- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ല; അതുമറ്റൊരു കാര്യത്തിനാണ്; തോമസ് കെ തോമസിന് രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് തന്നെ വന്നുകണ്ടതെന്ന് മുഖ്യമന്ത്രി; എംഎൽഎക്ക് വധഭീഷണിയെന്ന പരാതി പരിശോധിക്കുമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് നേരേ സ്വന്തം പാർട്ടിക്കാരിൽ നിന്ന് വധഭീഷണിയെന്ന പരാതി കണക്കിലെടുത്ത് സുരക്ഷ ഒരുക്കാൻ പൊലീസ് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം. വിൻസന്റിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തോമസ് കെ.തോമസിന് രണ്ടരവർഷത്തിനുശേഷം മന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ടല്ല എൻസിപി നേതാവ് പ്രഫുൽ പട്ടേൽ തന്നെ വന്നു കണ്ടതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
വനം മന്ത്രി എ.കെ.ശശീന്ദ്രനു രണ്ടരവർഷമാണ് മന്ത്രിസ്ഥാനത്തെ കാലാവധിയെന്നും, ഇത് എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാർ അംഗീകരിച്ചെന്നും തോമസ് കെ.തോമസ് വെളിപ്പെടുത്തിയതായി എം.വിൻസെന്റ് പറഞ്ഞു. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് തന്റെ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് തോമസ് കെ.തോമസ് പറയുന്നതെന്നും വിൻസെന്റ് പറഞ്ഞു. ഇതിനു മറുപടിയായാണ് പ്രഫുൽ പട്ടേൽ തന്നെ കണ്ടത് മറ്റൊരു കാര്യത്തിനാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
'പ്രഫുൽ പട്ടേൽ എന്നെ കണ്ടിരുന്നു. അത് ഈ പറയുന്ന കാര്യത്തിനല്ല. എൻസിപി മന്ത്രിയെ നിശ്ചയിച്ച കാര്യം സ്വാഭാവികമായും മുന്നണി സംവിധാനമായതിനാൽ അറിയിക്കും. അദ്ദേഹം എന്നെ വന്നു കണ്ടത് മറ്റൊരു കാര്യത്തിനാണ്. അത് ആ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യവുമാണ്. എങ്കിലും മുന്നണിയുമായി ബന്ധപ്പെട്ട വിഷയമാണ്. ആ കാര്യം സംസാരിക്കാനാണ് വന്നത്. ആ വിഷയത്തിൽ നേരത്തെ ശരദ്പവാറിന്റെ അഭിപ്രായം വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. എന്റെ നിലപാടും പറഞ്ഞു. ആ വിഷയം ചർച്ച ചെയ്യാനാണ് പ്രഫുൽ പട്ടേൽ വന്നത്. ഈ വിഷയം ചർച്ച ചെയ്തിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.
തോമസ് കെ.തോമസ് പരാതി ഉന്നയിച്ച് രണ്ടു വർഷമായിട്ടും നടപടിയെടുത്തില്ലെന്ന് എം.വിൻസെന്റ് പറഞ്ഞു. അദ്ദേഹം വണ്ടിയിൽ പോകുന്ന വഴിയിൽ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി എന്നാണ് പരാതിയിൽ പറയുന്നത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഗൂഢാലോചന അന്വേഷിച്ചില്ല. ഭാര്യയെയും കേസിൽ കുടുക്കാൻ ശ്രമിച്ചു. ഡ്രൈവർക്ക് പണം നൽകി യാത്രാവിവരം ചേർത്താൻ ശ്രമിച്ചതായാണ് തോമസ് കെ.തോമസ് പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് നടപടിക്ക് നിർദ്ദേശം നൽകണമായിരുന്നു. അല്ലാതെ ഡിജിപിക്ക് പരാതി നൽകാൻ നിർദ്ദേശിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. ഡ്രൈവർ ഗൂഢാലോചന വെളിപ്പെടുത്തിയിരുന്നില്ലെങ്കിൽ എന്തും സംഭവിക്കാമായിരുന്നു. നടപടിയുണ്ടാകാത്തതിനാലാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടിവന്നതെന്നും എം.വിൻസെന്റ് പറഞ്ഞു.
തനിക്കെതിരെ യുവതികൾ നൽകിയ രണ്ടു പരാതികളും തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി തോമസ് കെ.തോമസ് പറഞ്ഞു. സിസിടിവി ഉള്ളതു കൊണ്ടാണ് താൻ നിരപരാധിയാണെന്ന് തെളിഞ്ഞത്. അല്ലെങ്കിൽ 90 ദിവസം ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് തന്നെ രക്ഷപ്പെടുത്തിയത്. താനാണ് ഡിജിപിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല പരാതി നൽകിയത്. പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും തോമസ് കെ.തോമസ് പറഞ്ഞു.
എം. വിൻസന്റിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
ബഹു. കുട്ടനാട് എംഎൽഎ. തോമസ് കെ തോമസിന്റെ ഡ്രൈവറായി ജോലി ചെയ്തുവന്ന വ്യക്തിയെ സ്വാധീനിച്ച് റജി ചെറിയാൻ എന്നയാൾ എംഎൽഎ.യെ അപായപ്പെടുത്തുവാനും കള്ളക്കേസിൽ കുടുക്കുവാനും പദ്ധതിയിട്ടിരുന്നതായി പറയുന്ന പരാതി 07.08.2023 ന് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. അത് അന്വേഷത്തിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മുഖാന്തിരം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു. അതിന്മേൽ അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
മുൻപ് എംഎൽഎ നൽകിയ പരാതിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയതിൽ പൊലീസിന്റെ ഭാഗത്ത് തുടർനടപടി ആവശ്യമില്ലായെന്ന തീരുമാനത്തിലെത്തിച്ചേർന്നു എന്നതാണ് ലഭ്യമായിട്ടുള്ള വിവരം.
കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആർജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പൊലീസിന്റെ പ്രത്യേകതകളാണ്.
തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാനും പൊലീസിനു ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നവർ രക്ഷപ്പെടില്ല എന്ന് ഉറപ്പാവുന്ന അവസ്ഥയുണ്ടാക്കാൻ കഴിഞ്ഞു.
ബഹു. എംഎൽഎ. നൽകിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി കൈക്കൊള്ളുന്നതിനും, എംഎൽഎയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ