ഡീസൽ ബസിനേക്കാൾ ഇ ബസ് കൂടുതൽ ലാഭകരം; വസ്തുതകൾ മനസ്സിലാക്കാതെ പ്രതിപക്ഷം തോന്നുന്നത് വിളിച്ചുപറയുന്നു; ഇ ബസ് നഷ്ടമെന്ന ഗണേശ് കുമാറിന്റെയും പ്രതിപക്ഷത്തിന്റെയും വാദം തള്ളി ആന്റണി രാജുവിന്റെ മറുപടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇ ബസ് നഷ്ടമാണെന്ന് ആന്റണി രാജുവിന് പകരം ഗതാഗത മന്ത്രിയായി അധികാരമേറ്റയുടൻ ഗണേശ്കുമാർ തുറന്നടിച്ചത് വിവാദമായിരുന്നു. മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ട് വാർത്തയായത് ഗണേശ്കുമാറിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇ ബസിന് അനുകൂല വാദം സിപിഎം എംഎൽഎ അടക്കം ഉയർത്തിയതോടെ പാർട്ടി ഇടപെട്ട് ഗണേശിനെ തിരുത്തിയിരുന്നു. അതേസമയം, ഇ ബസ് ലാഭകരമാണെന്ന് നിയമസഭയിൽ മറുപടി നൽകിയ ആന്റണി രാജു എം എൽ എ ഗണേശിന്റെ നിലപാടിനെ വീണ്ടും തള്ളി.
കെ എസ് ആർ ടി സി ഇ ബസുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ബസുകളുടെ വരവ് ചെലവ് കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എം വിൻസെന്റ് എം എൽ എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഉന്നയിച്ചാണ് ആന്റണി രാജു നിയമസഭയിൽ മറുപടി പറഞ്ഞത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കർണാടകയിൽ ഇ ബസ് കൊണ്ടുവരുമെന്ന് ഇന്നലെ വാർത്തയുണ്ടായിരുന്നു. തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ഇ ബസ് കൊണ്ടുവരാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തിൽ ഇ ബസ് കൊള്ളാം. എന്നാൽ കേരളത്തിൽ നഷ്ടം എന്നാണ് പറയുന്നത് ഇത് ശരിയല്ലെന്നും ആന്റണി രാജു വിമർശിച്ചു. ഡീസൽ ബസിനെക്കാൾ ഇ ബസ് കൂടുതൽ ലാഭകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകൾ പഠിക്കാതെയും മനസിലാക്കാതെ പ്രതിപക്ഷം തോന്നുന്നത് വിളിച്ച് പറയുകയാണെന്നും ആന്റണി രാജു പറഞ്ഞു.
ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ്കുമാർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിൻസെന്റ് എം എൽ എ ഗുരുതര ആരോപണമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വാദം കൂട്ടുപിടിച്ച് ഗതാഗത മന്ത്രി ഗണേശ്കുമാറിന്റെ വാദവും തള്ളിയിരിക്കുകയാണ് ആന്റണി രാജു.
മറുനാടന് മലയാളി ബ്യൂറോ