തിരുവനന്തപുരം: സഭയെയും പ്രക്ഷുബ്ധമാക്കി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം.ടിജെ വിനോദ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ വ്യക്തമാക്കിയത്. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു.എന്നാലിന്ന് കൊച്ചിയിൽ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടിജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു.

തീ പൂർണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂർണമായും അണച്ചിട്ടില്ലെന്നും സഭയിൽ ചുണ്ടിക്കാട്ടി.വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. 4 ന് തദ്ദേശ മന്ത്രി നിയമ സഭയിൽ ലാഘവത്തോടെയാണ് മറുപടി നൽകിയത്.

ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷമാണ് സർക്കാർ ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറുപടി നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും സഭയെ അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ഫീൽഡ് തല സർവയലൻസ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിന്റെ പ്രവർത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി.അഞ്ചാം തീയതി മന്ത്രിമാർ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയിൽ യോഗം ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി.

851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും.200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ തദ്ദേശമന്ത്രി എം ബി രാജേഷ് വിവാദ കമ്പനിയെ ന്യായീകരിച്ചതും സഭയിൽ പ്രതിഷേധത്തിനിടയാക്കി.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ മന്ത്രി മാധ്യമങ്ങളെ പഴിച്ചുകൊണ്ടായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്.ഗുരുതരമായ ഒരു സാഹചര്യവുമില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്.

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മെച്ചമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ദ്ധർ പോലും അംഗീകരിച്ചുവെന്നും എം ബി രാജേഷ് വിശദീകരിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു എന്ന് തദ്ദേശമന്ത്രി സഭയിൽ വിശദീകരിച്ചു.

ഇത് ഭരണപക്ഷ - പ്രതിപക്ഷ ഏറ്റുമുട്ടൽ വിഷയം അല്ല. പരസ്പരം ചളി വാരി എറിയരുത്.മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തണം എന്നതാണ് ബ്രഹ്മപുരം നൽകുന്ന പാഠമെന്ന് പറഞ്ഞ മന്ത്രി, ബ്രഹ്മപുരത്തെ മാലിന്യ മല രണ്ട് വർഷം മുൻപ് ഉണ്ടായതല്ലെന്നും കുറ്റപ്പെടുത്തി.സീറോ വെസ്റ്റ് നഗരത്തെ ഈ നിലയിൽ എത്തിച്ചതിന് യുഡിഎഫിനുള്ള പങ്ക് അവർ വിലയിരുത്തണമെന്നും എം ബി രാജേഷ് വിമർശിച്ചു.

ബ്രഹ്മപുരത്തിൽ വിഷയത്തിൽ മാധ്യമങ്ങളെയും മന്ത്രി നിശിതമായി വിമർശിച്ചു.മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്നുവെന്നും ചില മാധ്യമങ്ങൾ തീ ഇല്ലാതെ പുക ഉണ്ടാക്കാൻ വിദഗ്ധരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.പിന്നാലെ മന്ത്രി വിവാദ കമ്പനിയെ ന്യായീകരിക്കുകയും ചെയ്തു.രണ്ട് ഡസൻ നഗരങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് കടലാസ് കമ്പനി ആണെന്ന് പ്രചാരണം നടന്നു. കമ്പനിയെ കുറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്.

കമ്പനിക്ക് എതിരായ പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഗെയിൽ ഈ കമ്പനിയിൽ ഓഹരി പങ്കാളിയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. വിഷയം സഭ നിർത്തി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.