- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത നിയമഭേദഗതി വിശദപരിശോധനക്ക് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലേക്ക് അയച്ചു; വിശദമായി ബിൽ അച്ചടിച്ചു സ്പീക്കർ ഒപ്പുവെക്കും; നിയമസഭ പാസാക്കിയ വിവാദ ബില്ലുകൾ ഗവർണർക്ക് അയയ്ക്കാൻ വൈകും; ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ? ഗവർണറുമായുള്ള വെടിനിർത്തൽ സാധ്യത തേടി സർക്കാർ
തിരുവനന്തപുരം: വിവാദ ബില്ലുകൾ പാസാക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് പിണറായി സർക്കാർ. ഗവർണറെ അതേ നാണയത്തിൽ നേരിടാനാണ് സിപിഎം നിർദേശമെങ്കിലും സർക്കാറിന് അതിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ അനുനയ മാർഗ്ഗമാണ് സർക്കാർ തേടുന്നത്. കേരളത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സന്ദർശനത്തിനായി എത്തുന്നുണ്ട്. ഈ അവസരം ഉപയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
അതിനിടെ വിവാദം സൃഷ്ടിച്ച ലോകായുക്ത നിയമ ഭേദഗതിയുടേത് ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് അയയ്ക്കാൻ ഏതാനും ദിവസം കൂടി വൈകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാസാക്കിയ ലോകായുക്ത നിയമഭേദഗതി, നിയമസഭയുടെ നിയമനിർമ്മാണ വിഭാഗം പരിശോധിച്ച ശേഷം സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്. ബില്ലിൽ അക്ഷരതെറ്റുണ്ടെങ്കിൽ അതു പോലും ഗവർണർ ആയുധമാക്കിയേക്കാം എന്ന അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെയാണ് വിശദമായ പരിശോധിച്ച ശേഷം അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിയമ വകുപ്പ് പരിശോധിച്ച് തിരികെ നിയമസഭയിലേക്ക് അയയ്ക്കും. തുടർന്നു ബിൽ അച്ചടിക്കണം. അക്ഷരത്തെറ്റുകളോ കുത്ത്, കോമ എന്നിവയിൽ മാറ്റമോ ഇല്ലെന്ന് ഉറപ്പാക്കിയാണ് അച്ചടിക്കുക. ഇങ്ങനെ അടിക്കുന്ന 7 കോപ്പികളിൽ സ്പീക്കർ ഒപ്പു വയ്ക്കും. ഇതിൽ നിന്ന് അഞ്ചെണ്ണം വീണ്ടും നിയമ വകുപ്പിലേക്ക് അയയ്ക്കും. സൈൻ മാനുവൽ എന്നാണ് ഇത് അറിയപ്പെടുക. ഇങ്ങനെ അയയ്ക്കുന്ന സൈൻ മാനുവൽ നിയമ വകുപ്പിൽ നിന്നു ഗവർണർക്ക് അയയ്ക്കും. സ്പീക്കറുടെ ഒപ്പിനു താഴെ ഗവർണർ ഒപ്പു വച്ചാൽ മാത്രമേ ബിൽ നിയമമാകൂ. ഒപ്പു വയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചാൽ ബിൽ പാസാക്കിയതു കൊണ്ടു പ്രയോജനമില്ലാതാകും.
ആകെ 11 ബില്ലുകളാണ് നിയമസഭ പാസാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാസാക്കിയ ബില്ലുകളിൽ ഒന്നു പോലും ഇതുവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയിട്ടില്ല. വൈസ് ചാൻസലർ നിയമത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാലാ നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭ പാസാക്കും . ഇതു കൂടി ചേർത്ത് എല്ലാ ബില്ലുകളും ഒന്നിച്ചു ഗവർണർക്ക് അയയ്ക്കാനും സാധ്യതയുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി തിങ്കളാഴ്ചയേ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. ചൊവ്വാഴ്ച ഒരു ദിവസം മാത്രമാണ് പ്രവൃത്തി ദിവസം. പിന്നീട് തുടർച്ചയായി ഓണം അവധിയാണ്. ഇതിനിടെ, ലോകായുക്ത നിയമ ഭേദഗതി, സർവകലാശാലാ നിയമ ഭേദഗതി എന്നിവയിൽ അദ്ദേഹം ഒപ്പു വയ്ക്കുമോ എന്നാണ് അറിയേണ്ടത്. ബിൽ ലഭിച്ചാൽ ഉടൻ തിരക്കു പിടിച്ച് അദ്ദേഹം ഒപ്പു വയ്ക്കാൻ സാധ്യതയില്ല. ബിൽ സംബന്ധിച്ചു സംശയങ്ങൾ ചോദിച്ച് തീരുമാനം നീട്ടാം. ആവശ്യമെന്നു തോന്നിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് അയയ്ക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വരും ദിവസങ്ങളിൽ കേരളം സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിനു ശേഷമേ ഗവർണർ മടങ്ങി എത്തുകയുള്ളൂ. ഇതിനിടെ ഗവർണറും സർക്കാരുമായി വെടി നിർത്തൽ ഉണ്ടാകാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ അദ്ദേഹത്തെ കണ്ട് ബില്ലിനെക്കുറിച്ച് വിശദീകരിക്കാനും ഒപ്പിടണമെന്ന് അഭ്യർത്ഥിക്കാനുമുള്ള സാധ്യതയും തള്ളാനാവില്ല.
മറുനാടന്‍ മലയാളി ബ്യൂറോ