നികുതി നിർദ്ദേശങ്ങളിൽ ഇളവുകൾ പ്രതീക്ഷിച്ചത് വെറുതെയായി; ഇന്ധന സെസിലും ഭൂമിയുടെ ന്യായവില കൂട്ടിയതിലും ഇളവില്ല; നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ച് ധനമന്ത്രി; നികുതി കൂട്ടാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല; സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചെന്നും മന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധനത്തിനു ചുമത്തിയ രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവില്ല. നികുതി നിർദ്ദേശങ്ങൾ മാറ്റില്ലെന്ന് ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നികുതി വർധനയെ മന്ത്രി ന്യായീകരിച്ചു. അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും. നികുതി നിർദ്ദേശങ്ങളിൽ ഇളവ് വരുത്താത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത് ന്യായീകരിക്കാനാണോ പ്രതിപക്ഷം ഇരിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ നിയമസഭയിൽ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അർഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയിൽ നിന്ന് 6 കോടി ആക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണം എന്ന് പറയുന്ന നിങ്ങൾ ആണ് വരുമാനം കൂട്ടാൻ ഉള്ള സെസ് കുറക്കാൻ ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
നികുതി വർധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണ്. 1970ൽ ഏർപ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളിൽ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റിൽ നികുതി വർധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകൾക്കാണു ലഭിക്കുന്നത്.
മോട്ടോർ വാഹന നികുതി പരിഷ്കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്. മദ്യത്തിനു രണ്ടു വർഷമായി നികുതി കൂട്ടിയിട്ടില്ല. 500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വിൽക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സർചാർജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റർ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സംസ്ഥാനം കൂട്ടിയപ്പോൾ വലിയ പ്രതിഷേധം നടക്കുന്നു. ഇങ്ങിനെ പ്രതിഷേധം സെസിൽ വേണോ. വണ്ടി കത്തിച്ചത് ഒഴിവാക്കാമായിരുന്നു. നികുതി അസാമാന്യ ഭാരം അല്ല. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ വിമർശിച്ചു. ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് പ്രതിപക്ഷം വിലയിരുത്തുന്നത് ദുഃഖകരമാണ്. ഇത്രയും പ്രതീക്ഷിച്ചില്ല. രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമാണ്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. 'രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല. കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യാനുള്ള താത്പര്യമാണ് വന്നത്. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്രം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കലാണ് കേന്ദ്രത്തിന്റെ നയം. കേരളത്തിന്റേതാകട്ടെ സംരക്ഷിക്കലും.' അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ധനമന്ത്രി എണ്ണിപ്പറഞ്ഞു. അറുപത് ലക്ഷത്തിലധികം പേർക്കാണ് കേരളം പെൻഷൻ കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
''ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും.
ഇരുപത്തിയേഴ് ബ്ജറ്റുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രമാത്രം പരിതാപകരമായ ബ്ജറ്റ് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതി ഘടന ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവു രണ്ടു ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും കള്ളക്കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇതിന് സഭയിൽ മറുപടി നൽകുകയായിരുന്നു ധനമന്ത്രി
മറുനാടന് മലയാളി ബ്യൂറോ