ഗവർണർക്ക് നിയമസഭയിൽ 'മറുപടി നൽകാൻ' പിണറായി സർക്കാർ; വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ 24ന് സഭയിൽ; ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച അവതരിപ്പിക്കും; ഗവർണറുടെ അംഗീകാരം നിർണായകം; ഒപ്പിടാതെ തീരുമാനം നീട്ടാൻ സാധ്യത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം. 16ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും.
സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ, ചാൻസലറായ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി അവതരിപ്പിക്കുന്ന പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാർ-ഗവർണർ പോര് ശക്തമായതോടെ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.
ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാനാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനും കഴിയും.
സ്പീക്കർ നൽകിയ വാർത്തക്കുറിപ്പിൽ സർവകലാശാല ഭേദഗതി ബില്ലിനെക്കുറിച്ച് പരാമർശം ഇല്ലായിരുന്നു. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ കൊണ്ടുവരാൻ 16നാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ ഈ ബില്ലും സർക്കാരിന് ഏറെ നിർണായകമായ ലോകായുക്ത ഭേദഗതി ബില്ലും ഒന്നിച്ചു പാസാക്കി ഗവർണർക്ക് അയച്ചാൽ രണ്ടിലും അദ്ദേഹം ഒപ്പുവയ്ക്കാത്ത സാഹചര്യം ഉണ്ടാകാം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസിൽ ലോകായുക്ത വിധി പറയാനിരിക്കുകയാണ്. അതിനാൽ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്ലിനു ഗവർണറുടെ അനുമതി വാങ്ങേണ്ടത് സർക്കാരിന്റെ അടിയന്തര ആവശ്യമാണ്.
സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ്, ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. ലോകായുക്ത ഭേദഗതി ബല്ലിനെയും പ്രതിപക്ഷം നഖശിതാന്തം എതിർക്കുകയാണ്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് സിപിഐക്കും എതിർപ്പുണ്ട്. എന്നാൽ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സിപിഎം-സിപിഐ ചർച്ച ഇന്നലെ നടന്നിരുന്നു.
നേരത്തെ 26ന് ഭേദഗതി ബിൽ അവതരിപ്പിക്കായിരുന്നു നീക്കം. ഓഗസ്റ്റ് 25, 26, സെപ്റ്റംബർ 2 എന്നീ ദിവസങ്ങളിൽ നിയമസഭ ഉണ്ടാകില്ല. 23, 24 ദിവസങ്ങളിലായി 12 ബില്ലുകൾ അവതരിപ്പിക്കും. ഒരു ദിവസം 6 ബിൽ എന്ന കണക്കിലായിരിക്കും ഇത്. ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിർമ്മാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിർമ്മാണത്തിന് ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിൽ സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ ഇന്ന് മറ്റ് നടപടിക്രമങ്ങൾ ഉണ്ടാകില്ല.
മറുനാടന് മലയാളി ബ്യൂറോ