മാസപ്പടി വിവാദം ഉന്നയിക്കാതെ യുഡിഎഫ് പിന്മാറിയെങ്കിലും വിട്ടുകൊടുക്കാതെ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം; ക്രമപ്രശ്നം ഉന്നയിച്ച് സ്പീക്കറുടെ വിലക്ക്; എന്തും വിളിച്ചുപറയാനുള്ള വേദിയല്ലെന്നും പരാമർശങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്നും റൂളിങ്; നിയമസഭയിൽ നാടകീയ രംഗങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടനെ സ്പീക്കർ തടഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിന്മാറിയ പശ്ചാത്തലത്തിലാണ് മാത്യു കുഴൽനാടൻ വിടാതെ പിന്തുടർന്നത്. മാത്യു കുഴൽനാടൻ പ്രസംഗിച്ചുതുടങ്ങിയപ്പോൾ തന്നെ സ്പീക്കർ ക്രമപ്രശ്നം ഉന്നയിച്ച് ഇടപെട്ടു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദം നടന്നതോടെ, സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ, യുഡിഎഫ് പിന്മാറിയതോടെയാണ് മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണയ്ക്കാൻ തയ്യാറായില്ല.
മാത്യു പ്രസംഗത്തിൽ വിവാദം പരാമർശിച്ചു തുടങ്ങിയപ്പോൾ തന്നെ സ്പീക്കർ എഎൻ ഷംസീർ തടഞ്ഞു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ ചർച്ചയ്ക്കിടെ എന്തെല്ലാം വിഷയങ്ങൾ ആരെല്ലാം പറയുന്നു എന്നായിരുന്നു മാത്യുവിന്റെ പ്രതികരണം. അപ്പോഴൊന്നും ഇല്ലാത്ത ക്രമപ്രശ്നം ഇപ്പോൾ എങ്ങനെ വരുന്നുവെന്നും മാത്യു ചോദിച്ചു.
2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തെ സ്പീക്കർ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചർച്ചയിൽ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ സംസാരിച്ചത്.
''കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തയിലെ കാര്യങ്ങൾ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..'' മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ടു. ''ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബില്ലിൽ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്'' സ്പീക്കർ പറഞ്ഞു.
ബിൽ ചർച്ചയ്ക്കിടെ മറ്റു കാര്യങ്ങൾ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ റൂളിങ് നൽകി. തുടർന്ന് പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കി. നീക്കിയ ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും സ്പീക്കർ നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ