- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; ഉന്നത സ്വാധീനത്തെ തുടർന്ന് പ്രതികൾ അറസ്റ്റിൽ നിന്നും ഒഴിവാകുന്നുവെന്നും സതീശൻ; 200 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടും 41 കോടിയുടെ കണക്കാണ് സഹകരണ് വകുപ്പിന് നൽകിയതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തലസ്ഥാനത്തെ ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉന്നത സ്വാധീനത്തെ തുടർന്നാണ് പ്രതികൾ ഇപ്പോഴും അറസ്റ്റിൽ നിന്നും ഒഴിവാകുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്തു സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപ്പെട്ട നിക്ഷേപത്തുക തിരികെ നൽകുന്നതിന് നടപടി സ്വീകരിക്കണം. ബി.എസ്.എൻ.എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത് സംബന്ധിച്ച് നിക്ഷേപകരുടെ പരാതിയിൽ സഹകരണ വകുപ്പിന്റെ മൂന്നംഗ സമിതി അന്വേഷിച്ചിരുന്നു. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ചെയ്തു.
പ്രസിഡന്റിനും ജീവനക്കാരനും എതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യം ചെയ്തു കൊടുത്തു. മുൻകൂർ ജാമ്യം കോടതി നിരസിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. വ്യാജ രേഖ നൽകി വൻതോതിൽ നിക്ഷേപം സ്വീകരിച്ച് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ളവക്ക് വകമാറ്റി ചെലവഴിച്ചത് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നിരിക്കുന്നത്.
200 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടും 41 കോടിയുടെ കണക്കാണ് സഹകരണ് വകുപ്പിന് നൽകിയിരിക്കുന്നത്. സംഘത്തിന്റെ ഡയറക്ടർ ബോർഡിലുള്ളവർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. തട്ടിപ്പ് നടത്തിയവർ അനധികൃതമായി സമ്പാദിച്ച സ്വത്ത് വകകളുടെ സർവെ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നിക്ഷേപകർ തന്നെ അന്വേഷിച്ച് കണ്ടെത്തി സർക്കാരിനെ അറിയിച്ചു. ഇതിനിടെ ആർബിട്രേഷൻ നടപടികൾ ഒഴിവാക്കുന്നതിന് പ്രതികൾ അവരുടെ വസ്തുവകകൾ വിൽക്കാനും ശ്രമം നടത്തി.
65 മുതൽ 85 വയസ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാണ് സംഘത്തിലെ നിക്ഷേപകരിൽ ബഹുഭൂരിപക്ഷവും. റിട്ടയർമെന്റ് അനുകൂല്യങ്ങൾ ഉൾപ്പെടെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവുമാണ് അവർ നിക്ഷേപിച്ചത്. ചികിത്സക്കും മക്കളുടെ വിവാഹ ആവശ്യത്തിനുമൊക്കെ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് ഇവർ തട്ടിപ്പ് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ