സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി; ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കൾ; സർക്കാരിന് എതിരെ വിമർശനവുമായി സി എ ജി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചതിൽ സി എ ജിയുടെ വിമർശനം. പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി. ഗുണഭോക്താക്കളെ ചേർക്കുന്നതു മുതൽ പെൻഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തിൽ സോഫ്റ്റ്വെയറിൽ വീഴ്ചയുണ്ടായി.
2017-18 മുതൽ 2020-21 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കൾക്ക് 29,622.67 കോടിരൂപ സർക്കാർ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ പെൻഷനായി അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നൽകുന്നതിലും അശ്രദ്ധയുണ്ടായി. ഒരേ ഗുണഭോക്താക്കൾക്ക് രണ്ട് വ്യത്യസ്ത പെൻഷനുകൾ അനുവദിച്ചു. സാക്ഷ്യപത്രങ്ങൾ ഹാജരാക്കാതെയും പെൻഷൻ അനുവദിച്ചു. ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.
പെൻഷൻ സ്കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് അക്കൗണ്ടുകൾ ശരിയായി പാലിക്കുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പിൽ സുതാര്യതയില്ല. പെൻഷൻ പ്രതിമാസം നൽകാതെ മാസങ്ങളുടെ ബാച്ചുകളായാണ് നൽകിയത്. ഇത് യഥാസമയം പെൻഷൻ നൽകുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തി. തെറ്റായ ബിൽ പ്രോസസിങ്ങിലൂടെ അർഹരായവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു. വിധവാ പെൻഷൻ ക്രമരഹിതമായി നൽകി. ഒരു പെൻഷൻ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പെൻഷൻ സോഫ്റ്റ്വെയറിനെ നവീകരിക്കണമെന്നും സിഎജി ശുപാർശ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ