കെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്; ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്നു; പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല; ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും പിൻവലിക്കില്ല; സിൽവർ ലൈൻ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ തന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും കേരളം പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി നിലപാട് അറിയിച്ചത്. കെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ. റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സർക്കാർ പിൻവലിക്കില്ല. ആരുടെയും സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡി.പി.ആർ അപൂർണമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
സർവേകല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡി.പി.ആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. നിയമപരമായാണ് പ്രാഥമിക പ്രവർത്തനത്തിന് തുക ചെലവഴിച്ചതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 51 കോടി രൂപയാമെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. പദ്ധതിയുടെ കൺസൽട്ടൻസിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നൽകിയിരിക്കുന്നത്. റവന്യു വകുപ്പും കെറെയിലും വിവരാവകാശ അപേക്ഷകൾക്ക് നൽകിയ മറുപടികളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. എന്നുവരുമെന്ന് ആർക്കുമറിയാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഒക്ടോബർ അവസാനം വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്.
വിശദപദ്ധതി റിപ്പോർട്ട് തയാറാക്കിയ സിസ്ട്രയ്ക്ക് കൺസൽട്ടൻസി തുകയായി ഇതുവരെ നൽകിയത് 29 കോടി 29 ലക്ഷം രൂപ. ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനും ഓഫിസുകൾ തുറന്നതിനും വാഹനങ്ങളോടിച്ചതിനും ഉൾപ്പെടെ റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ലിഡാർ സർവേയ്ക്ക് രണ്ടുകോടി.
എത്രപേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് സർവേയ്ക്ക് 23 ലക്ഷം. ഹൈഡ്രോഗ്രാഫിക്ടോപോഗ്രാഫിക് സർവേയ്ക്ക് 14.6 ലക്ഷം. മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷന് 10 ലക്ഷവും ചെലവായി. തുടക്കത്തിൽ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചെലവായി. പാതിവഴിയിൽ നിലച്ച സാമൂഹിക ആഘാതപഠനത്തിന്റെ കണക്ക് വരാനിരിക്കുന്നതേയുള്ളു.
മറുനാടന് മലയാളി ബ്യൂറോ