- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ലതികയുടെ കാഫിർ പോസ്റ്റിനെ ന്യായീകരിച്ച് സർക്കാർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, വടകരയിൽ കോളിളക്കമുണ്ടാക്കിയ 'കാഫിർ' പ്രചാരണ വിഷയം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പോസ്റ്റ് പ്രചരിപ്പിച്ച മുൻ എം എൽ എ കെ കെ ലതികയ്ക്ക് എതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ പൂർണമായും ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
മാത്യു കുഴൽനാടന്റെ ചോദ്യത്തിന് പരാതി അന്വേഷണഘട്ടത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് മറുപടി പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ ഫേസ്‌ബുക് പ്രൊഫൈൽ വിവരങ്ങൾ കിട്ടണമെന്നും മന്ത്രി വ്യക്തമാക്കി. കെ.കെ.ലതിക പ്രചരിപ്പിച്ചത് വർഗീയതയ്ക്കെതിരായ പോസ്റ്റാണ്. വടകര സ്റ്റേഷനിൽ രണ്ട് എഫ്ഐആർ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കു വേണ്ടി എം.ബി.രാജേഷ് പറഞ്ഞു.
കെ കെ ലതിക കുറ്റം ചെയ്തോ ചെയ്തില്ലേ എന്ന വിധി പ്രസ്താവം നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളം വച്ച് നടുത്തളത്തിലിറങ്ങി. വർഗീയ പ്രചാരണങ്ങൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല. മന്ത്രിമാർ പ്രതിരോധത്തിലാകുന്ന വിഷയത്തിൽ ഈ സമീപനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മതസൗഹാർദം ഉണ്ടാക്കാനാണ് പോസ്റ്റെങ്കിൽ അവർക്കു താമ്രപത്രം നൽകണമെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കുന്നതിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ വിഷലിപ്തമായ വർഗീയത പരത്തിയിട്ട് എന്തു നടപടിയെടുത്തുവെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? പ്രതികൾ ആരൊക്കെയാണെന്നും വ്യക്തമാക്കണം. ഒരു മുൻ എംഎൽഎ നാൽപതിലേറെ ദിവസം പ്രൊഫൈൽ ചിത്രമായി ആ സ്‌ക്രീൻ ഷോട്ട് ഇട്ടിരുന്നു. അതിൽ നിന്നാണ് പതിനായിരക്കണക്കിന് പേർ ഷെയർ ചെയ്തത്. രാജ്യത്തുള്ള മുഴുവൻ ആളുകൾക്കും ഇതു മനസ്സിലായിട്ടും പൊലീസിന് ഇതുവരെ അവരതു പ്രചരിപ്പിച്ചുവെന്ന് മനസ്സിലായിട്ടില്ലെങ്കിൽ അവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എഫ്ഐആർ ഉണ്ടോ പ്രതി ഉണ്ടോ എന്ന ചോദ്യത്തിനും മറുപടിയില്ലെന്നു മാത്യു കുഴൽനാടൻ പറഞ്ഞു.
എന്നാൽ പ്രൊഫൈൽ വിവരങ്ങൾ പൊലീസ് ഫേസ്‌ബുക്കിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്തത്. അതിനിടെ, യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചതിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേള ദുരുപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കാഫിർ ചോദ്യത്തിൽ നിന്ന് വഴിതെറ്റിച്ച് ഭരണപക്ഷം മറ്റു ചോദ്യങ്ങൾ ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ മുൻ എംഎൽഎയ്ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.
പ്രതിപക്ഷം ബഹളം വച്ചതോടെ മന്ത്രി റിയാസ് എം.ബി.രാജേഷിനു സമീപത്തെത്തി നിങ്ങൾ ശാന്തമായി മറുപടി പറഞ്ഞാൽ മതി, എല്ലാവർക്കും കേൾക്കാം എന്നു പറഞ്ഞു മടങ്ങി. ആപ്പിന്റെ സഹായത്തോടെയാണ് വ്യാജതിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതെന്നും അതുകൊണ്ടു സൈബർ കേസാണെന്നും പ്രതികളെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
സിപിഎം നേതാവ് പി ജയരാജനെതിരെ സിപിഎം കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് ഉന്നയിച്ച വിഷയങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസായി സഭയിൽ ഉന്നയിച്ചത്. പി ജയരാജനും മകനും ഉൾപ്പെട്ട ക്രിമിനൽ ബന്ധങ്ങൾ, ജയരാജന്റെ മകൻ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്റർ ആണ് തുടങ്ങിയ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.
ഖാദി ബോർഡ് വൈസ് ചെയർമാനെതിരായ ആരോപണം എന്ന നിലയിൽ സർക്കാർ മറുപടി പറയാൻ ബാധ്യസ്ഥമാണെന്നായിരുന്നു നോട്ടീസ് നൽകിയ സണ്ണി ജോസഫ് ഉന്നയിച്ചത്. എന്നാൽ ഏതെങ്കിലും ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമേ സഭയിൽ ഉന്നയിക്കാൻ പാടുള്ളൂ എന്ന് മന്ത്രി രാജേഷ് പറഞ്ഞു. ഇതോടെ സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി.