നികുതി കൂട്ടി നാട്ടുകാരുടെ നടുവൊടിക്കുമ്പോഴും റവന്യു കുടിശിക പിരിച്ചെടുക്കുന്നതിൽ ഉഴപ്പ്; അഞ്ചുവർഷത്തിലേറെ ആയി 7,100.32 കോടി രൂപ പിരിച്ചെടുത്തില്ല; കുടിശിക വാങ്ങിയെടുക്കാനോ കോടതി സ്റ്റേകൾ നീക്കാനോ ശ്രമമില്ല; സർക്കാരിനെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേന്ദ്രത്തെ പഴി പറഞ്ഞ്, നാട്ടുകാരുടെ നടുവൊടിക്കുന്ന ബജറ്റ് അവതരിപ്പിച്ചെന്നാണ് എൽഡിഎഫ് സർക്കാരിനും, ധനമന്ത്രിക്കും എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴും നികുതി നിർദ്ദേശങ്ങളിൽ ഇളവ് നൽകാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തയ്യാറായില്ല. നികുതി കൂട്ടാതെ മുന്നോട്ടുപോകാൻ ആവില്ലെന്ന ന്യായമാണ് ധനമന്ത്രി നിരക്കിയത്. എന്നാൽ,
റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോർട്ട്.
റവന്യു കുടിശികയിൽ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉൾപ്പെടുന്നു. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയിൽ 6422.49 കോടി സർക്കാരിൽ നിന്നും സർക്കാർ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാൻ ബാക്കിയുള്ളതാണ്.
കുടിശിക പിരിച്ചെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സർക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റേകൾ കാരണം 6,143 കോടി പിരിച്ചെടുക്കാൻ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്. സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണം. വകുപ്പുകൾ ബാക്കി നിൽക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ