'മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്നം; സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രം; രാഷ്ട്രീയ മുതലെടുപ്പോടെയാണ് പേര് വലിച്ചിഴക്കപ്പെട്ടത്; മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഒടുവിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു. മാസപ്പടി എന്ന് ചിലർ പറയുന്നത് അവരുടെ മനോനില. കമ്പനികൾക്ക് വഴിവിട്ട ഒരു സാഹയവും സർക്കാർ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
'മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്നം. സർവീസ് കൊടുത്തതിന് കിട്ടിയ പ്രതിഫലമാണ്. രണ്ട് കമ്പനികൾ പരസ്പരം നടത്തിയ ഇടപാടാണ്. ഇതിൽ എന്ത് ബന്ധുത്വം. ബന്ധുത്വം വരുന്നത് എങ്ങനെയാണ് ഇതിൽ, രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടല്ലേ. രണ്ട് ഭാഗവും കേൾക്കാത്ത റിപ്പോർട്ടിന് എങ്ങനെയാണ് ദിവ്യത്വം കൽപ്പിക്കാനാകുക.
സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നത്. രാഷ്ട്രീയ മുതലെടുപ്പോടെയാണ് പേര് വലിച്ചിഴക്കപ്പെട്ടത്. ഇതും ഒരു തരം വേട്ടയാടലാണ്. ആരോപണം നിഷേധിക്കുന്നു. മാത്യു കുഴൽനാടൻ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണ്', മുഖ്യമന്ത്രി ആരോപിച്ചു.
ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ കമ്പനിയുടെ (സി.എം.ആർ.എൽ.) ആദായനികുതി നിർണ്ണയത്തിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളിൽ ലഭ്യമായ ചില പകർപ്പുകളിൽ നിന്നും പൊതുമണ്ഡലത്തിൽ ചില കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ ഔദ്യോഗിക പകർപ്പ് കാണാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ലഭ്യമായ വിവരം വച്ചുകൊണ്ടാണ് ഈ മറുപടി പറയുന്നത്.
ഒരു ആദായനികുതി ദായകന് സാധാരണ അപ്പീൽ പ്രക്രിയയ്ക്ക് ബദലായി ജീവിതത്തിലൊരിക്കൽ Full and True Disclosure (പൂർണ്ണവും സത്യസന്ധവുമായ വെളിപ്പെടുത്തൽ) നടത്തി ആദായനികുതി നിയമം 245 D വകുപ്പു പ്രകാരം സെറ്റിൽമെന്റ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഇത് ഒരു ഒത്തുതീർപ്പിനു തുല്യമാണ്. ഇതിന്മേൽ അപ്പീലില്ല. ഇത് നികുതിദായകനും ആദായ നികുതി വകുപ്പും തമ്മിലുള്ള ഒരു ഒത്തുതീർപ്പാണ്. 2021 ൽ കേന്ദ്ര ഫിനാൻസ് ആക്ട് സെറ്റിൽമെന്റ് കമ്മീഷൻ ഉടൻ പ്രാബല്യത്തിൽ നിർത്തലാക്കുകയും അതുവരെ രാജ്യത്തെ വിവിധ സെറ്റിൽമെന്റ് കമ്മീഷൻ മുമ്പാകെ തീർപ്പാകാതെ കിടന്നിരുന്ന അപേക്ഷകൾ തീർപ്പാക്കാനായി ഇന്ററിം സെറ്റിൽമെന്റ് ബോർഡുകൾ രൂപീകരിക്കുകയും ചെയ്തു. ഈ ബോർഡിലെ അംഗങ്ങൾ ആദായനികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ്.
സിവിൽ കോടതിയുടെ അധികാരമുള്ള ബോർഡിന്റെ അർദ്ധ ജുഡീഷ്യൽ ഓർഡർ എന്നു പറയുമ്പോഴും ഈ ഉത്തരവ് എഴുതുന്നത് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് എന്ന വസ്തുത ഓർക്കേണ്ടതുണ്ട്.
സി എം ആർ എൽ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും അപേക്ഷ സമർപ്പിച്ചപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റിൽമെന്റിൽ എക്സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റിൽമെന്റിന് വിധേയമായിട്ടുമില്ല.
സെറ്റിൽമെന്റ് ഉത്തരവിലെ ഒരു പരാമർശത്തിന്മേലാണ് ആരോപണം ഉന്നയിക്കുന്നത്. സി എം ആർ എല്ലിൽ ആദായനികുതി നിയമത്തിലെ വകുപ്പ് 132 പ്രകാരം 25.01.2019 ന് ഒരു പരിശോധന നടന്നിരുന്നുവെന്നും ആ പരിശോധനയിൽ എക്സാലോജിക്കുമായി ഏർപ്പെട്ടിട്ടുള്ള ഒരു കരാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവർ ആദായനികുതി നിയമം 132 (4) പ്രകാരം ഒരു സത്യപ്രസ്താവന നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിനെ അറിയിച്ചതായി കാണുന്നു.
ഇവിടെ എടുത്തുപറയേണ്ട ചില കാര്യങ്ങളുണ്ട്:
(1) എക്സാലോജിക് കമ്പനി അതിന്റെ ബിസിനസ്സിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്വെയർ ഡവലപ്പ്മെന്റ് ബിസിനസ്സ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സി എം ആർ എൽ.
(2) സി എം ആർ എൽ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സിൽ ആദായനികുതി കിഴിച്ചും ജി എസ് ടി അടച്ചുമാണ് നൽകിയിട്ടുള്ളത്. എക്സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണിൽ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. മറിച്ച് പരിശോധനയിലോ അന്വേഷണത്തിലോ കണ്ടെത്തിയ വസ്തുതയല്ല ഇത്.
(3) വകുപ്പിലെ 132 (4) ലെ സത്യപ്രസ്താവനയിലെ തെളിവുമൂല്യം അപരിമിതമല്ല. നികുതിനിർണ്ണയം നടത്തുന്ന ഉദ്യോസ്ഥനുമുമ്പാകെയോ സെറ്റിൽമെന്റ് ബോർഡിനു മുമ്പാകയോ ഈ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടു മാത്രം ഒരു നിഗമനത്തിലെത്തിച്ചേരുന്നത് നിയമപരമായി ശരിയല്ല. ഒരു പരിശോധനയുടെ ഭാഗമായി മറ്റൊരു വ്യക്തിക്കെതിരെ ഒരു സത്യപ്രസ്താവനയിൽ പരാമർശമുണ്ടെങ്കിൽ ആ വ്യക്തിയുടെ ഭാഗം കേൾക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം സ്വാഭാവിക നീതി നടപ്പാക്കാൻ ബാധ്യസ്ഥരായ ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് അധികാരികളുടെ മേൽ നിക്ഷിപ്തമാണ്. അതിവിടെ നടന്നിട്ടില്ല. തെളിവു നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾ പ്രകാരം മറുഭാഗം കേൾക്കാതെ നടത്തുന്ന നിരീക്ഷണങ്ങൾക്ക് ഒരു ജുഡീഷ്യൽ മൂല്യം കൽപ്പിക്കാനാവില്ല.
(4) മേൽപ്പറഞ്ഞ സത്യപ്രസ്താവന പ്രസ്താവന നൽകിയവർ പിന്നീട് സ്വമേധയാ പിൻവലിച്ചിട്ടുണ്ടെന്ന വസ്തുത ഇന്ററിം സെറ്റിൽമെന്റിന്റെ ഉത്തരവിൽതന്നെ പറഞ്ഞിട്ടുള്ളതായി മനസ്സിലാക്കുന്നു. ഈ പിൻവലിക്കൽ നിലനിൽക്കില്ലായെന്ന ആദായനികുതി വകുപ്പിന്റെ വാദഗതി യാതൊരു വിശകലനവും കൂടാതെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ സ്വീകരിച്ചതായാണ് കാണപ്പെടുന്നത്.
(5) സത്യപ്രസ്താവന നൽകുന്ന വ്യക്തിക്ക് ആദായനികുതി പരിശോധനാ സമയത്ത് അതിന്റെ പകർപ്പ് ലഭ്യമാകുന്നില്ല. പരിശോധനയ്ക്കു മദ്ധ്യേ പലവിധ സമ്മർദ്ദങ്ങളാലും നൽകപ്പെടുന്ന പ്രസ്താവനകൾ പിന്നീട് പിൻവലിക്കപ്പെടുന്നുണ്ട്. പകർപ്പ് ലഭ്യമായപ്പോൾ അത് വായിച്ചുമനസ്സിലാക്കി പിൻവലിച്ച പ്രസ്താവനയെയാണ് ആത്യന്തിക സത്യമായി (ultimate truth) അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
ഇക്കാര്യങ്ങൾ നിലനിൽക്കെത്തന്നെ അഴിമതിനിരോധന നിയമത്തെപ്പറ്റി ആരോപണത്തിൽ പറയുകയാണ്. ഒരു സംരംഭക, അവർ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താൽ കരാറിൽ ഏർപ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറിൽ ഏർപ്പെട്ട കമ്പനികൾക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകൻ (public servant) എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയിൽ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം (whisper) പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിലോ ഇന്ററിം സെറ്റിൽമെന്റ് ഓർഡറിലോ ഉള്ളതായി പറയാൻ കഴിയുമോ?
സർക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കെ എസ് ഐ ഡി സിക്ക് സി എം ആർ എല്ലിൽ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെ എസ് ഐ ഡി സിക്ക് സി എം ആർ എല്ലിൽ മാത്രമല്ല നാൽപ്പതോളം കമ്പനികളിൽ ഓഹരിയുണ്ട്. സി എം ആർ എല്ലിൽ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത് 32 വർഷങ്ങൾക്കുമുമ്പ് 1991 ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സർക്കാർ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സി എം ആർ എല്ലിന്റെ നയപരമായ കാര്യങ്ങളിൽ കെ എസ് ഐ ഡി സിക്ക് യാതൊരു പങ്കുമില്ല എന്നതും ഇവിടെ കാണേണ്ടതുണ്ട്.
'മാസപ്പടി' എന്ന പേരിട്ടാണ് ചില മാധ്യമങ്ങൾ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്.
സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആർ എൽ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേൾക്കാതെയും, അവർക്ക് ആരോപണമുന്നയിക്കാൻ അടിസ്ഥാനമാക്കുന്ന പിൻവലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകർപ്പ് നൽകാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങളിപ്പോൾ ചിലരുടെ കാര്യത്തിൽ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്.
രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവർത്തനം കൂടിയാണ് ബഹു. അംഗം ഇന്ന് നിയമസഭയിൽ ഉന്നയിച്ച ആരോപണം.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാൽ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണ്.
ഒരു ക്വാസൈ ജുഡീഷ്യൽ സ്വഭാവമുള്ള ഉത്തരവ് പാസ്സാക്കിയിരിക്കുന്നത് മൂന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണ്. ആരോപണം ഉന്നയിച്ച നിയമസഭാ അംഗത്തിലെ പാർട്ടിയിലെ അഖിലേന്ത്യാ നേതൃനിരയിൽപ്പെട്ട രണ്ടു വ്യക്തികൾക്കെതിരെ
ആദായനികുതി വകുപ്പും അപ്പലേറ്റ് ട്രിബ്യൂണലും ഉത്തരവുകൾ പാസ്സാക്കിയിട്ടുണ്ട്. അവരുടെ ഭാഗം കേട്ടശേഷമാണ് ഇത് പാസ്സാക്കിയിട്ടുള്ളത്. അതിന്റെ സ്വഭാവം കുറേക്കൂടി ക്വാസൈ ജുഡീഷ്യലാണ്. ഇവിടെ മറുഭാഗം കേൾക്കാതെ, വിശകലനം നടത്താതെ, നടത്തിയ നിരീക്ഷണങ്ങൾക്ക് കല്പിക്കുന്ന ദിവ്യത്വം അവിടെക്കൂടി കൽപ്പിക്കാൻ നിങ്ങളുടെ രാഷ്ട്രീയം നിങ്ങളെ അനുവദിക്കുമോ?
കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളിൽപ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങൾ ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യൽ ഓർഡറിന്റെ പാവനത്വം നൽകി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങൾ പരിശ്രമിച്ചത്.
ദേശീയതലത്തിൽ അന്വേഷണ ഏജൻസികളെ ഭരണകക്ഷികളായ ബിജെപി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങൾ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായം ഉള്ളവരാണ്. പക്ഷെ വാളയാർ ചുരത്തിനിപ്പുറം ബിജെപിയും യു ഡി എഫും തമ്മിലുള്ള സഖ്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾകൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത കാണേണ്ടതുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം വീണ്ടും സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുബത്തിന്റെ ബാങ്ക് അക്കൗണ്ടിലോ ആണ് ഉള്ളതെന്നും കുഴൽനാടൻ പറഞ്ഞു. കുഴൽനാടന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ രംഗത്തുവന്നതോടെ സഭ ബഹളത്തിൽ മുങ്ങി.
ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് കമ്പനി ഇത്രയും വലിയ തുക കൈമാറിയതെന്നും ഒരു സേവനവും നൽകിയിട്ടില്ലെന്ന് കമ്പനി തന്നെ പറഞ്ഞിട്ടുണ്ടെന്നും കുഴൽ നാടൻ പറഞ്ഞു. ഈ അഴിമതിപ്പണം ഇപ്പോൾ ഒന്നുകിൽ മുഖ്യമന്ത്രിയുടെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലാണ് ഉള്ളതെന്ന് കുഴൽ നാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന അഴിമതിക്ക് കാവൽനിൽക്കുന്ന പാർട്ടിയായി സിപിഎം മാറി. മുഖ്യമന്ത്രിക്കെതിരെ തുറന്നുപറയാൻ സിപിഎമ്മുകാർക്ക് പേടിയാണ്. സാധാരണ കമ്യൂണിസ്റ്റുകാരുന് വേണ്ടി ആ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണെന്നും കുഴൽനാടൻ പറഞ്ഞു.
സഭയിൽ അംഗമില്ലാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യം ആവർത്തിക്കുകയാണ് മാത്യു കുഴൽാടൻ ചെയ്യുന്നതെന്ന് എംബി രാജേഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സിൽബന്തികളും അനുയായികളും കോടതിയിൽ പോയിട്ട് കോടതി വലിച്ചൂകീറി ചവറ്റുകൊട്ടയിലിട്ടതാണ്. ഒരു ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നിലനിർത്തിയതിലെ ധാർഷ്ട്യത്തിൽ ഈ സഭാതലത്തെ ദുരുപയോഗം ചെയ്യുകയാണ് പ്രതിപക്ഷം രാവിലെ മുതൽ ചെയ്യുന്നത്. ആ പരാമർശങ്ങളിൽ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണം. മാധ്യമങ്ങളുടെ തലക്കെട്ടിന് വേണ്ടിയാണ് വസ്തുതാവിരുദ്ധമായ കള്ളങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു കാര്യവും സഭാരേഖകളിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ