നവകേള സദസ് യാത്രയ്ക്കിടെ ഗൺമാന്റെ 'രക്ഷാപ്രവർത്തനം' ശ്രദ്ധയിൽ പെട്ടില്ല; പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചതും കണ്ടില്ല; നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചത് ശ്രദ്ധയിൽ വന്നിട്ടില്ല. നിയമസഭയിൽ കോൺഗ്രസ് എംഎൽഎ.മാരായ ഉമാ തോമസ്, കെ. ബാബു, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യ സമരങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. വാഹനത്തിന് നേരെ അക്രമം സംഘടിപ്പിച്ചുവെന്നും മറുപടിയിൽ പറയുന്നു.
വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചുകീറി എന്ന പരാതി ശ്രദ്ധയിൽ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു. സമരംചെയ്യുന്നവരെ പൊലീസ് അടിക്കുന്നതിന് നിയമപരമായി വ്യവസ്ഥയില്ലെന്നും മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സി.ആർ. മഹേഷിന്റെ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് സമരത്തെ അടിസ്ഥാനമാക്കി, സമരം ചെയ്യുന്നവരുടെ തലയിൽ പൊലീസിന് ലാത്തി കൊണ്ട് അടിക്കാമോ എന്നായിരുന്നു ചോദ്യം.
ഡിസംബർ പതിനഞ്ചിന് നവകേരളസദസ്സ് ആലപ്പുഴയിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനറൽ ആശുപത്രി ജങ്ഷനിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുപിന്നാലെ കാറിലെത്തിയ ഗൺമാനും സുരക്ഷാസംഘവും ചേർന്ന് പ്രവർത്തകരെ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് കോടതിയുടെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെ ഒന്നാം പ്രതിയാക്കിയും അംഗരക്ഷകൻ എസ്. സന്ദീപിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ