തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം ഉണ്ട്. അത് പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതോടെ ആരോഗ്യമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും വാദം പരസ്പര വിരുദ്ധമായി.

പൂനയിലേക്ക് സാംപിളുകൾ അയച്ചത് സാങ്കേതിക നടപടി എന്നായിരുന്നു വീണാ ജോർജ്ജിന്റെ വിശദീകരണം. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് സഭയിൽ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂണെയിൽ നിന്നാണ്.

നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂണെ വൈറോളജി ലാബിൽ നിന്ന് വിദഗ്ദ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പൂണെ എൻഐവിയിൽ നിന്നുള്ള ഫലം ലഭിച്ചിരുന്നു. പ്രോടോകോൾ ഉണ്ടാക്കിയിട്ടുണ്ട്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗ്ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.