അറുപത് ലക്ഷത്തിലധികം പേർക്കാണ് കേരളം പെൻഷൻ കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

''ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും.

ഇരുപത്തിയേഴ് ബ്ജറ്റുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രമാത്രം പരിതാപകരമായ ബ്ജറ്റ് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതി ഘടന ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവു രണ്ടു ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും കള്ളക്കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇതിന് സഭയിൽ മറുപടി നൽകുകയായിരുന്നു ധനമന്ത്രി

അതേസമയം, സംസ്ഥാന ബജറ്റിൽ ഇന്ധനത്തിനു ചുമത്തിയ രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവുണ്ടാകുമോ എന്ന് ധനമന്ത്രി മറുപടിയിൽ വ്യക്തമാക്കും.