സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്; പക്ഷേ, ഏത് ഘട്ടത്തിലായാലും സിൽവർ ലൈനിന് അനുമതി തന്നേ തീരു; ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അനുതി വൈകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സിൽവർലൈൻ പ്രതിഷേധക്കാരുടെ കേസുകൾ പിൻവലിക്കില്ല. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരും. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് കെ റെയിൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്. പക്ഷേ, ഏത് ഘട്ടത്തിലായാലും സിൽവർ ലൈനിന് അനുമതി തന്നേ തീരു. ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അനുമതി തരേണ്ടവർ അത് ഇപ്പോൾ തരാൻ തയ്യാറല്ലെന്ന സമീപനം സ്വീകരിക്കുമ്പോൾ, ഞങ്ങളിതാ ഇപ്പോൾ നടത്തുന്നു എന്ന് പറയാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുന്നത്തുനാട് മണ്ഡലത്തിൽ ഇൻഫോ പാർക്ക് ഫേസ് 2 വിൽ സിൽവർലൈൻ പദ്ധതിക്കായി 45 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ ഏറ്റെടുത്ത ഭൂമിക്ക് പകരം ഫേസ് 2 വിന്റെ വികസനത്തിനായി വേറെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് പിവി ശ്രീനിജയൻ എംഎൽഎയുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'സാധാരണ ഗതിയിൽ ഭൂമി എറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം നൽകും. അത് ഉപയോഗിച്ച് കൂടുതൽ ഭൂമി ഏറ്റെടുക്കണമെങ്കിൽ അത് ചെയ്യാം. അതുകൊണ്ട് മാത്രം പദ്ധതിക്ക് എന്തെങ്കിലും കുറവുവരുമെന്ന് കരുതേണ്ടതില്ല.' എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സിൽവർ ലൈനിന് അതിവേഗം അനുമതി കിട്ടുമെന്നാണ് ആദ്യം പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കുകയായിരുന്നു. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്രത്തിൽ നിന്ന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ചില ആളുകളുടെ സമ്മർദ്ദത്തിന്റെ ഫലമായി സിൽവർ ലൈൻ പദ്ധതിയെ ചിലയാളുകൾ തെറ്റിദ്ധരിച്ചു. എതിർത്തവർക്കൊന്നും എതിരെ ഒരുകേസുമില്ല.
ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ നോക്കിയവർക്കെതിരെയാണ് കേസ് എടുത്തത്. വസ്തുവകകൾ നശിപ്പിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ