- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനത് വരുമാനം 85000 കോടിയായി ഉയരും; വിലക്കയറ്റം നേരിടാൻ 2000 കോടി; റബ്ബർ കർഷകർക്ക് സബ്‌സിഡിക്ക് 600 കോടിയുടെ പ്രഖ്യാപനം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബാലഗോപാലിന്റെ ബജറ്റ് അവതരം; കേരളം പ്രതിസന്ധിയിൽ നിന്നും കരകയറിയെന്ന് ധനമന്ത്രി; വ്യവസായ മേഖകളിൽ അടക്കം വളർച്ച; നിയമസഭയിൽ ബജറ്റ് അവതരണം
തിരുവനന്തപുരം: കേരള നിയമസഭയിൽ ബജറ്റ് അവതരം നടത്തി. ഇടതു നയങ്ങൾ വിശദീകരിച്ചാണ് നയപ്രഖ്യാപനം ധനമന്ത്രി ബാലഗോപാൽ തുടങ്ങിയത്. കേരളം പ്രതിസന്ധികളിൽ നിന്നും കരകയറിയെന്നും വ്യവാസയ മേഖലയിൽ വളർച്ചയുണ്ടായി എന്നും ധനമന്ത്രി വിശദീകരിക്കുന്നു. തനത് വരുമാനം 85,000 കോടിയായി ഉയരും. വിലക്കയറ്റം പിടിച്ചു നിർത്താൻ 2000 കോടി മാറ്റി വച്ചിട്ടുണ്ട്. കേരളത്തെ ഇകഴത്തി കെട്ടാൻ ശ്രമം നടക്കുന്നുവെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതാണ് ബജറ്റ്. കേരളത്തിനെ കേന്ദ്രം അവഗണിച്ചുവെന്നും പറഞ്ഞു. റബ്ബർ സബ്‌സിഡിക്ക് 600 കോടിയാണ് മാറ്റി വയ്ക്കുന്നത്. സംസ്ഥാനം പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും മന്ത്രി വിശദീകരിക്കുകയാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും വിലയിരുത്തലുകളും
1. 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of GSDP)
3. ധനകമ്മി 39,662 കോടി രൂപ (3.5% of GSDP)
4. ശമ്പളത്തിന് 40,051 കോടി രൂപയും പെൻഷന് 28,240 കോടി രൂപയും സബ്‌സിഡിക്ക് 2190 കോടി രൂപയും
5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 14,149 കോടി
6. കുടുംബശ്രീയ്ക്ക് 260 കോടിരൂപ
7. സാമൂഹ്യ സുരക്ഷാ പെൻഷന് 9764 കോടി രൂപ
8. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിർമ്മിക്കും. ഇതിനായി 1436 കോടി രൂപ.
9. കേരളത്തിൽ ആഭ്യന്തരോൽപ്പാദനവും തൊഴിൽ/സംരംഭക/നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി മേക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കും.
10. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി രൂപ
11. റബ്ബർ വിലയിടിവ് തടയുന്നതിന് 600 കോടി
12. തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയർത്തി
13. കയർ ഉൽപ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.
14. കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി
15. കാഷ്യൂ ബോർഡിന് റിവോൾവിങ് ഫണ്ടിനായി 43.55 കോടി
16. അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി
17. എല്ലാവർക്കും നേത്രാരോഗ്യത്തിന് നേർകാഴ്ച പദ്ധതി
18. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് 50.85 കോടി
19. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി
20. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 65 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും.
21. ഗൾഫ് മലയാളികളുടെ ഉയർന്ന വിമാനക്കൂലി പ്രശ്‌നംപരിഹരിക്കാൻ 15 കോടിയുടെ കോർപ്പസ് ഫണ്ട്
22. ഇടുക്കി, വയനാട്, കാസർഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം
23. പുതിയ വൈദ്യുതി സബ്‌സ്റ്റേഷനുകൾ, ലൈനുകൾ എന്നിവ നിർമ്മിക്കുന്നതിന് 300 കോടി.
24. കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം - 5 വർഷത്തിനുള്ളിൽ 1 ലക്ഷം പേർക്ക് തൊഴിൽ
25. കെ-ഫോൺ -ന് 100 കോടി രൂപ, സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് 2 കോടി രൂപ
26. കേരള സ്‌പേസ് പാർക്കിന് 71.84 കോടി
27. സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി
28. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിൽ ഷിപ്പിങ് അടിസ്ഥാന സൗകര്യവികസനത്തിന് - 40.5 കോടി
29. അഴീക്കലിൽ 3698 കോടി രൂപ ചെലവിൽ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ പോർട്ട്
30. 765.44 കോടി രൂപ ചെലവ് വരുന്ന പുനലൂർ - പൊൻകുന്നം റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തികൾ ഇ.പി.സി മോദിലേക്ക്.
31. കെ.എസ്.ആർ.ടി.സിക്ക് പ്ലാൻ വിഹിതം ഉൾപ്പടെ 1031 കോടി നൽകും.
32. വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി
33. 10 കോടി രൂപ ചെലവിൽ കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും.
34. ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും.
35. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്‌സ്
36. യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി
37. ജില്ലകളിൽ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി
38. കൊല്ലം പീരങ്കി മൈതാനത്ത് 'കല്ലുമാല സമര സ്‌ക്വയർ' സ്ഥാപിക്കുന്നതിന് 5 കോടി രൂപ
39. സംസ്ഥാനത്തെ സിനിമാ തീയറ്ററുകളെ ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിക്കും.
40. പേവിഷത്തിനെതിരെ തദ്ദേശീയ വാക്‌സിൻ വികസിപ്പിക്കും
41. സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേർന്ന് നഴ്‌സിങ് കോളേജുകൾ ആരംഭിക്കും.
42. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ
43. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ.
44. പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിന് 90 കോടി
45. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിക്ക് 27.5 കോടി.
46. സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയർ ഫ്രീ കേരള പദ്ധതിക്ക് 9 കോടി രൂപ
47. മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപ
48. അംഗനവാടി കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം മുട്ടയും പാലും നൽകുന്നതിനായി 63.5 കോടി രൂപ.
49. സർക്കാർ ജീവനക്കാരുടെ സർവ്വീസും ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയറിന്റെ പുതിയ വെർഷൻ പുറത്തിറക്കും.
50. സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് ഒരു കൺസോർഷ്യം രൂപീകരിക്കും. ഒരു പദ്ധതിക്ക് 250 കോടി എന്ന കണക്കിൽ 2000 കോടി രൂപ കെ.എഫ്.സി വഴി നൽകും.
51. വ്യാവസായി ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നൽകും.
52. മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാർഷിക പലിശ നിരക്കിൽ കെ.എഫ്.സി വഴി വായ്പ നൽകും.
53. മിഷൻ 1000 - 1000 സംരംഭങ്ങൾക്ക് 4 വർഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്‌കെയിൽ അപ്പ് പാക്കേജ്.
54. തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 2 വർഷത്തിനുള്ളിൽ 200 കോടി രൂപ ചെലവഴിക്കും.
55. ലോകത്തെ മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈന്മെന്റുകൾ നേടുന്ന 100 ഗവേഷകർക്ക് സ്‌കോളർഷിപ്പുകൾ നൽകും.
നികുതി നിർദ്ദേശങ്ങൾ
56. മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും.
57. പുതുതായി വാങ്ങുന്ന 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2% വർദ്ധനവ്.
58. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന പ്രൈവറ്റ് സർവ്വീസ് വാഹനങ്ങളുടെയും നിരക്കിൽ ചുവടെ പറയും പ്രകാരം വർദ്ധനവ് വരുത്തുന്നു
a. 5 ലക്ഷം വരെ വിലയുള്ളവ - 1% വർദ്ധനവ്
b. 5 ലക്ഷം മുതൽ 15 ലക്ഷം വരെ - 2% വർദ്ധനവ്
c. 15 ലക്ഷം മുതൽ 20 ലക്ഷം വരെ - 1% വർദ്ധനവ്
d. 20 ലക്ഷം മുതൽ 30 ലക്ഷം വരെ - 1% വർദ്ധനവ്
e. 30 ലക്ഷത്തിന് മുകളിൽ - 1% വർദ്ധനവ്
59. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബ് എന്നിവയ്ക്ക് നിലവിൽ വാഹനവിലയുടെ 6% മുതൽ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കുന്നു.
60. കോൺട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകൾക്ക് ആശ്വാസം പകരുന്നതിനായി നികുതിയിൽ 10% കുറവ്
61. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ്സ് ചുവടെ പറയും പ്രകാരം വർദ്ധിപ്പിക്കുന്നു
a. ഇരുചക്രവാഹനം - 100 രൂപ
b. ലൈറ്റ് മോട്ടോർ വെഹിക്കിൾ - 200 രൂപ
c. മീഡിയം മോട്ടോർ വാഹനം - 300 രൂപ
d. ഹെവി മോട്ടോർ വാഹനം - 500 രൂപ
62. അൺ എയ്ഡഡ് മേഖലയിലെ സ്‌പെഷ്യൽ സ്‌കൂളുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌കൂൾ ബസ്സുകളുടെ നികുതി സർക്കാർ മേഖലയിലെ സ്‌കൂളുകളുടെ നികുതിക്ക് തുല്യമാക്കി
63. അബ്കാരി കുടിശ്ശിക തീർപ്പാക്കുന്നതിനായി പുതിയ ആംനസ്റ്റി സ്‌കീം.
64. ഹോർട്ടി വൈൻ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ നിർമ്മിത വൈനിന്റെ അതേ നികുതി ഘടനതന്നെ നടപ്പിലാക്കും.
65. ഭൂമിയുടെ ന്യായവില 20% വർദ്ധിപ്പിക്കും
66. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കുറവ് വരുത്തിയിരുന്ന ഫ്‌ളാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ മുദ്രവില 5%-ൽ നിന്നും 7% ആക്കി.
67. സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാക്കി കുറച്ചു.
68. ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോൾ ഡീസൽ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തും.
69. മൈനിങ് & ജിയോളജി മേഖലയിൽ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും.
70. സർക്കാർ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും.
മറുനാടന് മലയാളി ബ്യൂറോ