മദ്യപാനികളെ ബവ്കോ തൽക്കാലം വിഷമിപ്പിക്കില്ല; ഗാലനേജ് ഫീസ് 10 രൂപയായി കൂട്ടിയതുകൊണ്ട് മദ്യത്തിന്റെ വില കൂടില്ല; ലിറ്ററിന് 10 പൈസ കൂട്ടാൻ ആലോചിച്ചത് ബജറ്റിൽ 10 രൂപയായി; സർക്കാർ പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എപ്പോൾ നികുതി കൂട്ടിയാലും മദ്യത്തെ വെറുതെ വിടാത്തവരാണ് മിക്ക ധനമന്ത്രിമാരും. നികുതി കൂട്ടിയാൽ ആരും പരാതിപ്പെടില്ലെന്ന് മാത്രമല്ല, അത്രയും നന്നായെന്ന് പറയും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് അധിക വിഭവ സമാഹരണത്തിലൂടെയേ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിയൂ. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്മേൽ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മദ്യനിർമ്മാണ കമ്പനി ലാഭത്തിൽ നിന്നും അടയ്ക്കേണ്ട തുകയാണ് ഗാലനേജ് ഫീ. നിലവിൽ ഇത് അഞ്ചു പൈസയായിരുന്നു. ഇതാണ് പത്തു രൂപയായി വർധിപ്പിച്ചത്. ഗാലനേജ് ഫീ ലിറ്ററിന് 30 രൂപ വരെ വർധിപ്പിക്കാൻ അബ്കാരി നിയമം അനുവദിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, ഗാലനേജ് ഫീ വർധിപ്പിച്ചതു മൂലം മദ്യവില തൽക്കാലം കൂടില്ലെന്നാമ് ബിവറേജസ് കോർപ്പറേഷൻ പറയുന്നത്.
ഗാലനേജ് ഫീസ് 10 രൂപയായി കൂട്ടിയതോടെ, ഒരു കേയ്സ് മദ്യത്തിന് 90 രൂപ ബവ്റിജസ് കോർപറേഷൻ സർക്കാരിന് നികുതിയായി നൽകണം.. ഒരു കേയ്സിൽ 9 ലിറ്റർ മദ്യമാണുള്ളത്. നികുതി കൂട്ടിയതിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബിവറേജസ് കോർപറേഷൻ നിരക്കു വർധന ആവശ്യപ്പെടാനിടയുള്ളൂ. ഇത് സർക്കാർ അംഗീകരിക്കണം. ലിറ്ററിനു 10 പൈസ ഗാലനേജ് ഫീസ് കൂട്ടാനാണ് നേരത്തെ ചർച്ചകൾ നടന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 10 രൂപയാക്കുകയായിരുന്നു. എന്തായാലും സാമ്പത്തിക പ്രയാസം വന്നാൽ ബവ്കോ വില കൂട്ടുമെന്ന് ഉറപ്പ്.
ഗാലനേജ് ഫീ വർധിപ്പിച്ചതു മൂലം മദ്യവില വർധിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കി. കോടതി വ്യവഹാരങ്ങൾക്കും ഇനി ചെലവ് കൂടും. ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കുകൾ പരിഷ്കരിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്ത് ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും 1981ലെ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് 138 ന്റെ വകുപ്പുകളിൽ പെടുന്ന കേസുകളിൽ പ്രത്യേക കോടതി ഫീസുകൾ ഈടാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് 10 രൂപയായിട്ടാണ് ഇതു തുടരുന്നത്.
സെഷൻസ് കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലിന് ആയിരം രൂപയും പരാതിക്കാരൻ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലിൽ, വിചാരണക്കോടതിയിൽ ഒടുക്കിയ കോടതിഫീസിന്റെ പകുതിക്ക് തുല്യമായ തുകയും കോടതി ഫീസായി ഉയർത്തി.
ഹൈക്കോടതിയിലെ റിവിഷൻ പെറ്റീഷനിൽ ചെക്കു തുകയുടെ പത്തിലൊന്നും, ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഫയൽ ചെയ്യുന്ന റിവിഷൻ പെറ്റീഷൻ 1500 രൂപയും കോടതി ഫീസായി ഉയർത്തി. 1984 ലെ ഫാമിലി കോർട്ട് ആക്ടിൽ സംസ്ഥാനത്തെ കുടുംബ കോടതികളിൽ 7-1 സി പ്രകാരം വസ്തു സംബന്ധമായ കേസുകൾ ഫയൽ ചെയ്യുന്നതിന് നിലവിൽ 50 രൂപയാണ് ഫീസ്. ഇതും കാലോചിതമായി പരിഷ്കരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
കെഎസ്ആർടിസിക്ക് 128.54 കോടി രൂപ; ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി രൂപ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. 1963 ൽ നിശ്ചയിച്ച തുകയാണിത്. ഇത് യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് ആറു പൈസ എന്നതിൽ നിന്നും യൂണിറ്റിന് 10 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ