വിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരം; തുറമുഖ നിർമ്മാണം നിർത്തി വയ്ക്കില്ല; തീരശോഷണം പദ്ധതി മൂലമെന്ന് പറയാൻ ആവില്ലെന്നും മുഖ്യമന്ത്രി; കടക്കുപുറത്ത് എന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ടെന്നും തുറമുഖ മന്ത്രി വിഡ്ഢിയെന്നും ലത്തീൻ അതിരൂപത
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നടക്കുന്ന സമരത്തിൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ മാത്രമല്ല പങ്കെടുക്കുന്നതെന്നും ചില പ്രദേശങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമെന്ന നിലയിലാണ് അതിനെ കാണാൻ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പദ്ധതികൾക്കെതിരായ നിലപാട് ജനവിരുദ്ധവും വികസനവിരുദ്ധവുമാണ്. വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. അടിസ്ഥാനരഹിതമായ ഭീതിയുള്ളവാക്കുന്ന ആരോപണങ്ങൾ ഉയരുന്നതും സ്വാഭാവികമാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുമായി എപ്പോഴും ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഴിഞ്ഞം പോലുള്ള ബൃഹത് പദ്ധതികൾ നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി വ്യക്തമാക്കി. കോവളം എംഎൽഎ എം.വിൻസെന്റാണ് ചർച്ചയ്ക്കു നോട്ടീസ് നൽകിയത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണലിലും സുപ്രീംകോടതിയിലും ചിലർ ഹർജികൾ നൽകിയെങ്കിലും തള്ളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയുടെ പഠനത്തിലും പദ്ധതി തീരപ്രദേശത്തിനു ദോഷമാണെന്നു കണ്ടെത്തിയിട്ടില്ല. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമർദവുമാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചശേഷം പദ്ധതിപ്രദേശത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ തീരശോഷണം ഉണ്ടായിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണം തുറമുഖ പദ്ധതി വന്നതുകാരണമാണെന്നു പറയാൻ കഴിയാത്ത സ്ഥിതിയാണ്.
വികസന പദ്ധതികൾ വേണ്ട നാട് സ്തംഭനാവസ്ഥയിൽ നിൽക്കട്ടെ എന്ന സമീപനം നാടിനും ജനങ്ങൾക്കും എതിരാണ്. വിഴിഞ്ഞം പദ്ധതിയെ തുരങ്കം വയ്ക്കുന്നത് ഭാവി തലമുറയ്ക്കെതിരായ നീക്കമാണ്. വിഴിഞ്ഞം തുറമുഖം വന്നാൽ സാമ്പത്തിക രംഗം ദ്രുതഗതിയിൽ വളരും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾക്കു പ്രശ്നമുണ്ടായ എല്ലാ ഘട്ടത്തിലും സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തി.
ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു 20 ലക്ഷംരൂപ നൽകി. തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷ സിആർസെഡ് പരിധിയിലാണ് വരുന്നത്. ഇതു കേന്ദ്രത്തിനു മുന്നിൽ പ്രശ്നമായി അവതരിപ്പിച്ചിട്ടുണ്ട്. വീടുകൾ നഷ്ടമായി ക്യാംപുകളിൽ താമസിക്കുന്നവരെ വാടക നൽകി മാറ്റി താമസിപ്പിക്കാനാണ് ആലോചിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി കണ്ടെത്തിയ സ്ഥലത്ത് അടിയന്തരമായി വീടുകൾ നിർമ്മിക്കും. സർക്കാർ എല്ലാ തരത്തിലും മത്സ്യത്തൊഴികൾക്കൊപ്പമാണ്. അക്കാര്യത്തിൽ ഒരു ശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖനിർമ്മാണം നിർത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്തിയാൽ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. തുറമുഖം വന്നാൽ അനുബന്ധ വ്യവസായങ്ങൾക്ക് പ്രോത്സാഹനം ലഭിക്കും. പദ്ധതി വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. തുറമുഖ നിർമ്മാണം നിർത്തുന്നത് സംസ്ഥാന വളർച്ചയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്ന് ലത്തീൻ അതിരൂപത വിമർശിച്ചു. കടക്കൂ പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു എന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കള്ളങ്ങൾ കുത്തിനിറച്ചതാണ്. കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ചുകൊടുക്കണമെന്നും ഫാദർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ